Connect with us

Gulf

യു എ ഇ ചരിത്രത്തില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തിയ വര്‍ഷം 2019

Published

|

Last Updated

അബുദാബി: രാജ്യത്തിന്റെ ചരിത്രത്തില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തിയ വര്‍ഷം 2019 ആണെന്ന് അധികൃതര്‍. വര്‍ഷാദ്യം മുതല്‍ കഴിഞ്ഞ മൂന്ന് ദിവസം വരെ ലഭിച്ച മഴയുടെ ആകെ അളവ് 247.4 മില്ലിമീറ്ററാണെന്നും ഇത് നിരുപാധികം യു എ ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അളവാണെന്നും യു എ ഇ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
സ്വാഭാവിക മഴക്ക് പുറമെ കൃത്രിമ മഴ പെയ്യിപ്പിക്കാന്‍ കാലാവസ്ഥാ കേന്ദ്രം നടത്തിയ ഫലപ്രദമായ ശ്രമങ്ങളും ചേര്‍ന്നതാണ്, 2019 രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായെന്ന് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പുവര്‍ഷാദ്യം മുതല്‍ കൃത്രിമ മഴക്ക് വേണ്ടിയുള്ള ക്ലൗഡ് സീഡിംഗിനായി 70 വ്യോമയാത്രകളാണ് നടത്തിയതെന്ന് കേന്ദ്രത്തിന്റെ കണക്കുകളില്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് ദിനങ്ങളില്‍ രാജ്യത്ത് പ്രകടമായ അസ്ഥിര കാലാവസ്ഥയും അതിനെ തുടര്‍ന്നുണ്ടായ ഇടിയോടു കൂടെയും അല്ലാതെയും ലഭ്യമായ ഇടത്തരവും കനത്തതുമായ മഴയും മുമ്പെങ്ങും കാണാത്തതായിരുന്നു. ഇക്കാലയളവില്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴയാണ് ലഭിച്ചത്. 2003ലാണ് മുമ്പ് രാജ്യത്ത് കൂടുതല്‍ മഴ ലഭിച്ചത്. 189.8 മില്ലീമീറ്ററായിരുന്നു അന്നത്തെ മഴയുടെ അളവ്. 2013ഉം യു എ ഇക്ക് നല്ല മഴ ലഭിച്ച വര്‍ഷമായിരുന്നു. 139.9 മില്ലീമീറ്ററായിരുന്നു 2013ല്‍ ലഭിച്ച മഴയുടെ അളവെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
റാസ് അല്‍ ഖൈമയിലെ ജബല്‍ജൈസ് പര്‍വത പ്രദേശങ്ങളിലും പരിസരങ്ങളിലുമാണ് ഈ വര്‍ഷം കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ഇവിടെ വാദി ശഹ്ഹയിലാണ് 247.4 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയത്. കാലാവസ്ഥാ കേന്ദ്രം നടത്തിയ ക്ലൗഡ് സീഡിംഗ് രാജ്യത്ത് ഈ വര്‍ഷം കൂടുതല്‍ മഴ ലഭിക്കാന്‍ കാരണമായിട്ടുണ്ടെന്ന് കേന്ദ്രം അധികൃതര്‍ പറഞ്ഞു.

കേന്ദ്രം നടത്തിയ ക്ലൗഡ് സീഡിംഗ് ശ്രമങ്ങളെല്ലാം പൂര്‍ണാര്‍ഥത്തില്‍ വിജയം കണ്ടില്ലെങ്കിലും ചില ശ്രമങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ലക്ഷ്യം കണ്ടതായി അധികൃതര്‍ വെളിപ്പെടുത്തി. കൃത്രിമ മഴ പെയ്യിക്കാനുള്ള സാങ്കേതിക വിദ്യകള്‍ യു എ ഇയില്‍ തന്നെ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണെന്നും സമാന മേഖലയിലുള്ള വിദേശ സ്ഥാപനങ്ങളുടെ സഹകരണം ഇക്കാര്യത്തില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Latest