Connect with us

Ongoing News

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: ഫോട്ടോ എടുക്കുന്നത് നിർബന്ധമല്ല

Published

|

Last Updated

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ എ എസ് പി) ആനുകൂല്യം ലഭിക്കുന്നതിന് ഫോട്ടോ എടുക്കുന്നത് നിർബന്ധമല്ലെന്നും ഇതുസംബന്ധിച്ച് ചിയാക്ക് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു. ബയോമെട്രിക് സംവിധാനത്തിന്റെ ട്രയൽ റൺ നടക്കുകയാണ്. ഇത് ഉടൻ പ്രവർത്തന സജ്ജമാകുന്നതോടെ ഫോട്ടോയെടുക്കുന്ന സംവിധാനം പൂർണമായും ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

രോഗിയുടെ വിവിധ സമയത്തെ ഫോട്ടോകൾ എടുക്കണമെന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴും കിടക്കുമ്പോഴും തിരികെ പോകുമ്പോഴുമുള്ള ചിത്രങ്ങൾ എടുക്കണമെന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ് നടക്കുന്നത്. കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പുതിയ പദ്ധതി ആയതിനാൽ ഒരു രോഗി ആശുപത്രിയിൽ ചികിത്സക്കെത്തുമ്പോൾ മാത്രമാണ് ഫോട്ടോയെടുത്ത് അവരുടെ വിവരങ്ങളുൾപ്പെടെ സെർവറിൽ അപ്‌ലോഡ് ചെയ്യുന്നത്. യഥാർഥ ഗുണഭോക്താവിന് തന്നെ ഇതിന്റെ പ്രയോജനം ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അതല്ലാതെ രോഗിയുടെ ചികിത്സാ വേളയിൽ ഒരു ഘട്ടത്തിലും ഫോട്ടോയെടുക്കുന്നില്ല.

നേരത്തെ ആർ എസ് ബി വൈ പദ്ധതി പ്രകാരം ബയോമെട്രിക് ഐഡന്റിഫിക്കേഷനിലൂടെയാണ് കാർഡ് നൽകിയത്. പുതിയ ഇൻഷ്വറൻസ് പദ്ധതിയുടെ സോഫ്റ്റ്‌വെയർ ഇത് സ്വീകരിക്കാത്തതിനാലാണ് നേരിട്ട് ഫോട്ടോയെടുക്കുന്നത്. അതിനാൽ ബയോമെട്രിക് സംവിധാനം പുതിയ പദ്ധതിയിലും ഇൻസ്റ്റാൾ ചെയ്ത് ട്രയൽ റൺ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രവർത്തനസജ്ജമാകുന്നതോടെ പിന്നീട് ഫോട്ടോ എടുക്കേണ്ട ആവശ്യം പോലുമില്ല. ഒറ്റത്തവണത്തെ എൻട്രോൾമെന്റിലൂടെ ജനങ്ങൾക്ക് ഇൻഷ്വറൻസിന്റെ പ്രയോജനം ലഭിക്കുന്നതാണ്. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനും പുതിയ ഇൻഷ്വറൻസിനെപ്പറ്റി ജനങ്ങൾക്ക് അവബോധം നൽകുന്നതിനുള്ള പരസ്യം നൽകാനും സാധിക്കുന്നില്ല. ഇത്രയേറെ പരിമിതിയുണ്ടെങ്കിലും പാവപ്പെട്ട ആളുകൾക്ക് പുതിയ ഇൻഷ്വറൻസിന്റെ പരമാവധി പ്രയോജനം നൽകാനാണ് ചിയാക്കിന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Latest