ജീവിതം അനായാസകരം

ടിപ്സ്
Posted on: April 14, 2019 3:20 pm | Last updated: April 14, 2019 at 3:20 pm

ഈയിടെ, ഒരു യുവസാഹിത്യകാരൻ താനെഴുതിയ പുസ്തകവുമായി മുതിർന്ന പൗരന്റെ വീട്ടിൽ പോയി. അൽപ്പം സഹൃദയത്വവും സാഹിത്യാഭിരുചിയുമൊക്കെയുള്ള കൂട്ടത്തിലാണ് മുതിർന്ന പൗരൻ. രണ്ടോ മൂന്നോ വാരികകളിലായി ഒരു ഡസനോളം കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. സമ്പന്ന സവർണ കുടുംബാംഗവുമാണ്. “ആനന്ദലബ്ധിക്കിനി വേറെയെന്തുവേണം?’
കുശലാന്വേഷണങ്ങൾക്ക് ശേഷം ആഗതൻ പറഞ്ഞു: “ഒരു പുസ്തകം തരാൻ വന്നതാണ്. എന്റെ പതിമൂന്നാമത്തെ പുസ്തകമാണിത്.’
“എന്താണ്? കഥയോ നോവലോ?’ മുതിർന്നയാളുടെ ചോദ്യം.’ രണ്ടുമല്ല. യാത്രാവിവരണമാണ്’.
“അവിടെ പോയി, ഇവിടെ പോയി, അത് ചെയ്തു, ഇത് ചെയ്തു എന്നൊക്കെയല്ലേ?’

മുതിർന്ന പൗരന്റെ ആ ചോദ്യം യുവ സാഹിത്യകാരന് ഇഷ്ടപ്പെട്ടില്ല. അയാൾ ഉടനെ ചോദിച്ചു: “അങ്ങനെയെങ്കിലും ഒന്നെഴുതാൻ ഇതുവരെ നിങ്ങൾക്ക് കഴിഞ്ഞില്ലല്ലോ?’
മുതിർന്ന പൗരന്റെ കണ്ണുകൾ വികസിച്ച് വട്ടം വെച്ചു. മുഖത്ത് ചോര ഇരച്ചുകയറി. അയാൾ ചിന്തിച്ചു: എന്താണിത് കേൾക്കുന്നത്? “തിരുവായ്ക്ക് എതിർവായയോ?’
അയാൾ ആഗതനെ നിഷ്‌കരുണം നോക്കി. ആഗതൻ തിരിച്ചും. ഇരുവരും അൽപ്പനേരം നിശ്ശബ്ദത പാലിച്ചു.
അവസാനം സീനിയർ സിറ്റിസൺ “തണുത്തു’. അയാൾ സ്വയം സമാധാനിച്ചു: “ആ, അതും ശരിയാണ്.’
ഇതുപോലെ ധാരാളം ആൾക്കാരുണ്ട്. “നീയും നിങ്ങളും ചെയ്യുന്നതൊക്കെ നിസ്സാരം. ഞാനും ഞങ്ങളും ചെയ്യുന്നതൊക്കെ ഉദാത്തം’. ഈ മനോഭാവം മാറ്റിയേ തീരൂ. കാലം മാറി, ഇപ്പോഴും മാറിക്കൊണ്ടേയിരിക്കുന്നു. ഇത് നസ്സിലാക്കി “മനസ്സിലിരിപ്പ്’ മാറ്റിയില്ലെങ്കിൽ, കവി പാടിയതുപോലെ, “മാറ്റുമതുകളീ നിങ്ങളെത്താൻ.’
ജീവിത വിജയത്തിനാവശ്യം ധനവും പ്രൗഢിയും മാത്രമല്ല. അറിവും ബോധവും കൂടി വേണം. അറിവ് ഏറിയും ചുരുങ്ങിയും ഏവർക്കുമുണ്ട്. ബോധം പലർക്കുമില്ല. അറിവ് ഒരു കത്തിയാണെന്ന് കരുതുക. എങ്കിൽ, ബോധം ആ കത്തിയുടെ മൂർച്ചയാണ്. മൂർച്ചയില്ലാത്ത കത്തി കൊണ്ടെന്ത് പ്രയോജനം? ബോധമില്ലാത്ത അറിവ് കൊണ്ടും പ്രയോജനമില്ല.

നിത്യജീവിതാനുഭവങ്ങളാണ് നമുക്ക് ബോധം നൽകുന്നത്. കണ്ടും കേട്ടും പരിചയപ്പെട്ടും ഉണ്ടാകുന്ന എല്ലാ അനുഭവങ്ങളും സുഖദായകമാകണമെന്നില്ല. ചിലതെങ്കിലും വിഷമങ്ങളോ ദുഃഖങ്ങളോ ഉണ്ടാക്കിയെന്ന് വരാം. അതിനുള്ള പ്രതിവിധി, അതേ സ്വഭാവത്തോടെ പ്രതികാരം ചെയ്യുകയല്ല. ഹൃദയവിശാലതയും മനസംസ്‌കരണവും ലഭിച്ച ഒരു മനുഷ്യനെന്ന ഖ്യാതി നമുക്ക് മറ്റുള്ളവർക്കിടയിൽ ലഭിക്കണമെങ്കിൽ നാം ചില നല്ല ശീലങ്ങൾ പാലിച്ചേ പറ്റൂ.
മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാൻ വേണ്ടി മാത്രം അവരെ ശ്രദ്ധിക്കുന്നത് ഒഴിവാക്കുക. പകരം അവരുടെ സദ്ഗുണങ്ങൾ ശ്രദ്ധിക്കുക. നമുക്കും ദൗർബല്യങ്ങളും ദുശ്ശീലങ്ങളുമുണ്ടെന്നും പരിപൂർണ മനുഷ്യനല്ലെന്നും ഓർമ വേണം.

അന്യരുടെ നല്ല വശങ്ങൾ കാണാനും സ്വീകരിക്കാനും അവ മറ്റുള്ളവരുമായി പങ്കുവെക്കാനും ശ്രദ്ധിക്കേണ്ടതാണ്. അതിന് അനുചിതവും അനഭിലഷണീയവുമായ മനോഭാവം ഉപേക്ഷിക്കണം. “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം’ എന്ന മനോഭാവം മാറ്റിയെടുക്കാൻ നിരന്തര പരിശ്രമത്തിലൂടെ സാധിക്കും.
കാഴ്ചയിൽ മുഖസ്തുതിയും കാഴ്ചയിൽ നിന്നകന്നാൽ കുറ്റാരോപണവും കൈമുതലാക്കിയ കുറേയധികം മനുഷ്യർ സമൂഹത്തിലുണ്ട്. അവരെ വേർതിരിച്ചറിയുകയും അവരുടെ സംഭാഷണങ്ങളിൽ വീഴാതെ നോക്കുകയും വേണം. നിത്യജീവിതത്തിൽ നാം അനുഷ്ഠിക്കേണ്ടവയും അകറ്റി നിർത്തേണ്ടതുമായ കാര്യങ്ങൾ അക്കമിട്ട് പറയാം.

അനുഷ്ഠിക്കേണ്ടവ:
1. നല്ല രീതിയിൽ സംസാരിക്കുക (Diplomacy), 2. വിട്ടുവീഴ്ച (Compromise), 3. അയഞ്ഞ മനോഭാവം (Flexibility), 4. മര്യാദ (Courtesy), 5. പ്രസന്നത (Smiling face), 6. തുറന്ന മനസ്സ് (Open mind), 7. സ്വന്തം തെറ്റുകൾ അംഗീകരിക്കുക (Admit own mistakes)

അകറ്റി നിർത്തേണ്ടവ:
1. അഹംഭാവം (Ego), 2. ചിന്തിക്കാതെ സംസാരിക്കുക (Loose talk), 3. അടിസ്ഥാനരഹിതമായ വാദം (Adament argument), 4. സങ്കുചിത മനോഭാവം (Narrow mind), 5. ഏഷണി (Carrying), 6. പരമയോഗ്യനെന്ന ബോധം (Superiority complex), 7. അത്യാഗ്രഹം (Greedy), 8. അമിത പ്രതീക്ഷ (Over expectation), 9. തെറ്റിദ്ധാരണ (Misunderstanding)

ടി ആർ തിരുവഴാംകുന്ന്
[email protected]
.