Connect with us

Kannur

സാമ്പത്തിക മേഖലയുടെ തകര്‍ച്ചയും അഴിമതിയും രാജ്യത്തെ ദുരിതത്തിലാഴ്ത്തി: രാഹുല്‍

Published

|

Last Updated

കണ്ണൂര്‍: രാജ്യം പ്രധാനമായും മൂന്നു പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാമ്പത്തിക മേഖലയുടെ തകര്‍ച്ച, അഴിമതി, കാര്‍ഷിക വിളകളുടെ വിലയിടിവ് എന്നിവയാണ് അവയെന്ന് കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ സാമ്പത്തിക മേഖലയെ തകര്‍ത്തു. തൊഴിലില്ലായ്മ, നോട്ട് അസാധുവാക്കല്‍, ഗബ്ബര്‍സിംഗ് ടാക്‌സ് തുടങ്ങിയവ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചു.

നിരവധി കര്‍ഷകരാണ് കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് ആത്മഹത്യ ചെയ്തത്. 30,000 കോടി രൂപയാണ് മോദി ജനങ്ങളില്‍ നിന്ന് കൊള്ളയടിച്ച് വ്യവസായ ഭീമന്‍ അനില്‍ അംബാനിക്ക് നല്‍കിയത്. 27000 യുവാക്കള്‍ക്കാണ് ഓരോ മണിക്കൂറിലും രാജ്യത്ത് തൊഴില്‍ നഷ്ടമാകുന്നത്. ഇങ്ങനെയൊക്കെ എന്തുകൊണ്ട് സംഭവിച്ചു എന്ന് മോദി വ്യക്തമാക്കണം. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ വിഷയമാകും.

റഫാല്‍ കേസിലെ സുപ്രീം കോടതി വിധി സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നു വ്യക്തമാക്കിയ രാഹുല്‍ നിങ്ങളെന്നോടു ചോദിക്കുന്ന പോലെ പ്രധാന മന്ത്രിയോട് ചോദിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. പ്രാദേശിക, ദേശീയ മാധ്യമങ്ങളെ കാണാന്‍ പ്രധാന മന്ത്രി തയാറാകുന്നില്ല. വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ സംബന്ധിച്ചു ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അക്രമത്തിലല്ല, അഹിംസയിലാണ് വിശ്വസിക്കുന്നതെന്നായിരുന്നു രാഹുലിന്റെ മറുപടി.

തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.