മരം

കവിത
Posted on: April 14, 2019 3:23 pm | Last updated: April 14, 2019 at 3:23 pm

വേനലിൽ നീര് വറ്റിയ
ഇലകൊഴിഞ്ഞ് തല നരച്ച
മരമായിരുന്നു അത്
മീനച്ചൂട് പൊള്ളിച്ചപ്പോൾ
വേവാത്ത ഒന്നും ഉടലിൽ
ബാക്കിയുണ്ടായിരുന്നില്ല
അന്നേരവും പ്രതീക്ഷയുടെ
വിഷുക്കാലം
അതിന്റെ മനസ്സിൽ
കുളിര് പെയ്യിച്ചു
കൊന്ന പൂത്തിട്ടുണ്ടല്ലോ
ഇനി വിഷുപ്പക്ഷി നീട്ടിപ്പാടും
പിന്നെ ഒട്ടും വൈകില്ല,
ഒരു മഴ അകലെ നിന്ന്
ഇരമ്പിയാർത്ത് വരും
തലകുടഞ്ഞു വെള്ളം-
ചിതറിത്തെറിപ്പിച്ച്
കുടിച്ച്, കുളിച്ച്
അങ്ങനെ ഹാ എന്തൊരു
തണുപ്പ്…
കുതിച്ചെത്തിയ കനൽക്കാറ്റ്
തീയായ് മാറിയതും
ഉടലിനെ കരിച്ചതും
ആ തണുപ്പിൽ
മരമറിഞ്ഞത് പോലുമില്ല

ഷീബ സുരേഷ്