Connect with us

Ongoing News

ആരെല്ലാം വേണം ആ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയില്‍?

Published

|

Last Updated

പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തുടങ്ങി. പല ഘട്ടങ്ങളിലായി പുരോഗമിക്കുന്ന വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും. ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ രണ്ട് വലതു പക്ഷങ്ങള്‍ തന്നെയാണ് മുഖാമുഖം പോരാടുന്നവരില്‍ പ്രധാനികള്‍. വര്‍ഗീയവത്കരിക്കപ്പെട്ട തീവ്ര വലതുപക്ഷമായ ആര്‍ എസ് എസ്- ബി ജെ പി സഖ്യമാണ് ഒരു ഭാഗത്ത്. ഇവര്‍ക്ക് പിന്തുണയുമായി സംഘ്പരിവാര്‍, ബജ്‌റംഗദള്‍, ശിവസേന തുടങ്ങിയ തീവ്ര ഹൈന്ദവ പ്രചാരകരും ഉണ്ട്. ഇവരെയെല്ലാം ഉള്‍ക്കൊള്ളുന്ന എന്‍ ഡി എ മുന്നണിയെ പരാജയപ്പെടുത്തി നഷ്ടപ്പെട്ട പ്രതാപകാലം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസും മറുപക്ഷത്ത് നിലയുറപ്പിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. ലക്ഷണമൊത്ത വലതുപക്ഷ പാര്‍ട്ടി തന്നെയാണ് കോണ്‍ഗ്രസും. നെഹ്‌റുവിന്റെ കീഴില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ഇന്ദിരാ ഗാന്ധിയും സോവിയറ്റനുകൂല സോഷ്യലിസ്റ്റ് ചേരിയില്‍ നില കൊണ്ടു. ഫലത്തില്‍ വലതുപക്ഷ പാര്‍ട്ടിയെങ്കിലും കോണ്‍ഗ്രസ് പലപ്പോഴും ഇന്ത്യയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പശ്ചാത്തലം പ്രകടിപ്പിച്ച പാര്‍ട്ടി കൂടിയാണ്. രാജീവ് ഗാന്ധി ഭരണത്തിന്റെ അവസാന കാലഘട്ടത്തിലും പിന്നീട് നരസിംഹ റാവു, മന്‍മോഹന്‍ സിംഗ് ഭരണ കാലഘട്ടത്തിലാണ് കോണ്‍ഗ്രസ് വീണ്ടും പൂര്‍ണമായും വലത്തേക്ക് ചായുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ബി ജെ പി വര്‍ഗീയതയും സവര്‍ണ ഫാസിസ്റ്റ് ചായ്‌വും പ്രകടമാക്കുന്നു. രണ്ടാമത്തെ വലിയ വലതുപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് വലതുപക്ഷ സാമ്പത്തിക നയങ്ങള്‍ പിന്തുടരുമ്പോഴും ഇന്ത്യയെ വിഴുങ്ങാന്‍ കാത്തുനില്‍ക്കുന്ന വര്‍ഗീയ ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിലുമാണ്.
അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തമിഴ്‌നാടടക്കമുള്ള സംസ്ഥാനങ്ങളിലും മറ്റു ചില രാഷ്ട്രീയ സാധ്യതകള്‍ കൂടി തെളിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്, ബി ജെ പി പക്ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില പ്രത്യേക മേഖലകളില്‍ സ്വാധീനമുള്ള ശക്തരായ പാര്‍ട്ടികള്‍ ഇവിടെയുണ്ട്. എസ് പി, ബി എസ് പി, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ കക്ഷികള്‍, തമിഴ്‌നാട്ടില്‍ മാത്രം വേരോട്ടമുള്ള ദ്രാവിഡ പാര്‍ട്ടികള്‍, പഞ്ചാബിലെ അകാലിദള്‍, ഡല്‍ഹിയില്‍ ഒരിക്കല്‍ മാത്രം കരുത്ത് തെളിയിച്ച കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി തുടങ്ങിയവ ഇതില്‍ പ്രധാനികളാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ പ്രത്യക്ഷത്തില്‍ വലതും ഇടതുമല്ലാതെ പ്രാദേശിക രാഷ്ട്രീയത്തിന്റെ പ്രസക്തി വിളിച്ചോതി ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ അടയാളപ്പെട്ടു കിടക്കുന്നുണ്ട്.

ഈ മൂന്നാം ഗണത്തില്‍പ്പെടുന്ന പല കക്ഷികളും പരസ്പരം യോജിച്ച് തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മൂന്നാം ബദലായി മത്സര രംഗത്ത് സജീവമാണ്. തന്നെയുമല്ല, രണ്ട് പ്രമുഖ വലതുപക്ഷ മുന്നണികള്‍ക്കും ഒറ്റക്ക് ഭരിക്കാനുള്ള അംഗസംഖ്യ തികക്കാനാകില്ലെന്നും ഇന്ത്യ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്നും മൂന്നാം ബദലുകാര്‍ അവകാശപ്പെടുകയും ചെയ്യുന്നു.
വോട്ടിംഗ് മെഷീനില്‍ വന്‍തോതില്‍ കൃത്രിമം നടന്നില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന യാഥാര്‍ഥ്യവും അതുതന്നെയാകും. അപ്പോഴും കാതലായ ഒരു രാഷ്ട്രീയപക്ഷം ഇവിടെ ബാക്കി നില്‍ക്കുന്നുണ്ട്, ഇന്ത്യന്‍ ഇടതുപക്ഷം. മേല്‍പറയപ്പെട്ട പാര്‍ട്ടികളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും നയസമീപനങ്ങളും ഇവര്‍ക്കുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് വര്‍ഗീയരഹിതമായ മതേതര കാഴ്ചപ്പാടും കോര്‍പറേറ്റ് മൂലധനത്തോട് രാജിയാകാത്ത സാമ്പത്തിക നയങ്ങളും. ഇവ ഇടതുപക്ഷത്തെ വേറിട്ടുനിറുത്തുന്നു. സി പി എം, സി പി ഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍ എസ് പി (കേരളത്തില്‍ അത് വലതുപക്ഷത്താണെന്നു മാത്രം), മാര്‍ക്‌സിസം ലെനിനിസത്തിന്റെ പേരില്‍ സംഘടിച്ചിട്ടുള്ള ചില ചെറിയ പോക്കറ്റ് പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന ബ്ലോക്കാണ് ഇന്ത്യന്‍ ഇടതുപക്ഷമെന്നത്. പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ സി പി എം, സി പി ഐ പോലുള്ള ഇടതുകക്ഷികള്‍ നടത്തുന്നുണ്ട്. ശക്തി ക്ഷയിച്ചെങ്കിലും ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ സാന്നിധ്യം പാര്‍ലിമെന്റില്‍ സജീവമായി ഉണ്ടാകേണ്ടത് മതനിരപേക്ഷതക്ക് അനിവാര്യമാണ്. സ്വാതന്ത്രാനന്തര ഭാരതത്തിലെ ആദ്യത്തെ മുഖ്യ പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിന്നീടെന്തു സംഭവിച്ചു എന്നുള്ളതൊക്കെ ഇഴകീറി പരിശോധിക്കേണ്ടത് വലിയൊരു രാഷ്ട്രീയ ദൗത്യവുമാണ്.

ആന്ധ്ര, ബംഗാള്‍, പഞ്ചാബ്, ബീഹാര്‍, ത്രിപുര, മഹാരാഷ്ട്രയിലെ മുംബൈ, കേരളം എന്നിവിടങ്ങളിലൊക്കെ ശക്തമായിരുന്ന ഇടതുപക്ഷം ഇപ്പോള്‍ ഏറ്റവും കരുത്തോടെ നിലനില്‍ക്കുന്നത് കേരളത്തിലാണ്. കൂലിത്തൊഴിലാളികളായ അടിസ്ഥാന വര്‍ഗങ്ങളില്‍ അവകാശബോധം സൃഷ്ടിച്ചെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തിയ സമരങ്ങള്‍ക്ക് സമാനമായ ഇടപെടലുകള്‍ ഇന്ത്യയിലെ ഒരു വലതുപക്ഷ പാര്‍ട്ടിയും നടത്തിയിട്ടില്ലെന്നതാണ് ചരിത്ര സത്യം. പ്രബല വലതു കക്ഷികളെല്ലാം തരാതരം പോലെ വര്‍ഗീയതയും മൃദുഹിന്ദുത്വവും പുറത്തെടുത്തു. അത് മതനിരപേക്ഷ സങ്കല്‍പ്പത്തിനു തന്നെ വലിയ പരുക്കേല്‍പ്പിച്ചു. എന്നാല്‍ കഴിയാവുന്നിടത്തൊക്കെ വര്‍ഗീയതക്കെതിരെ ചെറുത്തു നില്‍പ്പിന്റെ അലയൊലികള്‍ തീര്‍ക്കാന്‍ മുന്‍പന്തിയില്‍ നിന്നതും ഇപ്പോഴും നില്‍ക്കുന്നതും ഇടതു പക്ഷത്തെ പ്രമുഖ കക്ഷികള്‍ തന്നെയാണ്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ഇന്ത്യന്‍ ഇടതുപക്ഷത്തിന് ഇടമുണ്ടായിരുന്നിടത്തൊക്കെ ഇപ്പോള്‍ കാലിടറുന്നു എന്നത് പരിശോധനയര്‍ഹിക്കുന്ന രാഷ്ട്രീയ പ്രതിഭാസമാണ്.
എന്തായാലും ഇന്ത്യയില്‍ മതനിരപേക്ഷമായ ജീവിത പശ്ചാത്തലം ഒരുക്കുന്നതില്‍ ജാഗ്രതയും ശുഷ്‌കാന്തിയും പ്രകടിപ്പിച്ച പക്ഷം അവര്‍ തന്നെയാണ്. ഇന്ത്യന്‍ ജനതയെ വര്‍ഗീയവത്കരിക്കുന്നതിലും വലതുപക്ഷത്ത് ഉറപ്പിച്ച് നിറുത്തുന്നതിലും വലതുപക്ഷത്തോടൊപ്പം ഇന്ത്യയിലെ വന്‍കിട മീഡിയകള്‍ വഹിക്കുന്ന പങ്കിനെ പ്രതിരോധിക്കാന്‍ ഇടതു പക്ഷത്തിനാകുന്നില്ല എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.

അധികാരമുറപ്പിക്കാന്‍ ബി ജെ പിയും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് കക്ഷികളും ശക്തരായി രംഗത്തുണ്ട്. അതോടൊപ്പം ഇടതുപക്ഷങ്ങളുടെ തകര്‍ച്ച ഉറപ്പിക്കുന്നതിലും ഇവര്‍ തന്ത്രങ്ങള്‍ മെനയുന്നു. കേരളം ഇതിന് മികച്ച ഉദാഹരണമാണ്. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി പുറപ്പെടുവിച്ചത് സുപ്രീം കോടതിയാണ്. ആ വിധി നടപ്പാക്കേണ്ട ചുമതല ഇടതുപക്ഷ മന്ത്രിസഭയുടെ മേല്‍ ആയി എന്നുള്ളത് കൊണ്ട് മാത്രം ബി ജെ പിയും കോണ്‍ഗ്രസും ഒരേ ഭാഷയില്‍ ഇടതുപക്ഷത്തിനെതിരെ സംസാരിക്കുകയും സമരരംഗത്ത് ഉറച്ചുനില്‍ക്കുകയും ചെയ്തു.

നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യ പൊറുതിമുട്ടിയ സന്ദര്‍ഭങ്ങളില്‍ ഒന്നാണ് നോട്ടു നിരോധന കാലം. അന്ന് ആ തലതിരിഞ്ഞ നയത്തിനെതിരെ ചെറിയ രീതിയില്‍ പ്രതികരിച്ചതിനപ്പുറം കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികള്‍ക്ക് ശക്തമായ ഒരു സമരം പോലും നടത്താനായില്ല. പെട്രോള്‍ വില നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതിരുന്ന സന്ദര്‍ഭത്തിലും വില നിയന്ത്രിക്കാനുള്ള അവകാശം വിദേശ കുത്തകകള്‍ക്ക് അടിയറവ് വെച്ച സന്ദര്‍ഭത്തിലും ജനകീയ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷത്തിരിക്കുന്ന മുഖ്യ വലതുപാര്‍ട്ടികള്‍ക്കായില്ല. ഇതിന് പുറമെ, തീവ്രഹൈന്ദവ നിലപാടുകള്‍ ബി ജെ പി പുറത്തെടുത്തപ്പോഴും ഇതിന്റെ പേരില്‍ നിരപരാധികളായ ന്യൂനപക്ഷങ്ങള്‍ വധിക്കപ്പെട്ടപ്പോഴും കൃത്യമായ നിലപാടെടുക്കാനാകാതെ കോണ്‍ഗ്രസ്സും അവരുടെ മുന്നണി സംവിധാനവും പരാജയപ്പെടുകയായിരുന്നു.

ഈ ദൗര്‍ബല്യം പ്രകടമാക്കുമ്പോഴും കോണ്‍ഗ്രസില്‍ മതനിരപേക്ഷ സമൂഹം പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. ഫാസിസ്റ്റ് മുന്നേറ്റത്തെ തടഞ്ഞ് ഇന്ത്യയുടെ മതേതര ജനാധിപത്യ പാരമ്പര്യം നിലനിറുത്താന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലെന്ന് ജനാധിപത്യ വിശ്വാസികള്‍ ആഗ്രഹിക്കുന്നു. ലോകത്ത് ഫാസിസത്തെ ചെറുക്കാനുള്ള ഐക്യമുന്നണിയില്‍ പ്രധാന പങ്കുവഹിച്ച ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. ദിമിത്രോവിന്റെ “ഫാസിസത്തിനെതിരായ ഐക്യമുന്നണി” എന്ന സിദ്ധാന്തം തന്നെ ഇടതുപക്ഷാധിഷ്ഠിതമാണെന്നോര്‍ക്കുക.

അതേസമയം, പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിനിടെയും രണ്ട് പ്രബല വലതു മുന്നണികളും ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയാക്കുന്നതില്‍ പരാജയപ്പെടുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ ഈ ദൗര്‍ബല്യത്തെ മറികടക്കാന്‍ ശക്തമായ ഒരിടതുപക്ഷ നിരക്കേ കഴിയൂ. ഉത്തരേന്ത്യയില്‍ നടന്ന കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള കര്‍ഷക മുന്നേറ്റ റാലികളും ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ അരങ്ങേറിയപ്പോള്‍ അതിനെതിരെ കേരളത്തിലടക്കം നടന്ന സമരങ്ങളും ഇവിടെ സ്മരണീയമാണ്. അതിന് നേതൃത്വം വഹിക്കാന്‍ മുന്നോട്ടുവന്നത് ഇടതുപക്ഷമാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ക്രിയാത്മകമായ പങ്ക് വഹിക്കാന്‍ ഇടതു പക്ഷത്തിന് സാധിക്കും. മീഡിയകളടക്കം സൗകര്യപൂര്‍വം വിസ്മരിക്കുന്ന വസ്തുതയാണിത്. യാഥാര്‍ഥ്യം ഇതാണെന്നിരിക്കെ, ബി ജെ പിയും കോണ്‍ഗ്രസും പലപ്പോഴും മുഖ്യശത്രുവായി കാണുന്നത് ഇടതു പക്ഷത്തെയാണ്. ബി ജെ പിയെയും കോണ്‍ഗ്രസിനെയും കടത്തിവെട്ടുന്ന രീതിയില്‍ ഇടതുപക്ഷ വിരോധം പ്രചരിപ്പിക്കുന്നതില്‍ കേരളത്തിലെ ചില മുസ്‌ലിം സംഘടനകളും സജീവമാണ്.
അരുന്ധതി റോയ് പറയുന്നു: ജനാധിപത്യത്തെപ്പറ്റിയുള്ള അതിശയം ഇതാണ്, നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതര്‍ഥവും അതിനുണ്ടാകും. പക്ഷേ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, മുഖ്യധാരയില്‍ പ്രാമുഖ്യമുള്ള ഒരു ഇടതുപക്ഷ പാര്‍ട്ടിയുടെ അഭാവം ആഘോഷിക്കാവുന്ന കാര്യമേയല്ല.

കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി