Connect with us

Alappuzha

വിപ്ലവമണ്ണിൽ വർധിത വീര്യം

Published

|

Last Updated

വർഗസമരത്തിന്റെ വീരസ്മരണകൾ ജ്വലിച്ചു നിൽക്കുന്ന ആലപ്പുഴയുടെ മണ്ണിൽ പോരാട്ടത്തിന് വീര്യമേറെ. പ്രധാന മുന്നണി സ്ഥാനാർഥികളായി നാട്ടുകാർ തന്നെ വന്നതോടെ മണ്ഡലത്തിൽ ആവേശം പരകോടിയിൽ.
ഇടതു മുന്നണി സ്ഥാനാർഥി സി പി എമ്മിലെ എ എം ആരിഫും യു ഡി എഫിലെ അഡ്വ. ഷാനിമോൾ ഉസ്മാനും ആലപ്പുഴ നഗരത്തിലെ സ്ഥിരതാമസക്കാരും ചിരപരിചിതരുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ നാട്ടുകാർ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത് ഇതാദ്യം. അതു കൊണ്ടുതന്നെ, ആരെ പിന്തുണക്കുമെന്ന കാര്യത്തിൽ വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടായാൽ പോലും അവരെ തെറ്റുപറയാനാകില്ല.

കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ള ഇരുത്തം വന്ന നേതാവാണ് അഡ്വ. ഷാനിമോൾ ഉസ്മാൻ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ഷാനിമോൾ ഏറെക്കാലം ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ ആയിരുന്നു. പാർട്ടിയിലായാലും പുറത്തായാലും ആരുടേയും മുഖത്ത് നോക്കി അഭിപ്രായങ്ങൾ പറയുന്ന പ്രകൃതക്കാരിയായതിനാൽ തന്നെ, കോൺഗ്രസിലെ പ്രമുഖർക്കടക്കം അവർ കണ്ണിലെ കരടുമായിരുന്നു. അതൊന്നും പക്ഷെ, തിരഞ്ഞെടുപ്പ് രംഗത്ത് ഒരു നിലക്കും ബാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

1996ൽ ആലപ്പുഴയുടെ എം എൽ എയും, 2009 മുതൽ തുടർച്ചയായി രണ്ട് തവണ മണ്ഡലത്തിൽ എം പി സ്ഥാനം അലങ്കരിക്കുകയും ചെയ്ത കെ സി വേണുഗോപാൽ, പാർട്ടിയിലെ പുതിയ ദൗത്യവും ഉത്തരവാദിത്വങ്ങളും കാരണം മത്സര രംഗത്ത് നിന്നൊഴിഞ്ഞതോടെയാണ് ഷാനിമോൾ കളത്തിലിറങ്ങിയത്. കെ സിയുടെ പിൻഗാമിയായി പാർട്ടി ചുമതലപ്പെടുത്തിയ ദൗത്യം ശിരസ്സാവഹിച്ച ഷാനിമോൾ, എങ്ങനെ മണ്ഡലം നിലനിർത്താമെന്ന പരീക്ഷണത്തിലാണ്. പൂർണ പിന്തുണയുമായി പാർട്ടിയും മുന്നണിയിലെ മറ്റു ഘടകകക്ഷികളും കൂടെയുള്ളത് ഷാനിമോൾക്ക് ആത്മവിശ്വാസം നൽകുന്നു. കെ സി വേണുഗോപാലിന്റെ ഇടപെടലിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾ എണ്ണിപ്പറഞ്ഞ് കെ സിയുടെ പിന്തുടർച്ച അവകാശപ്പെട്ടു തന്നെയാണ് ഷാനിമോൾ വോട്ട് തേടുന്നത്. കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ, ആലപ്പുഴ ബൈപാസ്, പള്ളിപ്പുറത്തെ പവർ മാനേജ്‌മെന്റ്കോളജ് തുടങ്ങി ഒട്ടേറെ വികസന പദ്ധതികൾ കൊണ്ടുവരികയും പല പദ്ധതികൾക്കും തുടക്കം കുറിക്കുകയും ചെയ്ത വേണുഗോപാലിന്റെ വികസന മാതൃക പിന്തുടരുമെന്ന വാഗ്്ദാനവും ഷാനിമോൾ നൽകുന്നു. പൊതുരംഗത്ത് ദീർഘകാല പ്രവർത്തന പരിചയമുള്ള ഷാനിമോൾ തന്റേതായ വികസന കാഴ്ചപ്പാടുകളും വോട്ടർമാർക്കിടയിൽ അവതരിപ്പിക്കുന്നു. ശബരിമല യുവതി പ്രവേശം, വിശ്വാസികളെ തെരുവിലിറക്കൽ, കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നിലപാടുകൾ, സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയം, പ്രളയം, ഓഖി ദുരിതാശ്വാസ പദ്ധതികളിൽ നിന്ന് അർഹരെ ഒഴിവാക്കൽ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ എണ്ണിപ്പറഞ്ഞാണ് യു ഡി എഫും ഷാനിമോളും വോട്ട് തേടുന്നത്. മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കൂടിയായതോടെ വൻ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് യു ഡി എഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. സാക്ഷാൽ കെ ആർ ഗൗരിയമ്മയിൽ നിന്ന് അരൂർ സീറ്റ് പിടിച്ചെടുത്ത് അവിടെ ഹാട്രിക് വിജയം കരസ്ഥമാക്കിയ ചരിത്രമുള്ള ഇടതു സ്ഥാനാർഥി അഡ്വ. എ എം ആരിഫ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ തന്നെയാണ് പൊതുരംഗത്തെത്തിയത്. നിയമവിദ്യാർഥിയായിരിക്കുമ്പോൾ നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പായിരുന്നു ആരിഫിന്റെ കന്നിപ്പോരാട്ടം. അരൂർ മണ്ഡലത്തിലെ സിറ്റിംഗ് എം എൽ എ ആയ ആരിഫ് തുടങ്ങിവെച്ച അരൂരിന്റെ ഐശ്വര്യം പദ്ധതി ആരെയും ആകർഷിക്കാൻ പോന്നതാണ്. വർഷം തോറും നടത്തിവരുന്ന ജോബ്‌ഫെയർ ആയിരക്കണക്കിന് യുവതീ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ്. അരൂരിലെ ഓരോ വോട്ടർമാരെയും അടുത്തറിയുന്ന ആരിഫ്, അരൂരിന്റെ ഐശ്വര്യം ഇനി ആലപ്പുഴയുടെ ഐശ്വര്യമാക്കി മാറ്റുമെന്ന വാഗ്്ദാനത്തോടെയാണ് വോട്ട് തേടുന്നത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏറ്റവും നീളമേറിയ നവോത്ഥാന മതിൽ നിർമിച്ച തീരദേശ മണ്ഡലത്തിൽ വിശ്വാസി സമൂഹം തങ്ങൾക്കെതിരല്ലെന്നാണ് ഇടതു ക്യാമ്പും ആരിഫും വിശ്വസിക്കുന്നത്. മണ്ഡലത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നൊരാളെ മത്സര രംഗത്തിറക്കിയതും ഇടതു പക്ഷത്തിന് പ്രതീക്ഷ നൽകുന്നതാണ്.

2009ൽ കെ സി വേണുഗോപാലിനുണ്ടായ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പകുതിയിൽ താഴെയായി ചുരുങ്ങിയതും ഇക്കുറി കെ സി മത്സര രംഗത്ത് നിന്നൊഴിവായതും ഇടതു മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 2009ൽ 57,635 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന കെ സിക്ക് 2014ലെത്തിയപ്പോൾ ഭൂരിപക്ഷം 19,407 ആയി ചുരുങ്ങി. ഇതിനു പുറമെ, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് ഒഴികെയുള്ള മുഴുവൻ മണ്ഡലങ്ങളും എൽ ഡി എഫിനൊപ്പമായതും ലോക്സഭാ തിരഞ്ഞെടുപ്പിലെ കെ സിയുടെ ഭൂരിപക്ഷത്തേക്കാൾ 94,000ഓളം വോട്ടിന്റെ ഭൂരിപക്ഷം നേടാനായതും ഇടതുമുന്നണിയുടെ പ്രതീക്ഷകൾക്ക് ശക്തിപകരുന്നു. മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള എസ് എൻ ഡി പി യോഗത്തിന്റെ പിന്തുണയും ഇക്കുറി തങ്ങൾക്കായിരിക്കുമെന്നാണ് എൽ ഡി എഫ് കണക്കുകൂട്ടുന്നത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ നിന്ന് വിളവെടുക്കാമെന്ന പ്രതീക്ഷയാണ് എൻ ഡി എക്ക്. അത്‌കൊണ്ട് തന്നെ കരുത്തനായ സ്ഥാനാർഥിയെ അവർ രംഗത്തിറക്കി. മുൻ പി എസ് സി ചെയർമാനും സംസ്‌കൃത സർവകലാശാല മുൻ വി സി യുമായ ഡോ. കെ എസ് രാധാകൃഷ്ണൻ ശബരിമല സമരം മുന്നിൽ നിന്ന് നയിച്ചയാൾ കൂടിയാണ്. ശബരിമല കർമസമിതി ജനറൽ കൺവീനർ കൂടിയായ രാധാകൃഷ്ണനെ ആ നിലക്ക് തന്നെ വിശ്വാസി സമൂഹത്തിന് പ്രിയങ്കരനാണെന്ന വിലയിരുത്തലാണ് ബി ജെ പിക്കുള്ളത്. ഇതിനും പുറമെ, കർമസമിതി അധ്യക്ഷ മാതാ അമൃതാനന്ദമയിയുടെ തട്ടകമായ കരുനാഗപ്പള്ളി ഈ മണ്ഡലത്തിന്റെ ഭാഗവുമാണ്. ബി ജെ പി ഘടക കക്ഷിയായ ബി ഡി ജെ എസിന്റെ തട്ടകം കൂടിയാണ് ആലപ്പുഴ.
1977 മുതലുള്ള മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ ആലപ്പുഴയുടെ മനസ്സ് കൂടുതൽ തവണ കീഴടക്കിയത് വലതു ജനാധിപത്യ ചേരിയാണ്. അതേസമയം, കന്നിക്കാർ വന്മരങ്ങളെ കടപുഴക്കിയ ചരിത്രവും ഈ തീരദേശ മണ്ഡലത്തിനുണ്ട്. 1980ൽ എ കെ ജിയുടെ സഹധർമിണി സുശീലാ ഗോപാലൻ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ആലപ്പുഴയുടെ എം പിയായി തിരഞ്ഞെടുക്കപ്പെട്ടത്. സുശീലയുടെ ഭൂരിപക്ഷത്തിന്റെ റെക്കോർഡ് ആർക്കും തകർക്കാൻ കഴിഞ്ഞിട്ടില്ല.

1991ൽ കന്നിയങ്കത്തിനെത്തിയ സി പി എമ്മിലെ ടി ജെ ആഞ്ചലോസിനേയും 2004ൽ കന്നിപ്പോരാട്ടത്തിനിറങ്ങിയ ഡോ. കെ എസ് മനോജിനേയും ജയിപ്പിച്ച ആലപ്പുഴ ഇക്കുറി എങ്ങോട്ടൊഴുകുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. 13,56,701 വോട്ടർമാരാണ് ആലപ്പുഴ മണ്ഡലത്തിലുള്ളത്.

എൽ ഡി എഫ്
സാധ്യത: സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം. അരൂർ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ. നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ ഭൂരിപക്ഷം.

ആശങ്ക: ശബരിമല വിഷയത്തിൽ വിശ്വാസികളുടെ നിലപാട്.

യു ഡി എഫ്
സാധ്യത: കെ സി വേണുഗോപാൽ നടപ്പാക്കിയ വികസന പദ്ധതികൾ. പാർട്ടിയിലേയും മുന്നണിയിലേയും ഐക്യം. കേന്ദ്ര സർക്കാറിനെതിരായ പൊതുവികാരം.

ആശങ്ക: എസ് എൻ ഡി പിയുടെ ഇടത് ചായ്്വ്. മണ്ഡലത്തിലെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളും വിജയിച്ചിരിക്കുന്നത് എൽ ഡി എഫ്.

എൻ ഡി എ
സാധ്യത: ശബരിമല വിഷയം അനുകൂലമാകുമെന്ന പ്രതീക്ഷ. ബി ഡി ജെ എസ് വഴി വരുന്ന ഈഴവ വോട്ട്.

ആശങ്ക: കേന്ദ്ര സർക്കാറിനെതിരായ വികാരം. പ്രധാന മത്സരം ഇടത് വലത് മുന്നണികൾ തമ്മിലാണെന്നത്.

Latest