Connect with us

National

എന്‍ ഡി തിവാരിയുടെ മകന്റെ മരണം കൊലപാതകമെന്ന് പോലീസ്; ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: യു പി മുന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി (40) യുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണം സ്വാഭാവികമല്ലെന്നും തലയിണ കൊണ്ടോ മറ്റോ ശ്വാസം മുട്ടിച്ച് കൊന്നതാകാനാണ് സാധ്യതയെന്നും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. രോഹിതിന്റെ ശരീരത്തില്‍ നിരവധി പരുക്കുകള്‍ ഉണ്ടായിരുന്നുവെന്ന് ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. ബുധനാഴ്ചയാണ് രോഹിത് തിവാരി മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

മരണത്തില്‍ ദുരൂഹതയുയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ച് കൊലപാതകത്തിനു കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. രോഹിതിന്റെ വീട് സന്ദര്‍ശിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ഫോറന്‍സിക് സംഘവും വീട് സന്ദര്‍ശിച്ചു. രോഹിതിന്റെ ഭാര്യ അപൂര്‍വ നിലവില്‍ ഡല്‍ഹിയിലില്ല.

ദക്ഷിണ ഡല്‍ഹിയിലെ ധനാഢ്യര്‍ താമസിക്കുന്ന ഡിഫന്‍സ് കോളനിയിലുള്ള വീട്ടില്‍ ഏഴ് സി സി ടി വി കാമറകള്‍ ഉണ്ടെന്നും എന്നാല്‍ അതെല്ലാം പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. വോട്ട് രേഖപ്പെടുത്താന്‍ ഏപ്രില്‍ 12ന് ഉത്തരാഖണ്ഡിലേക്കു പോയ രോഹിത് ഏപ്രില്‍ 15ന് രാത്രിയാണ് തിരിച്ചെത്തിയതെന്നും അവര്‍ വ്യക്തമാക്കി.

ചികിത്സാര്‍ഥം മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മാതാവ് ഉജ്ജ്വലക്ക് അടുത്ത ദിവസം വീട്ടില്‍ നിന്നൊരു ഫോണ്‍ കോള്‍ ലഭിക്കുകയും രോഹിതിന് സുഖമില്ലെന്നും മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതായും അറിയിക്കുകയുമാ
യിരുന്നു. തുടര്‍ന്ന് ആംബുലന്‍സുമായി വീട്ടിലെത്തിയ ഉജ്ജ്വല മകനെ ആശുപത്രിയിലെത്തിച്ചുവെന്നാണ് പറയുന്നത്. ഫോണ്‍ കോള്‍ വന്ന സമയത്ത് രോഹിതിന്റെ ഭാര്യ അപൂര്‍വ, ബന്ധു സിദ്ധാര്‍ഥ്, വേലക്കാര്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.

താന്‍ എന്‍ ഡി തിവാരിയുടെ മകനാണെന്ന് തെളിയിക്കാന്‍ രോഹിത് കോടതിയില്‍ ആറു വര്‍ഷം നീണ്ട പോരാട്ടം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് രോഹിതിനെ മകനായി അംഗീകരിക്കാന്‍ തിവാരി തയാറായത്.

Latest