Connect with us

Kozhikode

ദേശീയ മുസ്‌ലിം പണ്ഡിത സമ്മേളനമായി മർകസ് ഖത്‌മുൽ ബുഖാരി

Published

|

Last Updated

മർകസിൽ സംഘടിപ്പിച്ച ഖത്‌മുൽ ബുഖാരി സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തുന്നു

കാരന്തൂർ: ദേശീയ രംഗത്തെ പ്രധാനപ്പെട്ട ഇസ്‌ലാമിക പണ്ഡിതർ നേതൃത്വം നൽകിയ മർകസ് ഖത്‌മുൽ ബുഖാരിക്ക് ഉജ്ജ്വല പരിസമാപ്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 8000 സഖാഫികൾ പങ്കെടുത്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി.

ലോകപ്രശസ്ത ഇസ്‌ലാമിക പ്രഭാഷകനായ സയ്യിദ് മുഹമ്മദ് നൂറാനി മിയ അശ്‌റഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് ഏറ്റവും വലിയ അക്കാദമിക സംഭാവന നൽകുന്ന സ്ഥാപനമാണ് വിവിധ സംസ്ഥാനങ്ങളിൽ പരന്നുകിടക്കുന്ന മർകസ് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മുസ്‌ലിംകളുടെ വൈജ്ഞാനികവും സാമൂഹികവുമായ ഇടപെടലുകൾ നടത്തുന്നതിൽ ലോകത്തേറ്റവും ശ്രദ്ധേയനായ പണ്ഡിതൻ എന്ന നിലയിലാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചതെന്നും നൂറാനി മിയ പറഞ്ഞു.

ബറേൽവി ശരീഫിലെ പ്രമുഖ എഴുത്തുകാരനും പണ്ഡിതനുമായ സയ്യിദ് ശിഹാബുദ്ദീൻ റസ്‌വി ഗ്രാൻഡ് മുഫ്തിയെ അനുമോദിച്ചു പ്രഭാഷണം നടത്തി. മൂന്ന് പതിറ്റാണ്ടിനിടയിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ അതുല്യമായ വൈജ്ഞാനിക പ്രവർത്തനങ്ങളും ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിൽ ആഴത്തിലുള്ള അറിവും അനുപമമായ നേതൃശേഷിയും ഗ്രാൻഡ് മുഫ്തി പദവിയിലേക്ക് നിയമനം നടത്താൻ കാരണമായതായി അദ്ദേഹം പറഞ്ഞു. അജ്മീർ ശരീഫ് വൈസ് ചെയർമാൻ സയ്യിദ് ബാബർ മിയ അശ്‌റഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഗുലാം ഹുസൈൻ ഷാ ജീലാനി രാജസ്ഥാൻ ഹദീസുകളുടെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, കോടമ്പുഴ ബാവ മുസ്‌ലിയാർ, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ഹബീബ് കോയ തങ്ങൾ ചരക്കാപറമ്പ്, പൊൻമള മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജീലാനി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, ഷാഹുൽ ഹമീദ് ബാഖവി ശാന്തപുരം, ശൗക്കത്ത് നഈമി കശ്മീർ സംബന്ധിച്ചു.
ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സ്വാഗതവും സി പി ഉബൈദുല്ല സഖാഫി നന്ദിയും പറഞ്ഞു.

Latest