Connect with us

Kerala

അമേത്തിയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ശേഷമാണോ രാഹുല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി കേരളത്തിലെത്തിയത്: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റും വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായി രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധി പ്രതിനിധീകരിച്ച അമേത്തി പോലുള്ള സ്ഥലങ്ങളില്‍ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത ശേഷമാണോ കേരളത്തിലേക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി എത്തിയതെന്ന് കോടിയേരി ചോദിച്ചു. ഇന്ത്യയുടെ അങ്ങേയറ്റത്തുനിന്ന് ഇങ്ങേയറ്റത്ത് വന്ന് ദാരിദ്ര്യത്തോട് പോരാടാനുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം തമാശയായി മാത്രമേ രാജ്യം കാണുകയുള്ളുവെന്നും ഫേസ്ബുക്ക് പേജില്‍ കോടിയേരി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ മുതല്‍ അദ്ദേഹം വരെ പ്രതിനിധീകരിച്ചിരുന്ന ഉത്തര്‍പ്രദേശിലെയും അവരിന്നുവരെ കടന്നു വരാത്ത കേരളത്തിലെയും ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് (HDI, 2017) യഥാക്രമം 0.583 ഉം 0.784 ഉം ആണെന്നത് അദ്ദേഹം മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. കുറച്ചുകൂടി കടന്ന് പരിശോധിച്ചാല്‍ ഇരു സംസ്ഥാനങ്ങളിലെയും മള്‍ട്ടി ഡൈമെന്‍ഷണല്‍ പോവെര്‍ട്ടി ഇന്‍ഡക്‌സ് കേരളത്തിന്റേത് 0.004 ഉം യു പി യുടേത് 0.180ഉം ആണ്. അതായത് അദ്ദേഹത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കേരളത്തിനേക്കാള്‍ മുമ്പേ നടപ്പിലാവേണ്ടത് യു പിയിലാണ്. എന്നിട്ടുമെന്താണ് അദ്ദേഹം യു പിയില്‍ നിന്നും താരതമ്യേന മെച്ചപ്പെട്ട ജീവിത നിലവാരമുള്ള കേരളത്തിലേക്ക് വന്നത്?

മനുഷ്യ ജീവിത സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ഇത്തരം വാഗ്ദാനങ്ങള്‍ കേരളത്തിനേക്കാള്‍ നന്നായി ചെലവാകുന്നത് ഉത്തരേന്ത്യയില്‍ ആയിരിക്കുമല്ലോ? അവിടെ ഇപ്പോള്‍ ഇത്തരം വാഗ്ദാനങ്ങള്‍ വിലപ്പോവില്ല എന്ന് മനസ്സിലാക്കിയാവും അദ്ദേഹത്തിന്റെ ഈ പരക്കം പാച്ചില്‍.
വാഗ്ദാനങ്ങള്‍ കൊണ്ട് മാത്രം വിശപ്പടക്കാന്‍ കഴിയില്ല. ഇത് അനുഭവിച്ചറിഞ്ഞതാണ് നമ്മുടെ ഇന്നലെകള്‍. കോണ്‍ഗ്രസ് “ഗരീബി ഹഠാവോ” മുദ്രാവാക്യം മുന്നോട്ട് വച്ച് 48 വര്‍ഷങ്ങള്‍ക്ക് ശേഷവും ദാരിദ്ര്യത്തിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രഖ്യാപിക്കേണ്ടിവരുന്നത് കഷ്ടമല്ലേ? ഈ 48 വര്‍ഷങ്ങളില്‍ കൂടുതലും രാജ്യം ഭരിച്ചത് കോണ്‍ഗ്രസ് ആണല്ലോ?.

ദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും ആത്മാര്‍തയുണ്ടെങ്കില്‍ ഇടതുപക്ഷത്തിന്റെ നയങ്ങളാണ് രാഹുല്‍ പിന്തുടരേണ്ടത്. അതിന് തയ്യാറുണ്ടോ എന്നും ചോദിച്ചാണ് കോടിയേരി പോസ്റ്റ് അവസാനിപ്പിക്കുന്നത്.