Connect with us

Ongoing News

നിരോധനം പ്രഹസനം; ടിക്‌ടോക് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം 12 ഇരട്ടി വര്‍ധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഷോര്‍ട്ട് ഫിലിം ആപ്പായ ടിക്‌ടോകിന് ഏര്‍പ്പെടുത്തിയ നിരോധനം പ്രഹസനമാകുന്നു. നിരോധനത്തിന് പിന്നാലെ ഗൂഗിളും ആപ്പിളും തങ്ങകുടെ ആപ് സ്‌റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് നീക്കിയെങ്കിലും സമാന്തര ആപ് സ്‌റ്റോറുകളില്‍ ടിക്‌ടോക് ഇപ്പോഴും ലഭ്യം. നിരോധനത്തിന് ശേഷം എപികെമിറര്‍ എന്ന ആപ് സ്‌റ്റോറില്‍ നിന്ന് ടിക് ടോക് ആപ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം 12 ഇരട്ടി വര്‍ധിച്ചുവെന്ന് സ്‌റ്റോര്‍ സ്ഥാപകന്‍ ആര്‍ടേം റുസകോവിസ്‌കി പറഞ്ഞു.

ഏപ്രില്‍ 15നാണ് ഇന്ത്യയില്‍ ടിക്‌ടോക് നിരോധിച്ചത്. ടിക്‌ടോകിന് നിരോധനമേര്‍പ്പെടുത്തിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചതോടെയാണ് നിരോധനം നിലവില്‍ വന്നത്. ഇതിന് പിന്നാലെ ഇന്ത്യ നിര്‍ദേശിച്ചതനുസരിച്ച് ഗൂഗിളും ആപ്പിളും ആപ് സ്റ്റോറില്‍ നിന്ന് ടിക്‌ടോക് നീക്കം ചെയ്തു. എന്നാല്‍ ഇതിന് ശേഷം സമാന്തര വെബ്‌സൈറ്റുകളില്‍ നിന്ന് ആപ് വന്‍തോതിലാണ് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത്. ഏപ്രില്‍ 16ന് എപികെ മിററില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം അഞ്ചിരട്ടിയായി. 17ന് ഇത് 12 ഇരട്ടിയായി വര്‍ധിച്ചുവെന്ന് റുസകോവിസ്‌കി ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം ടിക്‌ടോക് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം എന്ന സെര്‍ച്ച് ഗൂഗിളിലും ട്രെന്‍ഡിംഗ് ആയിക്കഴിഞ്ഞു.

ഒഫീഷ്യല്‍ സ്‌റ്റോറുകള്‍ക്ക് ഒപ്പം സമാന്തര സ്‌റ്റോറുകളില്‍ നിന്നും ടിക്‌ടോക്ക് നീക്കം ചെയ്‌തെങ്കിലേ നിരോധനം നടപ്പിലാകൂവെന്നാണ് ടെക് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Latest