Connect with us

Editorial

എയര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തണം

Published

|

Last Updated

അത്യാസന്ന നിലയിലുള്ള രോഗിയെ ഏറെ ദൂരെയുള്ള ചികിത്സാലയത്തിലേക്ക് എത്തിക്കുന്നതിന് റോഡ് മാര്‍ഗം ആംബുലന്‍സ് പറപറക്കുന്നത് കേരളം ഒരിക്കല്‍ കൂടി കണ്ടു. ചൊവ്വാഴ്ച ഹൃദയ ശസ്ത്രക്രിയക്കായി കാസര്‍കോട് സ്വദേശികളായ മിത്താഹ്- സാനിയ ദമ്പതികളുടെ 15 ദിവസം പ്രായമായ കുഞ്ഞിനെ ഡ്രൈവര്‍ ഉദുമ സ്വദേശി ഹസന്‍ മംഗലാപുരത്തു നിന്ന് 400 കിലോമീറ്റര്‍ താണ്ടി എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചത് അഞ്ചര മണിക്കൂര്‍ കൊണ്ടാണ്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഇടപെടലും ഫേസ്ബുക്ക് കൂട്ടായ്മകളുടെ സഹകരണവും പോലീസിന്റെ നിതാന്ത ജാഗ്രതയുമാണ് ഈ “സാഹസിക യാത്ര” വിജയത്തിലെത്തിച്ചത്. ഡ്രൈവര്‍ ഹസന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇതുപോലൊരു യാത്രക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഫെബ്രുവരി ആറിന് ബഹ്‌റൈനില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പക്ഷാഘാത രോഗിയായ കാഞ്ഞങ്ങാട് സ്വദേശി ഗംഗാധരനെ, ഡ്രൈവര്‍ ചെര്‍ക്കളത്തെ മുഹമ്മദ് 450 കിലോമീറ്റര്‍ താണ്ടി മംഗളൂരു ആശുപത്രിയില്‍ എത്തിച്ചത് അഞ്ചര മണിക്കൂര്‍ കൊണ്ടായിരുന്നു. വടകരയിലും പള്ളിക്കരയിലും ലെവല്‍ക്രോസില്‍ 10 മിനുട്ട് താമസിച്ചില്ലായിരുന്നുവെങ്കില്‍ ഇതിലും നേരത്തെ ലക്ഷ്യസ്ഥാനത്തെത്തുമായിരുന്നു. 2017 നവംബര്‍ 15ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് അത്യാസന്നനിലയിലുള്ള ഒരു മാസം പ്രായമായ കുഞ്ഞിനെയുമായി ഡ്രൈവര്‍ തമീം തിരുവനന്തപുരം ശ്രീചിത്രയില്‍ ആംബുലന്‍സ് എത്തിച്ചത് ആറേമുക്കാല്‍ മണിക്കൂര്‍ കൊണ്ടാണ്. സാധാരണഗതിയില്‍ ഗതാഗത തടസ്സങ്ങളില്ലെങ്കില്‍ പരിയാരത്ത് നിന്ന് തിരുവനന്തപുരത്ത് എത്താന്‍ 13 മണിക്കൂര്‍ വേണം. പാമ്പുകടിയേറ്റ 10 വയസ്സുകാരിയെയുമായി കഴിഞ്ഞ സെപ്തംബര്‍ 25ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരമുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഡ്രൈവര്‍ ശിഹാബുദ്ദീന്‍ ആംബുലന്‍സ് ഓടിച്ചെത്തിയത് 33 മിനുട്ടുകള്‍ കൊണ്ടായിരുന്നു.

അത്യാസന്ന രോഗികളെയുമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഇങ്ങനെ യാത്രകള്‍ നടത്തേണ്ട സാഹചര്യം വര്‍ധിച്ചുകൊണ്ടിരിക്കെ സംസ്ഥാനത്ത് സര്‍ക്കാര്‍തലത്തില്‍ എയര്‍ ആംബുലന്‍സ്ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. ആംബുലന്‍സുകള്‍ക്ക് ആറും ഏഴും മണിക്കൂറുകള്‍ കൊണ്ട് എത്താവുന്ന ദൂരം എയര്‍ ആംബുലന്‍സുകള്‍ക്ക് ഒരു മണിക്കൂറില്‍ താഴെയുള്ള സമയം കൊണ്ട് എത്താനാകും. സംസ്ഥാനത്ത് രോഗികളുടെ ജീവന്‍ രക്ഷിക്കാനായി ഇതുവരെയുണ്ടായ റോഡ് മാര്‍ഗമുള്ള സാഹസികമായ ആംബുലന്‍സ് യാത്രകളെല്ലാം വിജയകരമാണെങ്കിലും ഇത്തരം യാത്രകള്‍ ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ജീവന്‍ പണയം വെച്ചു നടത്തുന്ന അതിസാഹസികതയാണിത്. ചെറിയൊരു പിഴവ് മതി ഇതൊരു ദുരന്തമായി പരിണമിക്കാന്‍. വാഹന സാന്ദ്രത കൂടിയ കേരളത്തിലെ റോഡുകളില്‍ മിക്ക സമയങ്ങളിലും തിക്കും തിരക്കുമാണ്. ചിലപ്പോള്‍ ഒരു ഇരുചക്ര വാഹനത്തിന് പോലും കടന്നു പോകാന്‍ ഇടമില്ലാത്ത വിധം റോഡുകള്‍ വാഹനങ്ങളാല്‍ നിറഞ്ഞിരിക്കും. വിവിധ ഭാഗങ്ങളില്‍ റെയില്‍വേ ലവല്‍ക്രോസുകളും യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നു.

കേരളത്തില്‍ ചില ആശുപത്രികളില്‍ ഉള്‍പ്പടെ സ്വകാര്യ മേഖലയില്‍ എയര്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ സേവനം തേടിയ സന്ദര്‍ഭങ്ങളും സംസ്ഥാനത്തുണ്ടായി. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു വ്യക്തിയുടെ തുടിക്കുന്ന ഹൃദയം 2015ല്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ചത് എയര്‍ ആംബുലന്‍സിലായിരുന്നു. 15 മിനുട്ട് മാത്രമേ ഇതിനു വേണ്ടിവന്നുള്ളൂ. ഇതേവര്‍ഷം ആഗസ്റ്റില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ ചാര്‍ട്ടേഡ് വിമാനം വാടകക്കെടുത്താണ് കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ഒരു യുവാവിന്റെ ഹൃദയവും ശ്വാസകോശവും ചെന്നൈലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ എത്തിച്ചത.് എന്നാല്‍ വളരെ ഉയര്‍ന്നതാണ് സ്വകാര്യ എയര്‍ ആംബുലന്‍സുകളുടെ വാടക. സാധാരണക്കാര്‍ക്ക് താങ്ങാനാകില്ല.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ എയര്‍ ആംബുലന്‍സ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ഇതിനായി സ്വകാര്യ വിമാനങ്ങളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. മണിക്കൂറിന് രണ്ട് ലക്ഷം രൂപയും പ്രതിമാസം 40 മണിക്കൂര്‍ പറത്താമെന്ന ഉറപ്പുമാണ് സ്വകാര്യ വിമാന ഉടമകള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ അപൂര്‍വമായി നടക്കുന്ന അവയവമാറ്റം പോലുള്ള ചികിത്സകള്‍ക്ക് ഇത്രയും വലിയ തുക മാസാന്തം സ്വകാര്യ വിമാന കമ്പനികള്‍ക്ക് നല്‍കുന്നത് പാഴ്‌ചെലവാണെന്ന അഭിപ്രായത്തില്‍ ധനകാര്യ വകുപ്പ് അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടന്നു. മണിക്കൂറിന് 40,000 രൂപ നിരക്കില്‍ അക്കാദമിക്കു വാടക നല്‍കി അവരുടെ വിമാനം ഉപയോഗിക്കാനുള്ള ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍ അക്കാദമിയുടെ ഉടമസ്ഥതയിലുള്ള ഇരട്ട എന്‍ജിന്‍ പൈപ്പര്‍ സൈനിക വിമാനം പറത്താന്‍ വൈദഗ്ധ്യമുള്ള പൈലറ്റുമാര്‍ കുറവായതിനാല്‍ ആ പദ്ധതിയും നടപ്പായില്ല. കേരളത്തിലെ ഹൈവേകളിലുടനീളം ചെറിയ ദൂരവ്യത്യാസത്തില്‍ മികച്ച ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഭീമമായ ചെലവ് വഹിച്ച് സ്വന്തമായി എയര്‍ ആംബുലന്‍സ് തുടങ്ങേണ്ട ആവശ്യം ഇപ്പോഴില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ആരോഗ്യമന്ത്രി ശൈലജ പ്രതികരിച്ചത്. കേരളത്തില്‍ നാല് ആശുപത്രികളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഇറങ്ങാനുള്ള സംവിധാനമുള്ളൂവെന്നതിനാല്‍ കൂടുതല്‍ പ്രായോഗികം റോഡ് മാര്‍ഗമുള്ള ആംബുലന്‍സ് നെറ്റ്‌വര്‍ക്ക് ശക്തമാക്കുകയാണെന്ന അഭിപ്രായവും ഡോക്ടര്‍മാരുള്‍പ്പടെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലുമുണ്ട്. ഇക്കാര്യത്തില്‍ ഭരണ, സാമൂഹികതലങ്ങളില്‍ ഗൗരവപൂര്‍ണമായ ചര്‍ച്ചയും സുചിന്തിത തീരുമാനവും രൂപപ്പെടേണ്ടതുണ്ട്. ആരോഗ്യ രംഗത്ത് രാജ്യത്തിനു തന്നെ മാതൃകയായ കേരളം, സാമ്പത്തിക ബാധ്യതയെ ചൊല്ലി ഈ അനിവാര്യ ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നത് ഉചിതമല്ല.