Connect with us

Kozhikode

തിരഞ്ഞെടുപ്പിൽ വ്യാപാരികൾ സമദൂരത്തിന്

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം. ഇടത്, വലത് , എൻ ഡി എ മുന്നണികൾക്ക് പിന്തുണ നൽകില്ല. 20 മണ്ഡലത്തിലും സ്ഥാനാർഥികളെ നോക്കി തീരുമാനമെടുക്കാൻ സംഘടന സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീനെ ചുമതലപ്പെടുത്തി. പിന്തുണ നൽകുന്ന സ്ഥാനാർഥികളുടെ പട്ടികയിൽ ഈ മാസം 17ന് കോഴിക്കോട്ട് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കും. വിദേശ നിക്ഷേപം, കയറ്റുമതി ചുങ്കം വർധിപ്പിക്കൽ, നോട്ട് നിരോധനം, ജി എസ് ടി എന്നിവയിലുൾപ്പെടെ കേന്ദ്ര സർക്കാർ നിലപാട് വലിയ തോതിൽ വ്യാപാരികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് സംഘടനയുടെ വിലയിരുത്തൽ.

രാജ്യത്തെ വ്യാപാര മേഖലയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിട്ട കേന്ദ്ര സർക്കാറിന് പിന്തുണ നൽകാൻ കഴിയില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നിലപാട്. ഇടതു- വലതുമുന്നണികളും കാര്യമായി സഹായിച്ചില്ല. സംഘടനകളുടെ പ്രകടന പത്രികയിൽ പോലും വ്യാപാരികൾക്ക് അനുകൂലമായ യാതൊരു നിലപാടുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ സിറാജിനോട് പറഞ്ഞു.

ദേശീയപാതക്ക് സ്ഥലമെടുക്കുമ്പോൾ കെട്ടിട, സ്ഥലമുടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ കട നടത്തുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ വലിയ തോതിൽ വ്യാപാരത്തെ ബാധിച്ചതായി സംഘടന വിലയിരുത്തി.

നിയമത്തിൽ വീഴ്ച വരുത്തിയാൽ കനത്ത പിഴയാണ് സംസ്ഥാന സർക്കാർ ഈടാക്കുന്നത്. സംഘടന മുന്നോട്ട് വെച്ച വാടക നിയന്ത്രണ നിയമം അംഗീകരിച്ചില്ലെന്നും വ്യാപാരികൾ പറയുന്നു. പ്രളയ ദുരിതത്തിൽ പെട്ടവർക്കെല്ലാം സംസ്ഥാന സർക്കാർ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ സർവവും നഷ്ടപ്പെട്ട വ്യാപാരികൾക്ക് യാതൊരു സഹായവും അനുവദിച്ചില്ലെന്ന് ടി നസിറുദ്ദീൻ പറഞ്ഞു. കോൺഗ്രസ് പ്രകടന പത്രികയിൽ ജി എസ് ടി സംബന്ധമായ ഒരു അനുകൂല നിർദേശം ഉണ്ടെന്നതൊഴിച്ചാൽ വ്യാപാരികൾ ഉന്നയിച്ച മറ്റൊരു കാര്യവും ഉയർത്തിക്കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞില്ലെന്നാണ് സംഘടനയുടെ വിലയിരുത്തൽ.

ഈ സാഹചര്യത്തിലാണ് ഇടത് – വലത് മുന്നണികൾക്കും ദേശീയ ജനാധിപത്യ സഖ്യത്തിനും പിന്തുണ നൽകേണ്ടതില്ലെന്ന് സംഘടന തീരുമാനിച്ചത്. സംസ്ഥാനത്ത് ഏഴര ലക്ഷത്തോളം സജീവ അംഗങ്ങളുണ്ടെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

ഇതിന് പുറമെ കുടുംബങ്ങളുൾപ്പെടെ ഒരു കോടിയിലധികം വോട്ടർമാർ വ്യാപാരി സമൂഹത്തിലുണ്ടെന്നും സംഘടന അവകാശപ്പെടുന്നു. ഇവരിൽ എല്ലാവരും തന്നെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ സംഘടനയുടെ നിർദേശം അംഗീകരിക്കാൻ സാധ്യതയില്ലെങ്കിലും ഭൂരിപക്ഷം പേരും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം സ്വീകരിക്കാൻ സാധ്യതയുണ്ട്. 20 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ വ്യാപാരികൾ നിർണായക ശക്തിയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി പറഞ്ഞു.

കോഴിക്കോട്ട് പിന്തുണ സ്വതന്ത്ര സ്ഥാനാർഥിക്ക്?

കോഴിക്കോട്: കരുത്തരായ ഇടത്- വലത് മുന്നണ് സ്ഥാനാർഥികൾ മത്സരിക്കുന്ന കോഴിക്കോട് മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥി നുസ്‌റത്ത് ജഹാന് പിന്തുണ നൽകാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനമെടുത്തതായി സൂചന. കോഴിക്കോട്ടെ പൈതൃക നഗരമായ മിഠായി തെരുവിൽ വാഹന ഗതാഗത നിയന്ത്രണവുമായി ബന്ധപ്പട്ട് രണ്ട് സ്ഥാനാർഥികളും സ്വീകരിച്ച നിലപാടുകളാണ് വ്യാപാരികളെ ചൊടിപ്പിച്ചത്. മിഠായി തെരുവിൽ വാഹന ഗതാഗതം നിരോധിച്ചതിനെ തുടർന്ന് വലിയ തോതിൽ കച്ചവട നഷ്ടമുണ്ടായതായാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിലയിരുത്തൽ.
ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് കോഴിക്കോട് നോർത്ത് എം എൽ എയും എൽ ഡി എഫ് സ്ഥാനാർഥിയുമായ എ പ്രദീപ് കുമാർ സ്വീകരിച്ച നിലപാടും എം പിയെന്ന നിലയിൽ യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവന്റെ മനോഭാവവുമാണ് ഇവർക്ക് രണ്ട് പേർക്കും പിന്തുണ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതിന് കാരണമെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ പറഞ്ഞു. ഇത് സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അനുമതിക്കായി സമർപ്പിച്ചു. നുസ്‌റത്ത് ജഹാന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

---- facebook comment plugin here -----

Latest