Connect with us

National

നിയന്ത്രണ രേഖ വഴി പാക്കധീന കശ്മീരുമായുള്ള വ്യാപാരം ഇന്ത്യ നിരോധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: നിയന്ത്രണ രേഖ വഴി പാക്കധീന കശ്മീരുമായുള്ള വ്യാപാരം ഇന്ത്യ നിരോധിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് പാക്കിസ്ഥാനില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും മയക്കുമരുന്നും കള്ളനോട്ടും ഇറങ്ങുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പാക്കധീന കശ്മീറുമായുള്ള വ്യാപാരത്തിന്റെ മറപറ്റി ഇത്തരം കള്ളക്കടത്തുകള്‍ നടക്കുമെന്നാണ് നിഗമനം.

നിത്യോപയോഗ സാധനങ്ങളാണ് നിയന്ത്രണ രേഖയില്‍ നടക്കുന്ന ചന്തകളില്‍ വില്‍ക്കാറുള്ളത്. ബാരാമുല്ല ജില്ലയിലെ സലാംബാദിലും പൂഞ്ചിലെ ചക്കന്‍ ദാ ബാഗിലുമാണ് ഈ വ്യാപാര കേന്ദ്രങ്ങളുള്ളത്. ആഴ്ചയില്‍ നാല് ദിവസം നടക്കുന്ന ഈ ചന്തയില്‍ വ്യാപാരം ഡ്യൂട്ടി ഫ്രീയാണ്. കൈമാറ്റ വ്യവസ്ഥയിലാണ് ഇവിടെ വിനിമയം നടക്കാറുള്ളത്.

എന്നാല്‍ ഈയിടെയായി ഇവിടെ വ്യാപാരത്തിന്റെ സ്വഭാവം മാറിയിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇടനിലക്കാരുടെ സാന്നിധ്യം കൂടിയിട്ടുണ്ട്. മറ്റ് മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എത്തുന്നുമുണ്ട്. പരമ്പരാഗതമായ ഈ സൗകര്യം പാക്കിസ്ഥാനടക്കമുള്ള വിദേശ രാജ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും മന്ത്രാലയം വിലയിരുത്തുന്നു.

അതേസമയം, തീവ്രദേശീയ വികാരം ഉണര്‍ത്തുന്നതിനുള്ള മറ്റൊരു രാഷ്ട്രീയ തന്ത്രമാണ് വ്യാപാര നിയന്ത്രണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.