Connect with us

Kerala

ഒളിക്യാമറ വിവാദം: രാഘവനെതിരെ കേസെടുക്കാന്‍ ഐ ജിയുടെ റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: വിവാദ ഒളിക്യാമറ ഓപറേഷനില്‍ ഉള്‍പ്പെട്ട കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ കേസെടുക്കണമെന്ന് അന്വേഷണ ചുമതലയുള്ള കണ്ണൂര്‍ റേഞ്ച് ഐ ജി. ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി. സംസ്ഥാന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഇ മെയിലിലൂടെയാണ് നിയമോപദേശം തേടിയത്. നിയമോപദേശം പരിഗണിച്ച ശേഷം ഇന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഒളിക്യാമറ ഓപറേഷന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്താ ചാനലില്‍ നിന്ന് പിടിച്ചെടുത്ത മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് റേഞ്ച് ഐ ജി റിപ്പോര്‍ട്ട് നല്‍കിയത്. വീഡിയോയുടെ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തണമെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐ ജിയുടെ റിപ്പോര്‍ട്ട്.

ഡല്‍ഹിയിലെ ചാനല്‍ ആസ്ഥാനത്ത് നിന്ന് ടേപ്പിന്റെ എഡിറ്റ് ചെയ്യാത്ത രണ്ട് ഒറിജിനല്‍ കോപ്പികള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്്. ഒന്ന് ഫോറന്‍സിക് പരിശോധനക്കായി സീല്‍ വെച്ച കവറിലാണ്. ചാനല്‍ മേധാവിയുടെ വിശദമായ മൊഴിയും ടേപ്പ് ഒറിജിനലാണെന്ന് സാക്ഷ്യപ്പെടുത്തിയ കത്തും ലഭിച്ചിട്ടുണ്ട്. ഇതേ ദൃശ്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് കലക്ടര്‍ക്കും നല്‍കിയതിനൊപ്പം കത്തിന്റെ പകര്‍പ്പും പോലീസ് ശേഖരിച്ചു. എഡിറ്റ് ചെയ്യാത്ത ഒറിജിനല്‍ ടേപ്പും ചാനലുകളില്‍ വന്നതും ഐ ജിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. രാഘവന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങളും പോലീസ് വിശകലനം ചെയ്തു. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്.

സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടവരില്‍ നിന്ന് കോഴ ആവശ്യപ്പെടുന്നതാണ് പുറത്തുവിട്ട ദൃശ്യം. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സി പി എം നല്‍കിയ പരാതി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തുടര്‍ നടപടികള്‍ക്കായി പോലീസിന് കൈമാറുകയായിരുന്നു. അതേസമയം, സംഭവത്തില്‍ സി പി എം ജല്ലാ ഘടകത്തിന്റെ ഗൂഢാലോചനയുണ്ടെന്ന എം കെ രാഘവന്റെ പരാതി പോലീസ് തള്ളി. ഇക്കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

 

Latest