Connect with us

Ongoing News

അങ്കം കുറിച്ച് റാബ്രി

Published

|

Last Updated

പാറ്റ്‌ന: സ്ഥിരതയില്ലാത്ത രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് പേരുകേട്ട ബീഹാറിൽ നിന്ന് പുതിയ വെളിപ്പെടുത്തലുമായി ആർ ജെ ഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ റാബ്രി ദേവി. തന്നെ പ്രധാനമന്ത്രിയാക്കാൻ സഹായിച്ചാൽ മകൻ തേജസ്വി യാദവിനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാക്കാമെന്ന് ജനതാ ദൾ യുനൈറ്റഡ് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വാഗ്ദാനം ചെയ്തുവെന്നാണ് റാബ്രിയുടെ വെളിപ്പെടുത്തൽ.

എൻ ഡി എയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബി ജെ പിയോ നിതീഷ് കുമാറിന് വിലകൽപ്പിക്കുന്നില്ല. ബി ജെ പി വലിയ സമ്മർദമാണ് നിതീഷിന് മേൽ ഉണ്ടാക്കുന്നത്. ഇടനിലക്കാരനായി പ്രശാന്ത് കിഷോർ തങ്ങളെ അഞ്ച് തവണ സമീപിച്ചെന്നും റാബ്രി ദേവി പറയുന്നു. നിതീഷിനെ മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാമെന്നതായിരുന്നു പ്രശാന്ത് കിഷോർ വഴി മുന്നോട്ടുവെച്ച വാഗ്ദാനം. “പ്രശാന്ത് കിഷോർ ഞങ്ങളുെട വീട്ടിൽ അഞ്ച് തവണ വന്നിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ വീട്ടിൽ നിന്ന് ഇറക്കിവിടുക വരെ ചെയ്തു. അയാൾ നുണയനാണ്. രണ്ട് പാർട്ടികളും തമ്മിൽ യോജിക്കാൻ ആഗ്രഹിക്കുന്നതു െകാണ്ട് നിതീഷാണ് തന്നെ അയച്ചതെന്നാണ് അയാൾ പറഞ്ഞത്. എന്നാൽ, ഞങ്ങൾ പ്രതിഷേധിച്ചു. ഞങ്ങൾ നിതീഷിനെ വിശ്വസിക്കില്ല”- ലാലു പ്രസാദ് യാദവിന്റെ ഭാര്യ വെളിപ്പെടുത്തി.

റാബ്രിയുടെ പ്രസ്താവനക്കെതിരെ ജെ ഡി യു നേതാവും പാർട്ടിയുടെ പ്രചാരണ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ രംഗത്തെത്തി. ഇക്കാര്യത്തിൽ സംയുക്ത വാർത്താ സമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കാൻ ആർ ജെ ഡിക്ക് ധൈര്യമുണ്ടോയെന്ന് കിഷോർ ചോദിച്ചു. പൊതു സ്ഥാപനങ്ങളിൽ കൃത്രിമം കാട്ടുകയും പൊതുമുതലിൽ തട്ടിപ്പ് നടത്തുകയും ചെയ്തവരാണ് സത്യത്തിന്റെ കാവലാളെന്ന പേരിൽ സംസാരിക്കുന്നതെന്ന് ലാലുപ്രസാദ് യാദവിനെയും കുടുംബത്തെയും ഉദ്ദേശിച്ചുകൊണ്ട് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. “ലാലു പ്രസാദ് ജി താത്പര്യപ്പെടുകയാണെങ്കിൽ ഞാൻ അദ്ദേഹത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലിരിക്കാം. അദ്ദേഹവും ഞാനുമായി എന്ത് ആശയ വിനിമയമാണ് നടന്നതെന്നും ആര് ആർക്കാണ് വാഗ്ദാനങ്ങൾ നൽകിയതെന്നും അപ്പോൾ മനസ്സിലാകും”- പ്രശാന്ത് കിഷോർ ട്വിറ്ററിൽ കുറിച്ചു.

ബിഹാർ സ്വദേശിയായ പ്രശാന്ത് കിഷോർ 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ ഡി യുവിന്റെ പ്രചാരണ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു. നിതീഷ് കുമാറിന് അധികാരമുറപ്പിച്ച ആ തിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ പ്രചാരണ തന്ത്രങ്ങൾ നിർണായകമാകുകയും ചെയ്തു. ഇതിന് പിന്നാലെ കഴിഞ്ഞ വർഷമാണ് കിഷോർ ജെ ഡി യുവിൽ ഔദ്യോഗികമായി അംഗത്വമെടുത്തത്.
പ്രശാന്ത് കിഷോറിന്റെ പ്രതികരണത്തിന് പിന്നാലെ, റാബ്രിയെ ന്യായീകരിച്ച് മകൻ തേജസ്വി യാദവ് രംഗത്തെത്തി. നിതീഷ് എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നതെന്ന് തേജസ്വി ചോദിച്ചു. “അദ്ദേഹം സംസാരിക്കണം. പ്രശാന്ത് കിഷോർ ഞങ്ങളെ വന്നുകണ്ടിരുന്നു. ലാലു പ്രസാദ് യാദവിന്റെ പുസ്തകത്തിലും (ഗോപാൽഗഞ്ച് മുതൽ റൈസിന വരെ) ഇക്കാര്യം പറയുന്നുണ്ട്. നിതീഷിനോട് അനുവാദം ചോദിച്ച ശേഷമാണ് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്യേണ്ടിയിരുന്നത്”- തേജസ്വി തിരിച്ചടിച്ചു. നിതീഷ് കുമാർ മഹാസഖ്യത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ചിരുന്നു. അതാണ് സത്യം.

എല്ലാവർക്കും അക്കാര്യം അറിയാം. 2017ൽ മഹാസഖ്യം വിട്ട് എൻ ഡി എയിലേക്ക് തിരിച്ചുപോകാൻ ശ്രമിക്കുന്നതിന് വേണ്ടി എന്ത് സംഭവമാണ് ആറ് മാസത്തിനുള്ളിൽ ഉണ്ടായതെന്ന് നിതിഷ് കുമാർ വിശദീകരിക്കാൻ തയ്യാറാകണം. ലാലു പ്രസാദ് യാദവിനെയും തങ്ങളെയും കോൺഗ്രസ് നേതാക്കളെയും കിഷോർ കുമാർ വന്നുകണ്ടു എന്നത് വസ്തുതയാണെന്നും തേജസ്വി യാദവ് പറഞ്ഞു. “നിങ്ങളുടെ വയസ്സിനേക്കാള്‍ പരിചയ സമ്പത്തുണ്ട് ഞങ്ങളുടെ പാര്‍ട്ടിക്ക്. നിങ്ങളെ പോലുള്ള നിരവധി പേർ രാഷ്ട്രീയത്തിലിറങ്ങുകയും തിരിച്ചുപോകുകയും ചെയ്യാറുണ്ട്. മോദി- നിതീഷ് സഖ്യത്തിന് മുന്നില്‍ മതി നിങ്ങളുടെ കഥകള്‍ അവതരിപ്പിക്കൽ. ഞങ്ങള്‍ സത്യം വെളിപ്പെടുത്താൻ തുടങ്ങിയാൽ നിങ്ങളുടെ പ്രതിച്ഛായ തകര്‍ന്നു പോകും- തേജസ്വി പറഞ്ഞു.

നിതീഷ് കുമാർ മഹാസഖ്യത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെന്ന് നേരത്തേ ജെ ഡി യു മുൻ നേതാവും ഇപ്പോൾ ആർ ജെ ഡിയുടെ മധേപുര സ്ഥാനാർഥിയുമായ ശരദ് യാദവും വെളിപ്പെടുത്തിയിരുന്നു.

മകനേ തിരിച്ചുവരൂ…

പാറ്റ്ന: കുടുംബവുമായി തെറ്റിപ്പിരിഞ്ഞു കഴിയുന്ന മകൻ തേജ് പ്രതാപ് യാദവിനായി റാബ്രി ദേവിയുടെ പിൻവിളി. ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് തേജ് പ്രതാപിനോട് മടങ്ങിവരാൻ റാബ്രി ആവശ്യപ്പെട്ടത്. “മതി മകനേ, വീട്ടിലേക്ക് മടങ്ങിവരൂ” എന്നായിരുന്നു അവരുടെ അപേക്ഷ. ഒരു വര്‍ഷത്തിലേറെയായി വീട്ടില്‍ നിന്നകന്നു കഴിയുകയാണ് തേജ് പ്രതാപ്. ഭാര്യ ഐശ്വര്യ റോയിയുമായുള്ള വിവാഹ മോചനത്തിന് കഴിഞ്ഞ വര്‍ഷം അപേക്ഷ നൽകിയ തേജ് പ്രതാപ് പിന്നെ വീട്ടിലേക്ക് പോയിട്ടില്ല. റാഞ്ചിയിലെ ജയിലിലെത്തി പിതാവ് ലാലു പ്രസാദ് യാദവിനെ കണ്ടുമടങ്ങിയ ശേഷമായിരുന്നു വീടുപേക്ഷിക്കൽ. മുതിര്‍ന്ന ആർ ജെ ഡി നേതാവിന്റെ മകളാണ് ഐശ്വര്യ റോയി. കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു ഇവരുടെ വിവാഹം.
എന്നാൽ, ഇളയ സഹോദരനും ആർ ജെ ഡി അധ്യക്ഷനുമായ തേജസ്വി യാദവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് തേജ് പ്രതാപ് വീടുവിട്ടതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇത് റാബ്രിദേവി നിഷേധിച്ചു. മക്കള്‍ തമ്മില്‍ ശത്രുതയിലാണെന്ന് വരുത്തിത്തീർക്കാൻ ചിലര്‍ കഥ മെനയുകയാണ്. കുടുംബത്തെ തകര്‍ക്കാനാണ് അവരുടെ ശ്രമം. ബി ജെ പി- ജെ ഡി യു നേതാക്കളാണ് ഇതിന് പിന്നില്‍. താന്‍ മകനോട് എല്ലാ ദിവസവും ഫോണില്‍ സംസാരിക്കാറുണ്ടെന്നും റാബ്രി ദേവി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ അനുയായികള്‍ക്ക് സീറ്റ് നിഷേധിച്ചതോടെയാണ് തേജസ്വി യാദവുമായി തേജ് പ്രതാപ് തെറ്റിപ്പിരിഞ്ഞത്. പിന്നാലെ, പാര്‍ട്ടി യുവജന വിഭാഗം ഉപദേശക സ്ഥാനവും അദ്ദേഹം രാജിവെക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും തേജ് പ്രതാപിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അത്തരം നീക്കങ്ങൾ ഉണ്ടായിട്ടില്ല.

Latest