Connect with us

Ongoing News

ചൂട് ശമിപ്പിച്ച് മഴ; നാല് ദിവസം തുടരും

Published

|

Last Updated

തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ നിന്ന് കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനൽമഴയെത്തി. കഴിഞ്ഞ ദിവസം രാത്രി മുതൽ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മഴ ലഭിച്ചു. അടുത്ത നാല് ദിവസത്തേക്ക് വ്യാപക മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ അടുത്ത ഇരുപത് വരെ മഴ പെയ്യും. മലപ്പുറത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുള്ളതായും അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാഗങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ശക്തമായി പെയ്ത വേനൽമഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്നാർ കുണ്ടള അണക്കെട്ടിന്റെ ഷട്ടർ തുറന്നുവിട്ടു. അഞ്ച് ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടുകളിൽ ജലനിരപ്പ് താഴുമ്പോഴാണ് കുണ്ടള അണക്കെട്ട് അതിവേഗം നിറഞ്ഞത്. തെക്കൻ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. തലസ്ഥാനത്ത് ഉച്ചക്ക് ആരംഭിച്ച ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ ശക്തമായ ഇടിയോട് കൂടി മഴ തുടരും. ഈ മേഖലയിൽ മണിക്കൂറിൽ നാൽപ്പത് മുതൽ 55 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്.

വേനൽ മഴ വൈകിയതോടെ നിലവിൽ വലിയ പ്രതിസന്ധി സംസ്ഥാനം നേരിടുന്നുണ്ട്. 75 ശതമാനത്തോളം കുറവാണ് വേനൽ മഴയിൽ ഇത്തവണയുണ്ടായത്. ഇതോടെ അന്തരീക്ഷ താപനില മിക്ക ജില്ലകളിലും നാൽപ്പത് ഡിഗ്രിക്ക് മുകളിൽ ഉയർന്നിരുന്നു. കൊടും ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായി എത്തിയ വേനൽ മഴ വലിയ ആശ്വാസമായെങ്കിലും സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ന് ഉച്ചക്ക് ശേഷം കേരളത്തില്‍ പലയിടത്തും ശക്തമായ മിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.