Connect with us

Ongoing News

രാവണനില്ല, മോദിക്കെതിരെ മത്സരിക്കാൻ

Published

|

Last Updated

ചന്ദ്രശേഖർ ആസാദ്

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പിൻമാറി. താൻ മത്സരിച്ചാൽ ദളിത് വോട്ടുകൾ വിഭജിച്ച് പോകുമെന്നും അത് മോദിക്ക് അനുകൂലമായി മാറുമെന്നും വിലയിരുത്തിയാണ് പിന്മാറ്റമെന്ന് ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി. ബി ജെ പിയെ പരാജയപ്പെടുത്താൻ എസ് പി- ബി എസ് പി സഖ്യത്തിനാണ് പാർട്ടിയുടെ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാരാണസിയിൽ ബി ജെ പി സ്ഥാനാർഥിയെങ്കിലും എസ് പി- ബി എസ് പി സഖ്യം ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
രാവൺ എന്ന പേരിൽ അറിയപ്പെടുന്ന ചന്ദ്രശേഖർ ആസാദിന് നേരെ ഏതാനും ദിവസം മുമ്പ് ബി എസ് പി മേധാവി മായാവതി രൂക്ഷമായ വിമർശം ഉന്നയിച്ചിരുന്നു. രാവൺ ബി ജെ പിയുടെ ചാരനാണെന്നായിരുന്നു മായാവതിയുടെ ആരോപണം. ഈ ആരോപണം നിലനിൽക്കെയാണ് വാരാണസിയിൽ മത്സരിക്കുന്നതിൽ നിന്ന് ചന്ദ്രശേഖർ ആസാദ് പിന്മാറിയിരിക്കുന്നത്.

ബി എസ് പി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ ബ്രാഹ്മണ മുഖവുമായ സതീഷ് ചന്ദ്ര മിശ്രയാണ് വാരാണസിയിൽ സ്ഥാനാർഥി. മായാവതിയെ മിശ്ര വഴിതെറ്റിക്കുകയാണെന്നും ദലിത് സംഘടനകൾക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും നേരത്തേ രാവൺ കുറ്റപ്പെടുത്തിയിരുന്നു. ബി ജെ പി ഏജന്റുമാരെന്നാണ് തങ്ങളുടെ തന്നെ ജനത വിളിക്കുന്നത്. എങ്കിലും, മായാവതി പ്രധാനമന്ത്രിയാകണമെന്നതാണ് ആഗ്രഹമെന്നും രാവൺ പറഞ്ഞു.

എസ് പി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെതിരെയും രാവൺ നേരത്തേ ആരോപണമുന്നയിച്ചിട്ടുണ്ട്. ദളിതുകളെ ആക്രമിക്കുന്ന ഓഫീസർമാർക്ക് അഖിലേഷ് യാദവ് സ്ഥാനക്കയറ്റം നൽകുകയാണെന്നായിരുന്നു ആരോപണം.
2017 മെയിൽ സഹാറൻപൂരിൽ സവർണ- ദളിത് സംഘർഷവുമായി ബന്ധപ്പെട്ടാണ് ഭീം ആർമിയും രാവണും ശ്രദ്ധിക്കപ്പെടുന്നത്. സംഘർഷത്തിന്റെ ഭാഗമായി ദേശീയ സുരക്ഷാ നിയമ പ്രകാരം അറസ്റ്റിലായിരുന്നു. 16 മാസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ വർഷം സെപ്തംബറിലാണ് ചന്ദ്രശേഖർ ആസാദ് മോചിതനായത്.