Connect with us

Kerala

കേസ് വിവരങ്ങള്‍ പത്രപരസ്യം ചെയ്യണം; സ്ഥാനാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ അവരുടെ കേസുവിവരങ്ങള്‍ പത്രത്തിലും ടെലിവിഷനിലും പരസ്യം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം. സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കുന്നതെന്നും അതിനാല്‍ ഇതില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കറാം മീണ അറിയിച്ചു.

അതാത് ജില്ലകളില്‍ പ്രചാരമുള്ള മൂന്ന് പത്രങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ പരസ്യം നല്‍കേണ്ടത്. ടെലിവിഷനില്‍ 7 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യവും പ്രസിദ്ധീകരിക്കണം. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മൂന്ന് തവണ പരസ്യം നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ സെപ്തംബറില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് ക്രിമിനല്‍ കേസ് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് വ്യക്തമാക്കുന്നത്. അതേസമയം, ഇത് പ്രായോഗികമല്ലെന്ന നിലപാടിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. 75 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാന്‍ അനുമതിയുള്ളത്. പത്ര-ടെലിവിഷന്‍ പരസ്യത്തിനുള്ള ചെലവും ഇതില്‍ ഉള്‍പ്പെടും. പരസ്യം നല്‍കിയാല്‍ പിന്നെ പ്രചാരണത്തിന് പണമുണ്ടാകില്ലെന്ന് പാര്‍ട്ടികള്‍ പറയുന്നു.

Latest