Connect with us

Kerala

കുട്ടികള്‍ക്ക് എതിരായ അതിക്രമം തടയുന്ന നിയമം ഭേദഗതി ചെയ്യാന്‍ സമ്മര്‍ദം ചെലുത്തും: ആരോഗ്യ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള കേന്ദ്രനിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചെലുത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെടുന്നവരുടെ സ്വത്തു കണ്ടു കെട്ടുന്നതടക്കമുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നതാണെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്‍ മരണമടഞ്ഞ സംഭവം വളരെയധികം വേദനിപ്പിക്കുന്നു. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് 7 വയസുകാരന്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് മറ്റൊരു സംഭവം കൂടി നടക്കുന്നത്. രണ്ടിലും കുട്ടിയുടെ മരണത്തിന് ഉത്തരവാദികള്‍ വേണ്ടപ്പെട്ടവര്‍ തന്നെയാണ്. കുട്ടികള്‍ക്ക് നേരെ നടക്കുന്ന ക്രൂരതയ്ക്ക് നേരെ സമൂഹം ഉണരേണ്ട സമയമാണിതെന്ന് മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രങ്ങള്‍ക്കെതിരെ നമുക്ക് ഒത്തൊരുമിച്ചേ മതിയാകൂ. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് പലപ്പോഴും ക്രൂര മര്‍ദനമുണ്ടാകുന്നത്. തണല്‍ പദ്ധതിയിലെ 1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണ്. ഈ പദ്ധതി ആവിഷ്‌ക്കരിച്ച് രണ്ട് വര്‍ഷത്തിനകം തന്നെ ഇതുവരെ 24,000 ലധികം കോളുകളാണ് വന്നിട്ടുള്ളത്. അതില്‍ 40 ശതമാനത്തോളം അന്വേഷണങ്ങളായിരുന്നു. എല്ലാത്തരം പ്രശ്നങ്ങള്‍ക്കും മികച്ച ഇടപെടലുകളാണ് തണല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ നിരവധി കുട്ടികള്‍ക്കാണ് ആശ്വാസമായത്. അതിനാല്‍ ഇനിയൊരു കുട്ടിയ്ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാതിരിക്കാന്‍ നമുക്ക് ഒന്നിച്ചേ മതിയാകൂവെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Latest