Connect with us

International

വകുപ്പ് മാറ്റിയതില്‍ പ്രതിഷേധിച്ച് പാക് ധനകാര്യ മന്ത്രി രാജിവെച്ചു

Published

|

Last Updated

ഇസ്ലാമാബാദ്: പാക് ധനകാര്യ മന്ത്രി അസദ് ഉമര്‍ രാജിവെച്ചു. ക്യബിനറ്റ് പുനഃസംഘടനയില്‍ ധനകാര്യ വകുപ്പിന് പകരം ഊര്‍ജ വകുപ്പ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. സാമ്പത്തിക പ്രതിസന്ധിയില്‍ അകപെട്ട പാക്കിസ്ഥാന് അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് ദശകോടികളുടെ സഹായം ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിയുടെ രാജിപ്രഖ്യാപനം.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീരുമാനം അദ്ദേഹത്തെ അറിയിച്ചതിന് പിന്നാലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. തന്റെ വകുപ്പ് മാറ്റിയതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോ എന്നത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ഊര്‍ജ മന്ത്രിയായി കാണാനാണ് പ്രധാനമന്ത്രി ആഗ്രഹിച്ചത്. അത് നല്ല ഒരു ആശയമാണെന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ട് നിരസിച്ചു – ഉമര്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ ശ്രമങ്ങള്‍ നടത്തുന്നില്ലെന്ന് ഉമറിനും ഇമ്രാന്‍ ഖാനും എതിരെ വിമര്‍ശനംഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് എട്ട് ബില്യന്‍ യുഎസ് ഡോളറിന്റെ സഹായമാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നത്. ചൈന, സഊദി, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്ന് 9.1 ബില്യന്‍ യുഎസ് ഡോളറിന്റെ സഹായം പാക്കിസ്ഥാന് ലഭിച്ചിരുന്നു.

Latest