Connect with us

National

കനത്ത മഴയും കാറ്റും: നാലു സംസ്ഥാനങ്ങളിലെ മരണസംഖ്യ 64 ആയി

Published

|

Last Updated

ന്യൂഡല്‍ഹി: കാലം തെറ്റി പെയ്ത കനത്ത മഴയിലും ഇടിമിന്നലിലും നാലു സംസ്ഥാനങ്ങളിലായി മരിക്കുന്നവരുടെ എണ്ണം 64 ആയി. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചത്. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് കൂടുതല്‍ മരണങ്ങള്‍. രാജസ്ഥാന്‍-25, മധ്യപ്രദേശ്-21, ഗുജറാത്ത്-10, മഹാരാഷ്ട്ര-മൂന്ന് എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്. ശക്തമായ കാറ്റും മഴയും മധ്യപ്രദേശിലും പഞ്ചാബിലും വന്‍തോതില്‍ കൃഷിനാശവും വരുത്തിയിട്ടുണ്ട്.

ദുരന്തത്തില്‍ ട്വിറ്റര്‍ വഴി വേദന അറിയിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി ഗുജറാത്തിനു മാത്രം ദുരിതാശ്വാസം പ്രഖ്യാപിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മധ്യപ്രദേശ് ഉള്‍പ്പടെയുള്ള ഇതര സംസ്ഥാനങ്ങളിലും നിരവധി മരണങ്ങളും നാശനഷ്ടങ്ങളും സംഭവിച്ചിട്ടും ഗുജറാത്തിന് മാത്രം നഷ്ടപരിഹാരം പ്രഖ്യാപിച്ച പ്രധാന മന്ത്രിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തി. ഇതോടെ മഴ നാശം വിതച്ച മറ്റു സംസ്ഥാനങ്ങള്‍ക്കും ഒന്നര മണിക്കൂറിനു ശേഷം പ്രധാന മന്ത്രി ദുരിതാശ്വാസം പ്രഖ്യാപിക്കുകയായിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം വീതവും പരുക്കേറ്റവര്‍ക്ക് 50,000 വീതവുമാണ് പ്രധാന മന്ത്രിയുടെ ദുരിതാശ്വാധ നിധിയില്‍ നിന്ന് അനുവദിച്ചത്. ഇതിനു പുറമെ കാലാവസ്ഥാ കെടുതികള്‍ ബാധിച്ച രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാന സര്‍ക്കാറുകളും നഷ്ടപരിഹാരം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രാജസ്ഥാനും മധ്യപ്രദേശും നാലുലക്ഷം രൂപ വീതവും ഗുജറാത്ത് രണ്ടുലക്ഷം രൂപ വീതവുമാണ് നല്‍കുക.

Latest