Connect with us

Ongoing News

ഇടതിലും മൂവർണക്കൊടികൾ, വലത്ത് ചെങ്കൊടികളും

Published

|

Last Updated

തിരഞ്ഞെടുപ്പിൽ പരസ്പരം പോരടിക്കുന്ന ഇടത് വലത് മുന്നണികളിലുണ്ട് ഒരേതരത്തിലുള്ള കൊടികൾ. സി പി എമ്മിന്റെ തിരഞ്ഞെടുപ്പ് അടയാളമായ അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ചെങ്കൊടിയുണ്ട് യു ഡി എഫിന്റെ ഓഫീസുകളിൽ. എതിർ സ്ഥാനാർഥിയുടെ ചിഹ്നമാണ് കൊടിയിലുള്ളതെങ്കിലും സി എം പിയുടെ കൊടി ഒഴിവാക്കാനാകില്ലല്ലോ യു ഡി എഫിന്. പിന്നെയുമുണ്ട്, ചെങ്കൊടികൾ യു ഡി എഫിൽ. ആർ എസ് പിയുടേയും ഫോർവേഡ് ബ്ലോക്കിന്റേയും കൊടികളാണിത്. ഈ രണ്ട് പാർട്ടിയും ദേശീയതലത്തിൽ ഇടത് മുന്നണിയുടെ ഭാഗവുമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് ഫോർവേഡ് ബ്ലോക്ക് യു ഡി എഫ് ഘടകക്ഷിയായത്. ആർ എസ് പി 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ എൽ ഡി എഫ് വിട്ട് യു ഡി എഫിലെത്തി.

യു ഡി എഫിൽ ചെങ്കൊടികൾ പാറുമ്പോൾ എൽ ഡി എഫിലുമുണ്ട് മൂവർണക്കൊടികൾ. കോൺഗ്രസ് എസിന്റേയും എൻ സി പിയുടേയും കൊടികളാണിവ. ഇടത് മുന്നണി രൂപം കൊണ്ട കാലം മുതൽ തന്നെ കോൺഗ്രസ് എസ് പതാകയുണ്ട് മുന്നണിയിൽ. എൻ സി പി രൂപം കൊണ്ടതിന് ശേഷം ചെറിയകാലം ഒഴികെ ഇടത് മുന്നണിയുടെ ഭാഗം തന്നെയാണ് പാർട്ടി. ഇടത് മുന്നണിയുടെ ഭാഗമായി ഒരു ആർ എസ് പി കൂടിയുണ്ട്. ഇടത് മുന്നണിയുടെ കൂടെയുണ്ടായിരുന്ന അരവിന്ദാക്ഷൻ വിഭാഗം സി എം പി ഏതാനും മാസങ്ങൾക്ക് മുമ്പ് സി പി എമ്മിൽ ലയിച്ചിരിക്കുകയാണ്. യു ഡി എഫിൽ മുസ്്ലിം ലീഗിന്റെ പച്ചക്കൊടിയുള്ളപ്പോൾ ഐ എൻ എല്ലിന്റെ പച്ചക്കൊടി എൽ ഡി എഫിലുമുണ്ട്. ഇന്ത്യൻ നാഷണൽ ലീഗിനെ എൽ ഡി എഫിൽ ഘടകക്ഷിയായി ഉൾപ്പെടുത്തിയതിന് ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് കൂടിയാണിത്.
യു ഡി എഫിൽ രണ്ട് കേരള കോൺഗ്രസുകളുള്ളപ്പോൾ എൽ ഡി എഫിലുമുണ്ട് രണ്ട് കേരള കോൺഗ്രസുകൾ. കേരള കോൺഗ്രസ് മാണി, ജേക്കബ് വിഭാഗമാണ് യു ഡി എഫിൽ.

ജനാധിപത്യ കേരള കോൺഗ്രസും പിള്ളയുടെ കേരള കോൺഗ്രസുമാണ് എൽ ഡി എഫിലെ കക്ഷികൾ. എൻ ഡി എയിലുമുണ്ട് പി സി തോമസിന്റെ കേരള കോൺഗ്രസ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യു ഡി എഫിലായിരുന്ന ലോക് താന്ത്രിക് ജനതാദൾ ഇത്തവണ എൽ ഡി എഫിലെത്തിയതോടെ എൽ ഡി എഫിലെ ജനതക്കാരുടെ എണ്ണം രണ്ടായി. പാർട്ടി പിളർന്നതിന് ശേഷം ജനതാദൾ എസ്, എൽ ഡി എഫിൽ തുടരുകയാണ്. ഇത്തരത്തിൽ രണ്ട് മുന്നണികളിലും ഒരേ കൊടികളുള്ളപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം കണ്ടാൽ മുന്നണിയെതെന്ന മനസ്സിലാകാത്തവരുമുണ്ട്.

Latest