വിശിഷ്ട രാവ്

നബി (സ)യുടെയും സ്വഹാബതിന്റെയും കാലം തൊട്ടുതന്നെ ബറാഅത് രാത്രിയെ പ്രത്യേകം പരിഗണിച്ചിരുന്നു. താബിഉകളും ആ പാത പിന്തുടർന്നു. ഖാലിദ് ബ്‌നു മഅ്ദൻ (റ), ലുഖ്മാനുബ്‌നു ആമിർ (റ) തുടങ്ങിയ ശാമുകാരായ താബിഉകളായിരുന്നു ഇബാദതുകളെ കൊണ്ടും സത്കർമങ്ങളെ കൊണ്ടും ഈ രാത്രിയെ ആഘോഷിച്ചവർ. ബസ്വറക്കാരും മറ്റും ആഘോഷരാവായി കണ്ടു.
ആത്മീയം
Posted on: April 14, 2019 3:10 pm | Last updated: April 14, 2019 at 3:10 pm

ഇമാം തുർമുദി (റ), ഇബ്‌നു മാജ (റ) തുടങ്ങിയവർ ആഇശ (റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. അവർ പറഞ്ഞു: ഒരു രാത്രി നബി (സ)യെ കാണാതിരുന്നപ്പോൾ ഞാൻ തേടിയിറങ്ങി. അപ്പോൾ അവിടുന്ന് ആകാശത്തേക്ക് കൈകളുയർത്തി ബഖീഇ (ജന്നതുൽ ബഖീഅ്)ലുണ്ടായിരുന്നു. അവിടുന്ന് ഉടനെ പറഞ്ഞു: അല്ലാഹുവും അവന്റെ റസൂലും നിന്നോട് അന്യായം ചെയ്യുമെന്ന് നീ ഭയപ്പെടുന്നുണ്ടോ? ഞാൻ പറഞ്ഞു: ഞാൻ കരുതിയത് തങ്ങൾ ഭാര്യമാരുടെ അടുത്തേക്ക് പോയെന്നാണ്. അപ്പോൾ നബി (സ) പറഞ്ഞു: തീർച്ചയായും ശഅ്ബാൻ പകുതിയുടെ രാത്രി ജഗനിയന്താവിന്റെ കാരുണ്യം ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കൽബ് ഗോത്രക്കാരുടെ ആടിന്റെ രോമത്തിന്റെ എണ്ണത്തേക്കാൾ കൂടുതൽ പേർക്ക് പാപങ്ങൾ പൊറുത്തുകൊടുക്കുകയും ചെയ്യും.

സഈദ് ബ്‌നു മൻസൂർ (റ) സുനനിൽ ഉദ്ധരിച്ചു: അത്വാഇബ്‌നു യസാർ (റ) പറഞ്ഞു: ലൈലതുൽ ഖദ്‌റിന് ശേഷം ശഅ്ബാൻ പകുതിയുടെ രാത്രിയെക്കാൾ ശ്രേഷ്ഠമായ ഒരു രാത്രിയുമില്ല. ജഗനിയന്താവിന്റെ കാരുണ്യം ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരികയും അവന്റെ അടിമകൾക്ക് മുഴുവനും പൊറുത്തുകൊടുക്കുകയും ചെയ്യും; ബഹുദൈവവിശ്വാസി, പകയുള്ളവൻ, കുടുംബബന്ധം ഒഴിവാക്കിയവൻ തുടങ്ങിയവർക്കൊഴികെ.

നബി (സ)യുടെയും സ്വഹാബതിന്റെയും കാലം തൊട്ടുതന്നെ ബറാഅത് രാത്രിയെ പ്രത്യേകം പരിഗണിച്ചിരുന്നു. താബിഉകളും ആ പാത പിന്തുടർന്നു. ഖാലിദ് ബ്‌നു മഅ്ദൻ (റ), ലുഖ്മാനുബ്‌നു ആമിർ (റ) തുടങ്ങിയ ശാമുകാരായ താബിഉകളായിരുന്നു ആരാധനകളെ കൊണ്ടും മറ്റും ഈ രാത്രിയെ ആഘോഷിച്ചവർ. ബസ്വറക്കാരും മറ്റു ആഘോഷരാവായി കണ്ടു. മസ്ജിദുകളിൽ വെച്ച് സംഘമായി ഈ രാത്രിയെ സജീവമാക്കുകയാണ് വേണ്ടതെന്ന് ഒരു വിഭാഗം പണ്ഡിതന്മാർ പറയുന്നു. ബറാഅത് രാവിൽ നല്ല വസ്ത്രം ധരിക്കുകയും സുഗന്ധം പുകക്കുകയും സുറുമയിടുകയും മറ്റും ചെയ്തിരുന്നു.

അല്ലാഹു പറയുന്നു: അനുഗൃഹീതമായ രാവിൽ അതിനെ (ഖുർആൻ) ഇറക്കി. നമ്മുടെ പതിവ്, മുന്നറിയിപ്പ് നൽകലാണ്. ആ രാത്രിയിൽ സ്ഥിരപ്പെട്ട കാര്യങ്ങൾ (ആയുസ്സ്, ഭക്ഷണം തുടങ്ങിയവ) വിശദീകരിക്കപ്പെടുന്നു. ഇക്‌രിമ (റ) അടക്കമുള്ള ഖുർആൻ വ്യാഖ്യാതാക്കൾ പ്രസ്തുത രാത്രി ശഅ്ബാൻ പകുതിയുടെതാണെന്നാണ് അഭിപ്രായപ്പെടുന്നത്. “തീർച്ചയായും നാം അതിനെ ലൈലതുൽ ഖദ്‌റിൽ അവതരിപ്പിച്ചു’ എന്ന് സൂറതുൽ ഖദ്‌റിൽ അല്ലാഹു പറഞ്ഞത് മേൽവ്യാഖ്യാനത്തിന് വിരുദ്ധമാകുകയില്ല. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: തീർച്ചയായും അല്ലാഹു ശഅ്ബാൻ പകുതിയിൽ കാര്യങ്ങളെ കണക്കാക്കുന്നു. അതിന്റെ രക്ഷാധികാരികളിലേക്ക് ലൈലതുൽ ഖദ്‌റിൽ കൈമാറുകയും ചെയ്യുന്നു. ഇബ്‌നു അബ്ബാസ് (റ) ഉദ്ദേശിച്ച രക്ഷാധികാരികൾ മലക്കുകളാണ്.
ചിലർക്ക് ബറാഅത് രാവിൽ പാപങ്ങൾ പൊറുക്കപ്പെടുകയില്ല. അവയിൽ ഒന്നാമത്തേതാണ് ബഹുദൈവാരാധന. അല്ലാഹു പറഞ്ഞു: അവനോട് പങ്ക് ചേർക്കുന്നത് അല്ലാഹു പൊറുത്തുകൊടുക്കുകയില്ല. ബഹുദൈവ വിശ്വാസിയെ പോലെ തന്നെ അവിശ്വാസിയും അല്ലാഹുവിന്റെ പാപമോചനം തടയപ്പെട്ടവനാണ്. രണ്ടാമത്തേത് പക, വിദ്വേഷം തുടങ്ങിയവയാണ്. അബൂ ഹുറൈറയിൽ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: നബി തങ്ങൾ പറഞ്ഞു: തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്വർഗത്തിന്റെ വാതിൽ തുറക്കപ്പെടും. അല്ലാഹുവിനോട് ഒന്നും പങ്കു ചേർക്കാത്ത എല്ലാ അടിമകൾക്കും പാപങ്ങൾ പൊറുക്കപ്പെടും; അവനും സഹോദരനുമിടയിൽ പകയുള്ള ആളുകളുടെതൊഴികെ. മൂന്നാമത്തേത് കൊലപാതകമാണ്. അബൂ ദർദാഇ (റ)ൽ നിന്ന് നിവേദനം, നബി തങ്ങൾ പറയുന്നതായി ഞാൻ കേട്ടു. മനഃപൂർവം വിശ്വാസിയെ കൊന്നവനും ബഹുദൈവ വിശ്വാസിയായി മരിക്കുകയും ചെയ്തവനുമൊഴികെ എല്ലാ പാപങ്ങളും അല്ലാഹു പൊറുക്കും (സുനനു അബീദർദാഅ്). നാലാമത്തേത് കുടുംബബന്ധം വിച്ഛേദിക്കലാണ്. ജുസൈറുബ്‌നു മുത്വ്അമി (റ)ൽ നിന്ന് നിവേദനം. നബി തങ്ങൾ പറയുന്നതായി അദ്ദേഹം കേട്ടു. വിച്ഛേദിച്ചവൻ സ്വർഗത്തിൽ കടക്കുകയില്ല (ബുഖാരി, മുസ്‌ലിം). നബി തങ്ങൾ ഉദ്ദേശിച്ചത് കുടുംബബന്ധം വിച്ഛേദിച്ചവരെയാണെന്ന് സുഫ്‌യാൻ (റ) ചൂണ്ടിക്കാട്ടുന്നു.

അഞ്ചാമത്തെ വിഭാഗം വസ്ത്രം നിലത്തുകൂടെ വലിച്ചുനടക്കുന്നവരാണ്. ഇബ്‌നു ഉമറി (റ)ൽ നിന്ന് നിവേദനം. നബി തങ്ങൾ പറഞ്ഞു. വസ്ത്രം അഹങ്കാരത്തോടെ വലിച്ചിഴക്കുന്നവന്റെ മുഖത്തേക്ക് ഖിയാമത് നാളിൽ അല്ലാഹു നോക്കുകയില്ല (ബുഖാരി). മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നവരാണ് ആറാമത്തെ വിഭാഗം. അബൂഹുറൈറ (റ)യിൽ നിന്ന് നിവേദനം. നബി തങ്ങൾ പറഞ്ഞു: നാല് പേരെ സ്വർഗത്തിൽ പ്രവേശിപ്പിക്കാതിരിക്കലും അതിന്റെ അനുഗ്രഹങ്ങൾ രുചിപ്പിക്കാതിരിക്കലും അല്ലാഹുവിന് ബാധ്യതയായിരിക്കുന്നു. മദ്യപാനം പതിവാക്കിയവൻ, പലിശ തിന്നുന്നവൻ, അവകാശം കൂടാതെ അനാഥയുടെ സമ്പത്ത് ഭക്ഷിക്കുന്നവൻ, സ്വന്തം മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നവൻ എന്നിവരാണവർ. മദ്യം പതിവാക്കിയവനാണ് ഏഴാമത്തെ വിഭാഗം. നബി തങ്ങൾ പറഞ്ഞു: മദ്യം പതിവാക്കിയവനായി അല്ലാഹുവിനെ കണ്ടുമുട്ടിയവൻ വിഗ്രഹാരാധകൻ അവനെ കണ്ടുമുട്ടിയത് പോലെയാണ് (സ്വഹിഹുബ്‌നി ഹിബ്ബാൻ). വ്യഭിചാരികളാണ് എട്ടാമത്തേത്. വൻകുറ്റങ്ങളിൽ വൻകുറ്റമായ (അക്ബറുൽ കബാഇർ) കാര്യങ്ങളിൽ മൂന്നാമത്തേതാണ് വ്യഭിചാരം. അല്ലാഹു പറഞ്ഞു: നിങ്ങൾ വ്യഭിചാരത്തോട് അടുക്കരുത്! വ്യഭിചാരിക്ക് ബറാഅത് രാവിൽ അല്ലാഹു പാപമോചനം നൽകുകയില്ല.

കടപ്പാട്: ഹുസ്‌നുൽ ബയാൻ ഫീ ലൈലതിന്നിസ്ഫി മിൻ ശഅ്ബാൻ, അബ്ദുല്ലാഹി ബ്‌നി മുഹമ്മദി ബ്‌നി സ്സ്വിദ്ദിൽ ഇമാരി.

നിസാമുദ്ദീൻ സുറൈജി പള്ളിയത്ത്
[email protected]