Connect with us

Eranakulam

ഇടതിനെ നയിച്ച് കളം നിറഞ്ഞ് മുഖ്യമന്ത്രി; പ്രകടമാകാതെ രാഹുൽ തരംഗം

Published

|

Last Updated

രാജ്യത്തിന്റെ ഗതിനിർണയിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷകളും ആശങ്കകളുമായി ഇരു മുന്നണികളും അങ്കം മുറുക്കുന്നു. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വത്തോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിമാറുമെന്ന് പ്രതീക്ഷിച്ച യു ഡി എഫ് ക്യാമ്പ് പക്ഷേ, വിവാദങ്ങളുടെ നടുവിലാണ്. രാഹുലിന്റെ സാന്നിധ്യത്തിൽ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും യു ഡി എഫ് നേതൃത്വം രാഹുൽ തരംഗം പ്രതീക്ഷിച്ചിരുന്നെങ്കിലും വയനാടിന് ചുറ്റുമുള്ള മലബാർ മണ്ഡലങ്ങളിൽ പോലും തരംഗമുണ്ടാക്കാൻ രാഹുലിന്റെ സ്ഥാനാർഥിത്വത്തിന് കഴിഞ്ഞിട്ടില്ലെന്നത് യു ഡി എഫ് ക്യാമ്പിനെ നിരാശയിലാക്കിയിട്ടുണ്ട്.

ആഗോള പൗരന്റെ പ്രതിച്ഛായ ഉയർത്തി ശശി തരൂരിനായി വോട്ട് ചോദിച്ച തലസ്ഥാന നഗരി ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിൽ പ്രചാരണത്തിന്റെ രണ്ട് ഘട്ടങ്ങൾ പിന്നിട്ടപ്പോൾ നേതാക്കളുടെ അഭാവവും കാലുവാരൽ ഭീഷണിയും പുതിയ പ്രതിസന്ധി തീർത്തിരിക്കുകയാണ്. ബി ജെ പി കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരത്ത് തീവ്ര ഹിന്ദു നിലപാടുള്ള കുമ്മനം രാജശേഖരനും എൽ ഡി എഫ് പ്രതിനിധിയായി സി പി ഐയിലെ സി ദിവാകരനും ഉൾപ്പെടെ ത്രികോണ മത്സരം നടക്കുന്ന വേളയിലാണ് സ്വന്തം പാർട്ടി നേതാക്കളുടെ നിസ്സഹകരണം ചൂണ്ടിക്കാട്ടി കോൺഗ്രസ് സ്ഥാനാർഥി നേരിട്ട് ഹൈക്കമാൻഡിന് പരാതി നൽകിയിരിക്കുന്നത്. ഈ നിസ്സഹകരണം ബി ജെ പിക്ക് അനുകൂലമായി മാറുമെന്ന ആശങ്ക നിലനിൽക്കെയാണ് സ്ഥാനാർഥിയുടെ പരാതിയെന്നത് ശ്രദ്ധേയമാണ്.
ഇതോടൊപ്പം അഭിമാന പോരാട്ടം നടക്കുന്ന കോഴിക്കോട്, വടകര മണ്ഡലങ്ങളിലും പാലക്കാട്ടും സ്ഥാനാർഥികൾ നേതാക്കളുടെ നിസ്സഹകരണവും കാലുവാരൽ ഭീഷണിയും നേരിടുന്നുണ്ട്. ഇതിനിടെ കോഴിക്കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവൻ ഒളിക്യാമറ വിവാദത്തിൽ ഉൾപ്പെട്ടതും കോൺഗ്രസിനെ തീർത്തും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ആരും ഏറ്റെടുക്കാത്ത വടകര മണ്ഡലത്തിൽ രക്ഷകനെ പോലെ അവതരിച്ച കെ മുരളീധരൻ ആദ്യഘട്ടത്തിൽ ആഘോഷിക്കപ്പെട്ടെങ്കിലും ഇപ്പോൾ പരാതിക്കെട്ടുമായി പാർട്ടി നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. ദേശീയ അധ്യക്ഷന്റെ സ്ഥാനാർഥിത്വത്തിലൂടെ തരംഗം പ്രതീക്ഷിക്കപ്പെട്ട മണ്ഡലങ്ങളിലാണ് ഈ അവസ്ഥയെന്നത് കൗതുകകരമാണ്.

അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തീകരിച്ച് പ്രചാരണത്തിനിറങ്ങിയ എൽ ഡി എഫ് ആത്മവിശ്വാസത്തോടെയാണ് മുന്നേറുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് മുന്നണിയെ മുന്നിൽ നിന്ന് നയിക്കുന്നത്. പിണറായി വിജയന്റെ ചിട്ടയായതും കർശനവുമായ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ് സംസ്ഥാന വ്യാപകമായി പ്രചാരണ പ്രവർത്തനങ്ങൾ മുന്നേറുന്നത്. മുഖ്യമന്ത്രിയുൾപ്പെടെ ഇടതു നേതാക്കളെത്തുന്ന വേദികളിൽ സമയ ഭേദമന്യേ ജനക്കൂട്ടം എത്തുന്നത് നല്ല സൂചനയായാണ് കാണുന്നത്. ഒപ്പം കളം നിറഞ്ഞുനിൽക്കുന്ന മുഖ്യമന്ത്രിയുടെ സാന്നിധ്യം ഇടതിന് നൽകുന്ന ഊർജം ചെറുതല്ല. വയനാട്ടിലെ പച്ചക്കൊടിയുമായി ബന്ധപ്പെട്ട് സംഘ്പരിവാർ നേതാക്കൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതും ഇടതിനെതിരെ പറയില്ലെന്ന രാഹുലിന്റെ തന്ത്രം തിരിച്ചറിഞ്ഞ് പ്രതികരിക്കാനായതും മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

അതേസമയം, രണ്ടാഴ്ച നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇടതുമുന്നണി പ്രതിരോധത്തിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത് മറികടക്കാനായെന്നത് മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്. രാഹുലിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ദേശീയ രാഷ്ട്രീയത്തിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ ഏറെക്കുറെ ഇടതിന് വിജയിക്കാനായിട്ടുണ്ട്. ഇതിന് പുറമേ നിലവിലുള്ള സിറ്റിംഗ് മണ്ഡലങ്ങളിൽ മുന്നേറാൻ കഴിഞ്ഞതോടൊപ്പം തന്നെ ചില കോൺഗ്രസിന്റെ മണ്ഡലങ്ങളിലും പ്രതീക്ഷക്ക് വക നൽകുന്നതാണ് ഇടതിന്റെ പ്രചാരണ പ്രവർത്തനങ്ങൾ. താര പ്രചാരണത്തിനപ്പുറം പൊതു വേദികൾക്കും റോഡ് ഷോകൾക്കും പ്രാധാന്യം കുറച്ച് കുടുംബയോഗങ്ങൾക്കും താഴേക്കിടയിലെ പ്രവർത്തനങ്ങൾക്കുമാണ് ഇടതുമുന്നണി മുൻതൂക്കം നൽകുന്നത്.

മലബാറിലുൾപ്പെടെ രാഹുലിന്റെ സാന്നിധ്യം വലിയ ചലനങ്ങൾ സൃഷ്ടിക്കാത്തതും കോൺഗ്രസിലെ ഉൾപാർട്ടി ഭിന്നതയും ഇടതിന് തുണയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ നിലവിലെ അവസ്ഥ മറികടക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് യു ഡി എഫ് നടത്തുന്നത്. പാർട്ടിയിലെ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കരുതെന്ന കടുത്ത താക്കീതാണ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest