Connect with us

Ongoing News

ബൂത്തിൽ മോദിയുടെ ക്യാമറയുണ്ട്; ബി ജെ പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ പണി പോകും

Published

|

Last Updated

രമേഷ് കത്താരെ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിംഗ് ബൂത്തുകളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബി ജെ പിക്ക് വോട്ട് ചെയ്യാത്തവരുടെ ജോലി നഷ്ടമാകുമെന്നും ഗുജറാത്ത് എം എൽ എയുടെ ഭീഷണി. ഫത്തേപുരയിലെ ബി ജെ പി. എം എൽ എ രമേഷ് കത്താരെയാണ് ഗോത്ര വർഗക്കാർ ഒരുമിച്ചുകൂടിയ പൊതുവേദിയിൽ വെച്ച് വിവാദ പരാമർശം നടത്തിയത്.

ദഹോദ് മണ്ഡലം ബി ജെ പി സ്ഥാനാർഥി ജസ്വന്ത് സിൻഹ് ബാഭോറിന്റെ പ്രചാരണ വേദിയിലാണ് എം എൽ എ ഇക്കാര്യം വ്യക്തമാക്കിയത്.

“പോളിംഗ് ബൂത്തുകളിൽ നരേന്ദ്ര മോദി ക്യാമറകൾ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. ആരൊക്കെയാണ് കോൺഗ്രസിന് വോട്ട് ചെയ്യുന്നതെന്ന് കൃത്യമായി വിവരം കിട്ടും. അവരുടെ തൊഴിൽ നഷ്ടമാകും. ആധാർ കാർഡിലും മറ്റും നിങ്ങളുടെ ഫോട്ടോയുണ്ട്. നിങ്ങളുടെ ബൂത്തിൽ വോട്ടുകൾ കുറയുകയാണെങ്കിൽ ആരാണ് വോട്ട് ചെയ്യാത്തവരെന്ന് മനസ്സിലാകും. അവരുടെ പണിയും പോകും.” രമേഷ് പറഞ്ഞു.

ബി ജെ പി നേതാക്കളും പ്രവർത്തകരും വ്യാപകമായി വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതിന്റെ തുടർച്ചയായാണ് രമേഷിന്റെ പ്രസ്താവനയും. തനിക്ക് വോട്ട് ചെയ്യാത്ത മുസ്‌ലിംകൾക്ക് ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി മേനക ഗാന്ധി പറഞ്ഞത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.ഖട്ടാരയുടെ ഭീഷണി പ്രതിപക്ഷപാർട്ടികൾ ഏറ്റെടുത്തു. ഇത്തരം ഭീഷണികളെ കുറച്ച് കാണരുതെന്നും കർശന നടപടി വേണമെന്നും ആർ ജെ ഡി ട്വീറ്റ് ചെയ്തു.

അതേസമയം, എം എൽ എയെ ന്യായീകരിച്ച് ബി ജെ പി വക്താവ് പ്രശാന്ത് വാല രംഗത്തെത്തി. ഗോത്ര വർഗക്കാരായ വോട്ടർമാരോട് അവരുടെ വോട്ടവകാശം വികസനത്തിന് വേണ്ടി ഉപയോഗിക്കാനാണ് രമേഷ് കത്താരെ ആവശ്യപ്പെട്ടതെന്നും എന്നാൽ, അസഭ്യ ഭാഷകളോട് ബി ജെ പി എതിരാണെന്നും ആരെയും അത്തരം ഭാഷ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും പ്രശാന്ത് വിശദീകരിച്ചു.

എന്നാൽ, താൻ വോട്ടർമാരെ ഭീഷണിപ്പെടുത്തിയില്ലെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ രാഷ്ട്രീയപ്രേരിതമായി വ്യാജ വീഡിയോ ഉണ്ടാക്കുകയായിരുന്നുവെന്നുമാണ് കത്താരെയുടെ ന്യായീകരണം.

അതിനിടെ, സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കത്താരക്ക് നോട്ടീസ് അയച്ചു. ഒരു ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് എം എൽ എയോട് ആവശ്യപ്പെട്ടതെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ വി കെ ഖരാടി വ്യക്തമാക്കി.

---- facebook comment plugin here -----

Latest