Connect with us

Kerala

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് യാതൊരുവിധ വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കെ എസ് ഇ ബി അധികൃതർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാണ്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് പുറമെ പുറത്ത് നിന്ന് വാങ്ങുന്നതുമുൾപ്പെടെ ഉപയോഗിച്ച് നിലവിലെ സാഹചര്യത്തിൽ തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ കഴിയുമെന്നും കെ എസ് ഇ ബി വ്യക്തമാക്കി.
ഇന്നലെ ചേർന്ന കെ എസ് ഇ ബി ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. വേനൽ രൂക്ഷമായ സാഹചര്യവും തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതും വൈദ്യുതിയുടെ ഉപഭോഗം വർധിച്ച തിനെ തുടർന്നാണ് വൈദ്യുതിനില അവലോകനം ചെയ്യാൻ യോഗം ചേർന്നത്.

ആശങ്കയുളവാക്കുന്ന വിധം യാതൊരു സ്ഥിതിവിശേഷവും ഇപ്പോൾ നിലവിലില്ലെന്നും ദിവസം മുഴുവൻ തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും യോഗം വിലയിരുത്തി.

ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, ഡയറക്ടർ ഡിസ്ട്രിബ്യൂഷൻ, ഡയറക്ടർ ജനറേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
അനിവാര്യമായ അറ്റക്കുറ്റപ്പണികൾക്കായും, വൈദ്യുതോപയോഗത്തിൽ ക്രമാതീതമായുണ്ടാകുന്ന വർധനവ് മൂലമുണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയും ചില സ്ഥലങ്ങളിൽ ലൈനുകളും ട്രാൻസ്‌ഫോർമറുകളും ഓഫാക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. കടുത്ത ചൂട് അനുഭവപ്പെടുന്നതിനാലും തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നുവരുന്നതിനാലും മാറ്റിവെക്കാൻ കഴിയുന്ന എല്ലാവിധ ജോലികളും മാറ്റിവെച്ചിട്ടുണ്ടെന്നും വൈദ്യുതി വിതരണത്തിൽ യാതൊരുവിധ ആശങ്കക്കും ഇടയില്ലെന്നും യോഗം വിലയിരുത്തി. വൈദ്യുതിവിതരണം തടസ്സരഹിതമാക്കാനുള്ള കർശന നടപടികൾ കൈകൊള്ളണമെന്ന നിർദ്ദേശം ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും കെ എസ് ഇ ബി. സി എം ഡി നൽകിയിട്ടുണ്ട്.

---- facebook comment plugin here -----

Latest