Connect with us

Ongoing News

രാജ് താക്കറെ തിരക്കിൽ; ബി ജെ പിക്ക് അങ്കലാപ്പ്

Published

|

Last Updated

മുംബൈ: മഹാരാഷ്ട്ര നവനിർമാൺ സേന (എം എൻ എസ്) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും സംഘടനാ നേതാവ് രാജ് താക്കറെ പ്രചാരണത്തിരക്കിലാണ്. ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത എം എൻ എസ് പിന്നെ ആർക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നുവെന്ന ചോദ്യം പ്രസക്തമാണ്. അതിന്റെ ഉത്തരം ബി ജെ പി നൽകും. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ അശ്വനി കുമാറിനെ കഴിഞ്ഞ ദിവസം സന്ദർശിച്ച മുതിർന്ന ബി ജെ പി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വിനോദ് താവ്‌ദെ ആവശ്യപ്പെട്ടത് രാജ് താക്കറെയുടെ പ്രചാരണ ചെലവ് കോൺഗ്രസിന്റെ കണക്കിൽ ഉൾപ്പെടുത്തണമെന്നാണ്. അതിനർഥം രാജ് താക്കറെയുടെ പിന്തുണ ബി ജെ പിക്കല്ല, കോൺഗ്രസിന് തന്നെയാണെന്നാണ്. കഴിഞ്ഞ ദിവസം നന്ദേദിൽ നടന്ന താക്കറെയുടെ പ്രചാരണ പരിപാടിയിലെ ജനസാന്നിധ്യം ബി ജെ പിയെ അങ്കലാപ്പിലാക്കിയിരിക്കുന്നു. എൻ സി പി- കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമല്ല എം എൻ എസ്. പക്ഷേ, സംസ്ഥാനത്തെ ബി ജെ പി- ശിവസേന സഖ്യത്തെ പരസ്യാമായി തള്ളിപ്പറഞ്ഞുകൊണ്ടാണ് രാജ് താക്കറെയുടെ പ്രസംഗങ്ങൾ. അമിത് ഷാക്കും നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ വിമർശനമാണ് അദ്ദേഹം പ്രസംഗങ്ങളിൽ ഉന്നയിക്കുന്നത്.

ശിവസേനയിൽ നിന്ന് വിട്ടുവന്നാണ് രാജ് താക്കറെ “മണ്ണിന്റെ മക്കൾ വാദം” ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന എം എൻ എസിന് 2006ൽ രൂപംകൊടുത്തത്. തിരഞ്ഞെടുപ്പ് സീറ്റ് തർക്കം തന്നെയായിരുന്നു അതിന്റെ കാരണങ്ങളിലൊന്ന്. തുടർന്ന് 2009ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച എം എൻ എസിന് 13 സീറ്റുകളിൽ ജയിക്കാനും സാധിച്ചിരുന്നു. പക്ഷേ, 2014ലെ തിരഞ്ഞെടുപ്പിൽ അത് ഒറ്റ സീറ്റായി ചുരുങ്ങി. ആ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒമ്പത് സ്ഥാനാർഥികളെ നിർത്തിയെങ്കിലും ആരും വിജയിച്ചില്ല. അതുകൊണ്ട് ഇത്തവണ മത്സരിപ്പിക്കുന്നുമില്ല. പക്ഷേ, ഏതുവിധേനയും ബി ജെ പി- ശിവസേന സഖ്യത്തെ തോൽപ്പിക്കുമെന്ന് രാജ് താക്കറെ നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. രഹസ്യമായെങ്കിലും പല കോൺഗ്രസ്- എൻ സി പി സ്ഥാനാർഥികളും രാജ് താക്കറെ തങ്ങളുടെ മണ്ഡലത്തിൽ പ്രചാരണത്തിനെത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇത് മുന്നിൽക്കണ്ടാണ് ബി ജെ പി ഒരുമുഴം മുന്നിലെറിയുന്നത്.

നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെന്ന് പ്രസംഗിച്ചു നടക്കുന്ന രാജ് താക്കറെ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും എൻ സി പി പ്രസിഡന്റ് ശരത് പവാറിന്റെയും സ്ഥാനാർഥികളെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നുമാണ് വിനോദ് താവ്‌ദെ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നത്. അതുകൊണ്ടുതന്നെ രാജ് താക്കറെയുടെ പ്രചാരണ ചെലവ് ഈ പാർട്ടികളുടെ കണക്കിൽ ഉൾപ്പെടുത്തണം. ആർക്ക് വേണ്ടിയാണ് താങ്കൾ പ്രചാരണം നടത്തുന്നതെന്ന് രാജ് താക്കറെയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ചോദിക്കണമെന്നും ബി ജെ പിയുടെ പരാതിയിലുണ്ട്.

അതേസമയം, താക്കറെയുടെ പ്രചാരണ റാലികളിലെ ആവേശം ബി ജെ പിയെ ആങ്കലാപ്പിലാക്കിയിരിക്കുകയാണെന്ന് എം എൻ എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെ പ്രതികരിച്ചു. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ആർക്കും ആശയങ്ങൾ പ്രചരിപ്പിക്കാൻ അവകാശമുണ്ട്. സംസ്ഥാനം മുഴുവൻ ഇത്തരം പ്രചാരണങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ദേശ്പാണ്ഡെ വ്യക്തമാക്കി. ഇന്ന് സോലാപൂർ, നാളെ കോൽഹാപൂർ, 17ന് കരാദ്, 18ന് ബാരാമതി, 19ന് റായ്ഗഢ് എന്നിവിടങ്ങളിൽ രാജ് താക്കറെയുടെ പ്രചാരണ യോഗങ്ങൾ നടക്കുന്നുണ്ട്. പാർഥ് പവാർ മത്സരിക്കുന്ന പൻവേൽ, മിലിന്ദ് ദിയോറ മത്സരിക്കുന്ന സൗത്ത് മുംബൈ, സുരേഷ് തവാരെ ജനവിധി തേടുന്ന ഭീവണ്ടി, സഞ്ജയ് പാട്ടീൽ മത്സരിക്കുന്ന മുംബൈ നോർത്ത്- ഈസ്റ്റ് എന്നിവിടങ്ങളിലും താക്കറെ പ്രചാരണത്തിനെത്തുന്നുണ്ടെന്ന് എം എൻ എസ് അറിയിച്ചു.

എന്നാൽ, രാജ് താക്കറെയുടെ റാലിയുമായി കോൺഗ്രസിന് ബന്ധമൊന്നുമില്ലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും നന്ദേദിലെ സ്ഥാനാർഥിയുമായ അശോക് ചവാൻ പ്രതികരിച്ചു. എം എൻ എസുമായി ഒരു തലത്തിലും സഖ്യത്തിനില്ലെന്ന് നേരത്തേ തന്നെ കോൺഗ്രസ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ചവാൻ പറഞ്ഞു.