Connect with us

Kollam

വോട്ട് കച്ചവടത്തെ എതിർത്ത് യുവമോർച്ചാ നേതാവ്; കൊല്ലത്ത് ബി ജെ പിയിൽ കലാപം

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറിക്കുന്നതിനെ ചൊല്ലി കൊല്ലത്ത് ബി ജെ പിയിൽ കലാപം. വോട്ട് മറിക്കാൻ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി യുവമോർച്ച മുൻ സംസ്ഥാന വൈസ്പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗമാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. യുവമോർച്ച മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. ആർ എസ് പ്രശാന്താണ് കൊല്ലത്ത് യു ഡി എഫ്- ബി ജെ പി ധാരണയുണ്ടെന്ന എൽ ഡി എഫ് ആരോപണം ശരിവെക്കുന്ന രീതിയിൽ വോട്ട് കച്ചവടത്തിനെതിരെ രംഗത്ത് വന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ മുന്നണിക്ക് കൂടുതൽ വോട്ട് ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും പ്രവർത്തനം നടക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. നേതൃത്വത്തിനോട് അതൃപ്തിയുള്ള പ്രവർത്തകർ ചേർന്ന് “മേക്ക് എ വിഷൻ” എന്ന സന്നദ്ധ സംഘടന രൂപവത്കരിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സംഘടനയുടെ പേരിൽ കമ്മിറ്റികളുണ്ടാക്കാനാണ് തീരുമാനം. തത്കാലം പാർട്ടി വിടില്ലെന്നും തിരഞ്ഞടുപ്പ് ഫലം വന്നശേഷം തീരുമാനിക്കുമെന്നും ഇവർ വ്യക്തമാക്കി. ബി ജെ പി വോട്ട് ബി ജെ പിക്ക് തന്നെ കിട്ടണം എന്ന് ആഗ്രഹിക്കുന്ന തന്നെപ്പോലെ നുറുകണക്കിന് പ്രവർത്തകരിൽ നിരാശയുണ്ടാക്കുന്ന സമീപനമാണ് പാർട്ടി നേതൃത്വത്തിൽ നിന്ന് ഉണ്ടാകുന്നതെന്ന് ആർ എസ് പ്രശാന്ത് അഭിപ്രായപ്പെട്ടു. മറ്റൊരു സ്ഥാനാർഥിയെ ജയിപ്പിക്കേണ്ട ബാധ്യത ബി ജെ പി ഏറ്റെടുക്കരുതെന്നും നേതാക്കൾക്കുള്ള താത്പര്യം പ്രവർത്തകരിൽ അടിച്ചേൽപ്പിച്ചാൽ അംഗീകരിക്കില്ലെന്നും യുവമോർച്ച മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ പ്രശാന്ത് പറയുന്നു. തന്നെപ്പോലുള്ള പ്രവർത്തകർക്ക് ഉൾക്കൊള്ളാനാകുന്നതിനപ്പുറമാണ് ഇപ്പോൾ നടക്കുന്നത്. അരി ആഹാരം കഴിക്കുന്ന എല്ലാവരിലും സംശയം ജനിപ്പിക്കുന്നതാണ് ചില നേതാക്കളുടെ സമീപനമെന്നും കൊല്ലത്ത് സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ തന്നെ ഇത് പ്രകടമായിരുന്നുവെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. അണികളിൽ ഉണ്ടായ സംശയം മാറ്റാൻ ഇതുവരെ നേത്യത്വം ഇടപെട്ടിട്ടില്ല. ആർ എസ് എസ് നേത്യത്വം കൂടി കൈയൊഴിഞ്ഞാൽ ആത്മാർഥതയുള്ള ബി ജെ പി പ്രവർത്തകർ വഞ്ചിക്കപ്പെടും. കൊല്ലത്ത് എൻ ഡി എ സ്ഥാനാർഥിയുടെ പ്രചാരണപ്രവർത്തനം പേരിന് മാത്രമാണെന്നും ചൂണ്ടിക്കാട്ടുന്നു.

സ്ഥാനാർഥി നിർണയത്തിൽ ബാഹ്യ ഇടപെടലുണ്ടായി എന്നാരോപിച്ച് യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം സനിൽ വാസവൻ, ബി ജെ പി ലീഗൽ സെൽ മുൻ ജില്ലാ കൺവീനർ അഡ്വ കല്ലുർ കൈലാസ്‌നാഥ് എന്നിവരും നേരത്തെ മുതൽ എതിർപ്പുമായി രംഗത്തുണ്ട്. കൊല്ലത്തെ എൻ ഡി എ സ്ഥാനാർഥിയായ കെ വി സാബുവിനെതിരെ “ആരാണ് കെ വി സാബു” എന്ന ചോദ്യവുമായി ഫേസ്ബുക്കിൽ സനൽ ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

സ്ഥാനാർഥി നിർണയ ഘട്ടത്തിൽ സുരേഷ്‌ഗോപി, അൽഫോൺസ് കണ്ണന്താനം, ടോംവടക്കൻ, എൻ ജി ഒ സംഘ് മുൻ സംസ്ഥാന പ്രസിഡന്റ് ശ്യാംകുമാർ എന്നിവരുടെ പേരുകൾ കൊല്ലത്ത് പരിഗണിച്ചിരുന്നു. നേത്യത്വം നിർദേശിച്ചാൽ മത്സരിക്കാനുള്ള സന്നദ്ധത സുരേഷ്‌ഗോപി അറിയിച്ചിരുന്നെങ്കിലും നേതൃത്വം ഇത് ഒഴിവാക്കി മണ്ഡലത്തിൽ പരിചിതനല്ലാത്ത സ്ഥാനാർഥിയെ നിശ്ചയിച്ചത് യു ഡി എഫ് സ്ഥാനാർഥിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയാണെന്ന ആക്ഷേപം ശക്തമായി.

അതേസമയം, വോട്ടുകച്ചവടത്തെച്ചൊല്ലിയുള്ള പ്രതിഷേധം ശക്തമായതോടെ ഇന്നലെ കൊല്ലത്ത് ബി ജെ പി അടിയന്തര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വിളിച്ചു. അതൃപ്തിയുള്ളവർക്ക് പാർട്ടിക്കുള്ളിൽ തന്നെ പരാതി ഉന്നയിക്കാമെന്നും പരസ്യപ്രസ്താവന സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ് പറഞ്ഞു.

യു ഡി എഫ് സ്ഥാനാർഥിയായ എൻ കെ പ്രേമചന്ദ്രന് വേണ്ടിയാണ് കൊല്ലത്ത് ബി ജെ പി ദുർബലനായ സ്ഥാനാർഥിയെ ഇറക്കിയതെന്ന് പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ എൽ ഡി എഫ് ആരോപിച്ചിരുന്നെങ്കിലും വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ ആരോപണം ശരിവെക്കുന്ന രീതിയിൽ ബി ജെ പിക്കുള്ളിൽ തന്നെ വോട്ട് മറിക്കുന്നതിനെച്ചൊല്ലി പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

Latest