കനത്ത മഴയില്‍ നാലു സംസ്ഥാനങ്ങളിലായി മരിച്ചത് 35 പേര്‍; മോദിയുടെ നഷ്ടപരിഹാരം ആദ്യം ഗുജറാത്തിനു മാത്രം

Posted on: April 17, 2019 2:05 pm | Last updated: April 17, 2019 at 4:25 pm

ന്യൂഡല്‍ഹി: കനത്ത മഴയില്‍ മധ്യപ്രദേശ് ഉള്‍പ്പടെയുള്ള ഇതര സംസ്ഥാനങ്ങളിലും നിരവധി മരണങ്ങളും നാശനഷ്ടങ്ങളും സംഭവിച്ചിട്ടും ആദ്യം ഗുജറാത്തിന് മാത്രം നഷ്ടപരിഹാരം പ്രഖ്യാപിച്ച പ്രധാന മന്ത്രിയുടെ നടപടിക്കെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. കാലം തെറ്റി പെയ്ത മഴയിലും ഇടിമിന്നലിലും ഗുജറാത്തില്‍ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ ട്വിറ്ററിലൂടെ വേദന അറിയിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഈ വിവേചനത്തിനെതിരെയാണ് കമല്‍നാഥ് രംഗത്തെത്തിയത്.

‘മോദിജീ, നിങ്ങള്‍ ഗുജറാത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെയാകെ പ്രധാന മന്ത്രിയാണ്. കനത്ത മഴയില്‍ മധ്യപ്രദേശില്‍ 16 ഓളം പേര്‍ മരിച്ചിട്ടുണ്ട്. പക്ഷെ, താങ്കള്‍ ഗുജറാത്തിനോടുള്ള വികാരം മാത്രമാണ് പ്രകടിപ്പിച്ചത്. ബി ജെ പിയല്ല മധ്യപ്രദേശ് ഭരിക്കുന്നത് എന്നതുകൊണ്ടാണോ ഇത്. ഇവിടെയും ജനങ്ങള്‍ ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം.’-കമല്‍നാഥ് ട്വീറ്റ് ചെയ്തു.

വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് മഴ നാശം വിതച്ച മറ്റു സംസ്ഥാനങ്ങള്‍ക്കും ഒന്നര മണിക്കൂറിനു ശേഷം പ്രധാന മന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഗുജറാത്ത്, മണിപ്പൂര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലായി 32 പേര്‍ മരിച്ചു.