Connect with us

Alappuzha

വോട്ടർമാർക്ക് പ്രിയം ആരോഗ്യ പരിചരണം, കുടിവെള്ളം, തൊഴിലവസരങ്ങൾ

Published

|

Last Updated

ആലപ്പുഴ: മെച്ചപ്പെട്ട ആരോഗ്യ പരിചരണം, കുടിവെള്ളം, മികച്ച തൊഴിലവസരങ്ങൾ എന്നിവക്ക് വോട്ടർമാർ മുൻഗണന നൽകുന്നതായി സർവേ റിപ്പോർട്ട്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആർ) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ മികച്ച തൊഴിലവസരങ്ങൾക്കാണ് വോട്ടർമാർ മുൻഗണന നൽകിയത്. കൃഷി, ജലലഭ്യത, കാർഷിക വായ്പ ലഭ്യത, കാർഷിക ഉത്പന്നങ്ങളുടെ ഉയർന്ന വില, വിത്തുകൾ, രാസവള സബ്‌സിഡി, നല്ല നിയമപാലനം എന്നിവയാണ് മികച്ച ഭരണകാര്യങ്ങളായി വോട്ടർമാർ വിലയിരുത്തുന്നത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തെലങ്കാനയിലാണ് മികച്ച തൊഴിലവസരങ്ങൾക്ക് വോട്ടർമാർ പ്രാമുഖ്യം നൽകുന്നതെന്ന് സർവേ പറയുന്നു. അതേസമയം, മെച്ചപ്പെട്ട ആശുപത്രികൾ, പ്രാഥമികാരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവക്കാണ് കേരളത്തിലെ വോട്ടർമാർ മുൻഗണന നൽകിയത്. കർണാടക, ആന്ധ്രാ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ കുടിവെള്ളത്തിന് മുന്തിയ പരിഗണനയാണ്. വോട്ടർമാരുടെ മുൻഗണന എന്ന നിലയിൽ പൊതു ഗതാഗതം വന്നപ്പോൾ കേരളം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.

തൊഴിലവസരങ്ങളുടെ കാര്യത്തിൽ സർക്കാറിന്റെ പ്രകടനം ശരാശരിയിൽ താഴെയാണ്. അഞ്ച് സ്‌കെയിലിൽ ശരാശരി മൂന്ന് കണക്കാക്കിയാൽ സർക്കാറിന്റെ സ്‌കോർ 2.15 മാത്രമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2018 ഒക്ടോബർ- ഡിസംബർ കാലയളവിൽ 534 ലോക്‌സഭാ മണ്ഡലങ്ങളിൽ എ ഡി ആർ നടത്തിയ സർവേയിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 2,73,487 വോട്ടർമാരെയാണ് ഉൾപ്പെടുത്തിയത്. ഭരണ വിഷയങ്ങളിൽ വോട്ടർമാരുടെ മുൻഗണനകൾ തിരിച്ചറിയുക, ആ വിഷയങ്ങളിൽ സർക്കാറിന്റെ പ്രകടനത്തിന്റെ വോട്ടർ റേറ്റിംഗ്, വോട്ടിംഗിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്നിവയാണ് സർവേയുടെ പ്രധാന ലക്ഷ്യങ്ങൾ.

വോട്ടർമാരുടെ മുൻഗണനയിൽ മികച്ച തൊഴിലവസരങ്ങൾ(46.80 ശതമാനം), മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം(34.60 ശതമാനം), കുടിവെള്ളം (30.50 ശതമാനം) എന്നിവയാണ് അഖിലേന്ത്യാതലത്തിൽ മുൻനിരയിലുള്ളത്. നല്ല റോഡുകൾ 28.34 ശതമാനവും മെച്ചപ്പെട്ട പൊതുഗതാഗതം 27.35 ശതമാനവുമാണ്.

Latest