Connect with us

Kerala

രാഹുല്‍ ഇന്ന് വയനാട്ടില്‍; പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍

Published

|

Last Updated

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേത്തിക്കൊപ്പം താന്‍ മത്സരിക്കുന്ന വയനാട് മണ്ഡലത്തിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച എത്തും. രാവിലെ കണ്ണൂരില്‍ നിന്നാണ് അദ്ദേഹം എത്തുക.

തിരുനെല്ലി എസ് എ യു പി സ്‌കൂളില്‍ സജ്ജീകരിച്ച ഹെലിപാഡില്‍ രാവിലെ പത്തോടെ ഹെലികോപ്ടര്‍ ഇറങ്ങുന്ന രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തും. തുടര്‍ന്ന് പിതാവും മുന്‍ പ്രധാന മന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശിനിയില്‍ ബലിയര്‍പ്പിച്ച ശേഷം അദ്ദേഹം പ്രചാരണ പരിപാടികളിലേക്ക് തിരിയും.

രാഹുല്‍ പ്രസംഗിക്കുന്ന സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഗ്രൗണ്ട്‌ ഉള്‍പ്പടെ അദ്ദേഹം എത്തുന്ന ജില്ലയിലെ കേന്ദ്രങ്ങളിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുനെല്ലി, ബത്തേരി എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്പപ്പാറ മുതല്‍ തിരുനെല്ലി വരെയുള്ള പാതയില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കരുതെന്നും എസ് എ എല്‍ പി സ്‌കൂള്‍, ഹെലിപ്പാഡ് പരിസരങ്ങളില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കുന്നതല്ലെന്നും പോലീസ് അറിയിച്ചു.

 

Latest