Connect with us

Ongoing News

പട്ടികയിൽ പേരില്ലാതെ വോട്ട് ചെയ്യാമെന്ന് വ്യാജപ്രചാരണം; വഞ്ചിതരാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

|

Last Updated

തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേരില്ലെങ്കിലും വോട്ട് ചെയ്യാമെന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടികയിൽ പേരുള്ള വ്യക്തിക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താൻ അവകാശമുള്ളൂ. അതല്ലാതെ, പട്ടികയിൽ പേരില്ലാത്തവർ ആധാർ കാർഡോ വോട്ടർ കാർഡോ ഹാജരാക്കിയാൽ ചലഞ്ച് വോട്ട് ചെയ്യാമെന്ന രീതിയിലുള്ള സന്ദേശങ്ങൾ വ്യാജമാണ്.

പോളിംഗ് ബൂത്തിൽ വെച്ച് പോളിംഗ് ഏജന്റിന് ഒരു വോട്ടറുടെ ആധികാരികതയിൽ സംശയമുണ്ടെങ്കിൽ ചോദ്യം ചെയ്യാൻ രണ്ട് രൂപ കെട്ടിവെച്ച് ചലഞ്ച് ചെയ്യാൻ അവസരമുണ്ട്. ഈ സാഹചര്യത്തിൽ ചലഞ്ച് പോളിംഗ് ഏജന്റിന് സ്ഥാപിക്കാനാവാതെ വന്നാൽ ആ വോട്ടറെ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുന്നതിനെയാണ് ചലഞ്ച് വോട്ട് എന്നു പറയുന്നത്. അതേസമയം, ചലഞ്ച് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാൽ വോട്ട് ചെയ്യാൻ എത്തിയ വ്യക്തിയെ വോട്ടിംഗിൽ നിന്ന് വിലക്കാനും പോലീസിന് കൈമാറാനും പ്രിസൈഡിംഗ് ഓഫീസർക്ക് അധികാരമുണ്ട്.

ഒരു വോട്ടർ വോട്ട് രേഖപ്പെടുത്താൻ വരുമ്പോൾ തന്റെ വോട്ട് നേരത്തെ ആരെങ്കിലും ചെയ്തായി കണ്ടാൽ അയാൾക്ക് ടെൻഡർ വോട്ട് ചെയ്യാൻ അവകാശമുണ്ട്.

വോട്ട്ചെയ്യാനെത്തിയ വ്യക്തി പ്രിസൈഡിംഗ് ഓഫീസറുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയും ആധികാരികത തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയും ചെയ്താലാണ് ടെൻഡർ വോട്ടിന് അനുമതി നൽകുക. 14 ശതമാനത്തിലധികം ടെൻഡർ വോട്ടുകൾ ഒരു ബൂത്തിൽ രേഖപ്പെടുത്തപ്പെട്ടാൽ അവിടെ റീപോളിംഗ് നടത്തുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളും തെറ്റാണ്. വോട്ടിംഗ് സംബന്ധിച്ച് നിയമങ്ങൾ പൊതുജനങ്ങൾ കൃത്യമായി മനസ്സിലാക്കണമെന്നും വ്യാജപ്രചാരണങ്ങളിലും അഭ്യൂഹങ്ങളിലും വഞ്ചിതരാകരുതെന്നും സി ഇ ഒ ഓഫീസ് അറിയിച്ചു.

Latest