Connect with us

Editorial

നഗ്നമായ അധികാര ദുര്‍വിനിയോഗം

Published

|

Last Updated

തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്ത് കള്ളപ്പണം തേടിയുള്ള റെയ്ഡുകള്‍ വ്യാപകമാണ്. മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. തമിഴ്‌നാട്ടില്‍ ഡി എം കെ നേതാവും എം കെ സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴിയുടെ വീട്ടിലുള്‍പ്പടെ ഡി എം കെയുമായി ബന്ധമുള്ള കേന്ദ്രങ്ങളിലും മധ്യപ്രദേശില്‍ മോദിയുടെയും, ബി ജെ പിയുടെയും കടുത്ത വിമര്‍ശകനായ മുഖ്യമന്ത്രി കമല്‍നാഥിന്റെയും മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കക്കറിന്റെയും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി പൊതുമരാമത്ത് മന്ത്രിയുമായ സത്യേന്ദ്ര ജയിന്റെയും വസതികളിലുമായിരുന്നു റെയ്ഡുകള്‍.

തമിഴ്‌നാട്ടില്‍ നിന്ന് 127 കോടി രൂപയും 135 കോടി രൂപ വിലവരുന്ന സ്വര്‍ണവും, കമല്‍നാഥിന്റെ വസതിയില്‍ നിന്നും ഓഫീസില്‍ നിന്നുമായി ഒമ്പത് കോടിയോളവും രൂപ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് അധികൃതര്‍ പറയുന്നു. അതേസമയം, കനിമൊഴിയുടെ വീട്ടില്‍ നിന്ന് അനധികൃതമായി ഒന്നും കണ്ടെടുക്കാനായില്ല. തമിഴ്‌നാട്ടില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ 48 മണിക്കൂര്‍ മാത്രം അവശേഷിക്കെയായിരുന്നു കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട് ഉദ്യോഗസ്ഥര്‍ അരിച്ചു പെറുക്കിയത്.

ഇപ്പോഴത്തെ റെയ്ഡുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. എല്ലാം പ്രതിപക്ഷ നേതാക്കളുടെ വീടുകളിലും കേന്ദ്രങ്ങളിലും മാത്രമാണ്. ഒരൊറ്റ ഭരണപക്ഷ കേന്ദ്രത്തിലും എന്‍ഫോഴ്‌സ്‌മെന്റോ ആദായനികുതി വകുപ്പോ കയറുന്നില്ല. ബി ജെ പി തമിഴ്‌നാട് അധ്യക്ഷന്‍ സൗന്ദര രാജന്റെ വീട്ടില്‍ കോടിക്കണക്കിന് രൂപ സൂക്ഷിപ്പുള്ളതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചെങ്കിലും ഉദ്യോഗസ്ഥ മേധാവികള്‍ അത് കേട്ടഭാവം നടിച്ചില്ല. മാത്രമല്ല, തിരഞ്ഞെടുപ്പ് വേദികളില്‍ പ്രതിപക്ഷ കേന്ദ്രങ്ങളിലെ റെയ്ഡുകള്‍ ഭരണപക്ഷം പ്രചാരണായുധമാക്കുകയും ചെയ്യുന്നു. “കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ നിന്ന് കെട്ടുകെട്ടായി നോട്ടുകള്‍ പുറത്തുവന്നത് കണ്ടില്ലേ? നോട്ട് കൊടുത്ത് വോട്ട് വാങ്ങുന്നത് ഇവരുടെ സ്ഥിരം പരിപാടി”യാണെന്ന് കമല്‍നാഥിന്റെ വസതിയിലെ റെയ്ഡിലേക്ക് വിരല്‍ ചൂണ്ടി മഹാരാഷ്ട്ര ലാത്തൂരിലെ റാലിയില്‍ പ്രധാനമന്ത്രി തന്നെ പ്രസംഗിക്കുകയുണ്ടായി. ഇത് റെയ്ഡിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാന്‍ ഇടയാക്കിയിരിക്കയാണ്.
കര്‍ണാടകയില്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഹെലികോപ്ടറില്‍ കൊണ്ടുവന്ന പെട്ടിയെ സംബന്ധിച്ചു പ്രതിപക്ഷം സംശയം ഉന്നയിക്കുകയും ഇതേക്കുറിച്ചു അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രി ഇറങ്ങിയപ്പോഴാണ് ഹെലികോപ്ടറില്‍ നിന്ന് സംശയിക്കപ്പെടുന്ന ഒരു പെട്ടി കൂടെ ഇറക്കിയത്.

സെക്യൂരിറ്റി പ്രോട്ടോകോളിനെ മറികടന്ന് പ്രസ്തുത പെട്ടി സുരക്ഷാ പരിശോധനകള്‍ക്കു വിധേയമാക്കാതെ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടാത്ത ഒരു ഇന്നോവ കാറില്‍ കയറ്റി അതിവേഗത്തില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തിക്കൊണ്ടു പോകുകയും ചെയ്തു. കള്ളപ്പണമാണ് പെട്ടിയിലെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ തിര.കമ്മീഷന്‍ നിര്‍ദേശം നല്‍കിയില്ല. മാത്രമല്ല, ചൊവ്വാഴ്ച ഒഡീഷയിലെ സംബല്‍പൂരിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍, ജില്ലാ കലക്ടറുടെയും ഡിഐ ജിയുടെയും നിര്‍ദേശ പ്രകാരം പരിശോധനക്ക് വിധേയമാക്കിയ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ മുഹമ്മദ് മുഹ്‌സിനെ കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.

കണക്കില്‍ കാണിക്കാതെയും നികുതി കൊടുക്കാതെയും പൂഴ്ത്തിവെക്കുന്ന കള്ളപ്പണം രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ഭീഷണിയാണ്. തിരഞ്ഞെടുപ്പുകളില്‍ വോട്ട് വിലക്ക് വാങ്ങാന്‍ കളളപ്പണം വ്യാപകമായി ഉപയോഗപ്പെടുത്താറുള്ളതിനാല്‍ നീതിപൂര്‍വകമായ തിരഞ്ഞെടുപ്പിനും ഇത് ഭീഷണിയാണ്. ഇത്തരം അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്തേണ്ടതും കള്ളപ്പണക്കാരെ വെളിച്ചത്തു കൊണ്ടുവരേണ്ടതും ആവശ്യം തന്നെ. എന്നാല്‍ ഇത് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ അടിക്കാനുള്ള വടിയായി ഉപയോഗപ്പെടുത്തരുത്. തിരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ധന്യതയിലെത്തി നില്‍ക്കെ അരങ്ങേറുന്ന രാജ്യവ്യാപക ആദായനികുതി റെയ്ഡില്‍ തിര. കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. ആദായ നികുതി ബോര്‍ഡ് ചെയര്‍മാന്‍ പി സി മോദിയെയും റവന്യൂ സെക്രട്ടറി എ ബി പാണ്ഡയെയും വിളിച്ചു വരുത്തി വിശദീകരണം തേടുകയുമുണ്ടായി.

തിരഞ്ഞെടുപ്പ് കാലത്തെ റെയ്ഡുകള്‍ നിഷ്പക്ഷവും സുതാര്യവും വിവേചനരഹിതവും ആയിരിക്കണമെന്നും കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രത്യേകം ഓര്‍മപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വലിയ തോതില്‍ ഹവാല നടത്തിയതായി തെളിവ് ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കള്ളപ്പണം പ്രതിപക്ഷ കേന്ദ്രങ്ങളില്‍ മാത്രമാണോ എത്തിയത്, ഭരണപക്ഷ നേതാക്കളെല്ലാം ഇക്കാര്യത്തില്‍ ശുദ്ധന്മാരാണോ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് മറുപടിയില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരുപതിനായിരം രൂപക്ക് മുകളിലുള്ള സംഭാവനകളുടെ 93 ശതമാനവും ലഭിച്ചത് ബി ജെ പിക്കായിരുന്നു. 437 കോടി രൂപ. കോണ്‍ഗ്രസ് ഉള്‍പ്പടെ മറ്റ് ആറ് ദേശീയ പാര്‍ട്ടികള്‍ക്കും കൂടി വെറും 32 കോടിയും. വെളിപ്പെടുത്താത്ത പണത്തിന്റെ കണക്ക് ഇതിന്റെ അനേക മടങ്ങ് വരും. എന്നിട്ടും തിരഞ്ഞെടുപ്പ് കാലത്തെ കള്ളപ്പണവേട്ട പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യം വെച്ചാകുമ്പോള്‍ അതിന്റെ പിന്നിലെ ഉദ്ദേശ്യം ഊഹിക്കാകുന്നതേയുള്ളൂ. നഗ്നമായ അധികാര ദുര്‍വിനിയോഗമാണിത്.

Latest