Connect with us

Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ പി കുഞ്ഞിമൂസ അന്തരിച്ചു

Published

|

Last Updated

കോഴിക്കോട്: എഴുത്തുകാരനും ചന്ദ്രിക മുൻ എഡിറ്ററുമായ കെ പി കുഞ്ഞിമൂസ(78) അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെ പന്നിയങ്കരയിലെ മൈത്രി വീട്ടിലായിരുന്നു അന്ത്യം. ഭാര്യ: കതിരൂർ വി എം ഫൗസിയ, മക്കൾ: വി എം ഷെമി, ഷെജി, ഷെസ്‌ന. മരുമക്കൾ: പി എം ഫിറോസ്, നൗഫൽ, ഷഹസാദ് (ഇരുവരും ദുബൈ).

തലശ്ശേരി പുന്നോൽ സ്വദേശിയായ കുഞ്ഞിമൂസ നാലര പതിറ്റാണ്ടായി കോഴിക്കോടാണ് താമസം. ബ്രണ്ണൻ കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തു. 1966 ൽ കോഴിക്കോട് ചന്ദ്രിക ദിനപത്രത്തിൽ സഹ പത്രാധിപരായി ജോലിയിൽ പ്രവേശിച്ചു. വാരാന്തപ്പതിപ്പ് എഡിറ്റർ, ചീഫ് സബ് എഡിറ്റർ എന്നീ പദവികൾ വഹിച്ചു. 1975 മുതൽ ഒരു പതിറ്റാണ്ട് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായി. 1986 ൽ ചന്ദ്രിക വാരിക എഡിറ്ററായി. കേരള പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റിയംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ, എ എഫ് ഡബ്ല്യു ജെ നാഷനൽ കൗൺസിൽ അംഗം, സീനിയർ ജേർണലിസറ്റ് ഫോറം സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.

ഖത്തർ മിഡിൽ ഈസ്റ്റ് ഫ്രണ്ട്ഷിപ്പ് അവാർഡ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പുരസ്‌കാരം, കുവൈത്ത്, സലാല പുരസ്‌കാരങ്ങൾ, സജ്ഞയൻ സ്മാരക അവാർഡ് തുടങ്ങി ഒട്ടനേകം പുരസ്കാരം നേടി. സ്വന്തമായി മൈത്രീ ബുക്ക്‌സ് പ്രസിദ്ധീകരണാലയം നടത്തുന്നു. മയ്യിത്ത് നമസ്‌കാരം ഇന്ന് ളുഹർ നിസ്‌കാര ശേഷം പന്നിയങ്കര ജുമുഅത്ത് പള്ളിയിൽ. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.

Latest