Connect with us

Kozhikode

വയനാട്: ചുരമേറി ആവേശം

Published

|

Last Updated

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ ദേശീയതലത്തിൽ ശ്രദ്ധേയമായ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ അരങ്ങേറുന്നത് ആവേശപ്പോരാട്ടം. രാഹുൽ ഗാന്ധിയിലൂടെ മണ്ഡലം വാഴാൻ യു ഡി എഫും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ യു ഡി എഫിന്റെ ഗ്രാഫ് കുത്തനെ താഴ്ന്നതായ കണക്കുകൾ ഉയർത്തിക്കാട്ടി മണ്ഡലം പിടിക്കാൻ ഇടതു മുന്നണിയും നേർക്കുനേർ പോരാടുന്പോൾ ആവേശം ചോരുന്നതെങ്ങനെ ?.

സ്ഥാനാർഥി രാഹുൽ ഗാന്ധിയായതിനാൽ കോൺഗ്രസിലെ ഗ്രൂപ്പുകളി മൂലമുള്ള വോട്ട് ചോരില്ലെന്നും ന്യൂജൻ, നിഷ്പക്ഷ വോട്ടുകൾ പെട്ടിയിലാകുമെന്നും യു ഡി എഫ് കണക്കുകൂട്ടുന്നു. രാഹുലെന്ന ദേശീയ രാഷ്ട്രീയ താരത്തെ സംഘടനാ മികവുകൊണ്ട് കീഴടക്കാനുള്ള തീവ്രശ്രമത്തിലാണ് എൽ ഡി എഫ്. വിശ്വാസികളെ കൂട്ടുപിടിച്ച് അട്ടിമറി നടത്താനാകുമോയെന്നാണ് എൻ ഡി എയുടെ നോട്ടം.

കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ, ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ പെട്ടികളിൽ വീണ പ്രത്യക്ഷ രാഷ്ട്രീയം ഇല്ലാത്തവരുടെ വോട്ടുകൾ ഇക്കുറി രാഹുലിന്റെ ചിഹ്നത്തിൽ പതിയാനുള്ള സാധ്യത കൂടുതലാണെന്ന് യു ഡി എഫ് വിലയിരുത്തുന്നു. കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ മത്സരിക്കുന്നതിന്റെ ത്രില്ലിലാണ് ന്യൂജൻ വോട്ടർമാരിൽ ഏറെയുമെന്നും ഈ ആവേശം വോട്ടായി മാറുമെന്നും യു ഡി എഫ് നേതൃത്വം അവകാശപ്പെടുന്നു.

സി പി ഐയിലെ പി പി സുനീറിനെയാണ് മണ്ഡലം പിടിച്ചെടുക്കാൻ എൽ ഡി എഫ് രംഗത്തിറക്കിയത്. മണ്ഡലത്തിലെ രാഷ്ടീയ വളർച്ചയെ കുറിച്ചുള്ള അവകാശവാദങ്ങൾ പൊള്ളയല്ലെന്ന് തെളിയിക്കാനുള്ള പ്രയത്നത്തിലാണ് എൽ ഡി എഫ് നേതാക്കൾ. യു ഡി എഫിന്റെ സുരക്ഷിത മണ്ഡലമാണ് വയനാട് എന്ന പ്രചാരണം ഊതിവീർപ്പിച്ച ബലൂൺ മാത്രമാണെന്നാണ് എൽ ഡി എഫ് വാദം. 2009നുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ യു ഡി എഫ് വോട്ടുകളിൽ വന്ന വൻ ഇടിവാണ് ഇതിന് തെളിവായി എൽ ഡി എഫ് ഉയർത്തിക്കാട്ടുന്നത്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിലെ എം ഐ ഷാനവാസ് വിജയിച്ചത് 1,53,439 വോട്ടിനാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷാനവാസിന്റെ ഭൂരിപക്ഷം 20,870 ആയി കുറഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ഭൂരിപക്ഷം 19,503 ആയി കുറഞ്ഞത് മണ്ഡലത്തിൽ യു ഡി എഫിന് സംഭവിച്ച ശൈഥില്യം വ്യക്തമാക്കുന്നതായും എൽ ഡി എഫ് വിശ്വസിക്കുന്നു.

2014ൽ വയനാട് ജില്ലയിൽ എൽ ഡി എഫിനായിരുന്നു ലീഡ്. വയനാട് ജില്ലയിൽ പരാജയപ്പെട്ട ഷാനവാസ് മറ്റ് നാല് മണ്ഡലങ്ങളുടെ സഹായത്താലാണ് വിജയം കണ്ടത്. അന്ന് വയനാട് ജില്ലയിൽ 15,769 വോട്ടിന്റെ ഭൂരിപക്ഷം എൽ ഡി എഫിലെ സത്യൻ മൊകേരിക്ക് ലഭിച്ചു. മാനന്തവാടിയിൽ 8,666 വോട്ടിന്റേയും ബത്തേരിയിൽ 8,983 വോട്ടിന്റേയും ഭൂരിപക്ഷം. നിലമ്പൂർ മണ്ഡലത്തിൽ 2009ൽ ഷാനവാസിന് 21,267 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നത് 2014ൽ 3,266 ആയി കുറഞ്ഞു.

2014ൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന നിലമ്പൂർ എം എൽ എ. പി വി അൻവർ 37,123 വോട്ട് നേടി. അൻവർ ഇപ്പോൾ എൽ ഡി എഫിന്റെ ഭാഗമാണ്. ഈ വോട്ട് കൂടി പരിഗണിച്ചാൽ യു ഡി എഫ് കണക്കുകൂട്ടൽ പാളുമെന്നാണ് എൽ ഡി എഫ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ അഞ്ച് നഗരസഭയിൽ നാലിലും എൽ ഡി എഫ് ഭരിക്കുമ്പോൾ നിലമ്പൂർ നഗരസഭ മാത്രമാണ് യു ഡി എഫിനൊപ്പമുള്ളത്. 50 പഞ്ചായത്തുകളിൽ 29ലും എൽ ഡി എഫ് ഭരണമാണ്. 21 എണ്ണം മാത്രമാണ് യു ഡി എഫിനുള്ളത്. ഈ കണക്കുകൾ നിരത്തിയാണ് വയനാട് രാഹുലിന് വാട്ടർലൂ ആകുമെന്നും 1977ൽ ഇന്ദിരാ ഗാന്ധിക്കുണ്ടായത് പോലുള്ള അനുഭവമുണ്ടാകുമെന്നും എൽ ഡി എഫ് പറയാൻ കാരണം.
2014ലെ തിരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തിൽ ഏഴും യു ഡി എഫ് എം എൽ എമാരായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മണ്ഡലത്തിൽ നിന്ന് മൂന്ന് മന്ത്രിമാരും ഉണ്ടായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് മണ്ഡലം എൽ ഡി എഫ് പിടിച്ചെടുത്തു. 2014ൽ യു ഡി എഫിന്റെ ഭാഗമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദൾ, സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, ആർ എസ് പിയിലെ ഒരു വിഭാഗം എന്നീ കക്ഷികളും ഇന്ന് എൽ ഡി എഫിന്റെ ഭാഗമാണ്.

പിണറായി വിജയൻ സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും ശക്തമായ രാഷ്ട്രീയ നിലപാടുകളും എൽ ഡി എഫിന് അനുകൂലമാകും. കർഷകരും ആദിവാസികളും തൊഴിലാളികളുമാണ് മണ്ഡലത്തിലെ വോട്ടർമാരിൽ ഏറെയും. ഈ വിഭാഗങ്ങൾക്കായി ഉമ്മൻ ചാണ്ടി സർക്കാറോ അതിനുമുമ്പ് ഭരിച്ച കോൺഗ്രസ് സർക്കാറുകളോ ഒന്നും ചെയ്തില്ലെന്ന് ഇടത് പക്ഷം ആരോപിക്കുന്നു. കേന്ദ്രത്തിലെ ബി ജെപി- കോൺഗ്രസ് സർക്കാറുകളുടെ തെറ്റായ നയങ്ങൾ കാർഷിക- ആദിവാസി മേഖലയെ തകർച്ചയിലേക്ക് നയിച്ചു. കോൺഗ്രസിന്റേയും ബി ജെ പിയുടേയും ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവികാരമാണ് തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചത്. സർക്കാർ നടത്തുന്ന ഹൈടെക് പ്രവർത്തനങ്ങൾ മലയോര ഗ്രാമങ്ങളിൽ വികസനമെത്തിച്ചു. വിവിധ പദ്ധതികളിലായി ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ഗുണഫലം അനുഭവിക്കുന്നവരും ഇപ്പോൾ എൽ ഡി എഫിന് അനുകൂലമാണ്.
2009ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പിലും യു ഡി എഫ് വോട്ടുകൾ കുറഞ്ഞുവരുന്നതായി കണക്കുകൾ തെളിയിക്കുന്നു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 4,10,703 വോട്ടാണ് എം ഐ ഷാനവാസിന് ലഭിച്ചത്. 2014 ൽ ഇത് 3,77,035 ആയി കുറഞ്ഞു. അതേസമയം, 2009ൽ എൽ ഡി എഫിന് 2,47,264 വോട്ടാണ് ലഭിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ലഭിച്ച വോട്ട് 4,54,381 ആയി വർധിച്ചു. മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറിയതായി ഈ കണക്കുകളിലൂടെ എൽ ഡി എഫ് വ്യക്തമാക്കുന്നു.

എന്നാൽ വയനാട്ടിൽ മൂന്ന് ലക്ഷം വോട്ടിൽ കുറയാത്ത ഭൂരിപക്ഷത്തിന് രാഹുൽ ഗാന്ധി വിജയിക്കുമെന്ന കണക്കൂട്ടലിലാണ് യു ഡി എഫ്. 2009ലെ തിരഞ്ഞെടുപ്പ് ഫലമാണ് ഈ കണക്കിന് ആധാരം. അന്ന് ഷാനവാസ് 1,53,439 വോട്ടിന്റെ ഭൂരിപക്ഷവും എൻ സി പി സ്ഥാനാർഥിയായിരുന്ന കെ മുരളീധരൻ 99,643 വോട്ട് നേടിയിരുന്നു. ഷാനവാസിന്റെ ഭൂരിപക്ഷവും മുരളീധരൻ നേടിയ വോട്ടും കന്നിയുവ വോട്ടർമാരുടെ പങ്കും ചേർത്തു വെച്ചാണ് യു ഡി എഫ് നേതാക്കളും പ്രവർത്തകരും ഭൂരിപക്ഷത്തെ കണക്കാക്കുന്നത്. 2014ൽ ഷാനവാസിന്റെ ഭൂരിപക്ഷം കുറഞ്ഞത് താത്കാലിക പ്രതിഭാസമായാണ് യു ഡി എഫ് കാണുന്നത്.

കാർഷിക പ്രതിസന്ധിയാണ് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം. കാർഷിക പ്രതിസന്ധിക്ക് അടിസ്ഥാന കാരണം പതിറ്റാണ്ടുകൾ ഭരിച്ച കോൺഗ്രസ് ആണെന്ന് സ്ഥാപിക്കാനും അതു വഴി രാഹുലിലേക്കുള്ള വോട്ടൊഴുക്ക് തടയാനുമാണ് എൽ ഡി എഫ് ശ്രമിക്കുന്നത്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് കേന്ദ്രത്തിൽ മതേതര സർക്കാർ വരണമെന്ന പൊതുജന ഹിതത്തിന് വിരുദ്ധമായാണെന്നും എൽ ഡി എഫ് വോട്ടർമാർക്ക് മുന്നിൽ വാദിക്കുന്നു. ഇതെല്ലാം എത്ര കണ്ടു ഫലിച്ചുവെന്ന് വ്യക്തമാകാൻ വോട്ടെടുപ്പും എണ്ണലും കഴിയണം. ബി ജെ ഡി എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണ് എൻ ഡി എ സ്ഥാനാർഥി. ദേശീയ നേതാക്കൾ എത്തിയതോടെ ഇരുമുന്നണികളിലെയും പ്രവർത്തകർ ആവേശത്തിലായിട്ടുണ്ട്.

എൽ ഡി എഫ്
സാധ്യത: മണ്ഡലത്തിലെ മലയോര ഗ്രാമങ്ങളിൽ എൽ ഡി എഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വോട്ടുകളിൽ വന്ന ഇടിവ്.
ആശങ്ക: രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത വരവ്.

യു ഡി എഫ്
സാധ്യത: രാഹുലിന്റെ വരവ് സമ്മാനിച്ച ഊർജം.
ഗ്രൂപ്പ് കളിക്ക് വിരാമമായത്.
ആശങ്ക: എൽ ഡി എഫിന്റെ ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ.

എൻ ഡി എ
സാധ്യത: ശബരിമല വിഷയം വോട്ടായി മാറുമെന്ന പ്രതീക്ഷ.
ആശങ്ക: ബി ഡി ജെ എസിന് മണ്ഡലത്തിൽ സ്വാധീനക്കുറവ്.

കല്‍പ്പറ്റ