Connect with us

Eranakulam

കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവും മയക്കുമരുന്നും; സുരക്ഷ ശക്തമാക്കി എക്‌സൈസ്

Published

|

Last Updated

തിരഞ്ഞെടുപ്പും വിഷുവും പ്രമാണിച്ച് കേരളത്തിലേക്ക് വ്യാപകമായി ലഹരിവസ്തുക്കളൊഴുകുന്നത് തടയാൻ സുരക്ഷ ശക്തമാക്കി എക്‌സൈസ് വകുപ്പ്. കേരളം, തമിഴ്‌നാട് ചെക് പോസ്റ്റുകളിലടക്കം വാഹന പരിശോധനയും രാത്രികാല പരിശോധനയും വ്യാപകമാക്കി.

റെയിൽവേ പോലീസുമായി സഹകരിച്ച് ആദിവാസി, പട്ടികജാതി പട്ടിക വർഗ കോളനികൾ, തീരദേശം, മലയോര മേഖലയിലെ മറ്റ് പ്രദേശങ്ങളിലും ആഡംബര വാഹനങ്ങൾ ചരക്ക് വാഹനങ്ങൾ, ട്രെയിനുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി. പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും വ്യാപകമായി ട്രെയിനുകളിൽ കടത്തുന്നതിനെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വ്യാപകമായി ലഹരി കടത്തുന്നതായി എക്‌സൈസ് ഇന്റലസിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
2017 ൽ 1,174 അബ്കാരി കേസുകളും 255 കഞ്ചാവ് മയക്ക് മരുന്ന് കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. 2018 ൽ 1,033 അബ്കാരി കേസുകളും 261 കഞ്ചാവ് മയക്ക് മരുന്ന് കേസുകളും രജിസ്റ്റർ ചെയ്തു. എന്നാൽ 2019 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 278 അബ്കാരി കേസുകൾ 75 മയക്കുമരുന്ന് കഞ്ചാവ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ അനുസരിച്ച് ഈ വർഷം അവസാനത്തോടെ ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം പതിൻ മടങ്ങ് വർധിച്ചതായാണ് സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും പാലക്കാട് നിന്നുമാണ് വൻ തോതിൽ കഞ്ചാവും മദ്യവും എത്തുന്നത്. അതിനാൽ ഇവിടങ്ങളിൽ നിന്നുള്ള കെ എസ് ആർ ടി സി ബസ്സുകളിൽ റാൻഡം ചെക്കിങ്ങുകളും സർപ്രൈസ് ചെക്കിങ്ങുകളും എക്‌സൈസ് വകുപ്പ് നടത്തുന്നുണ്ട്.

ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന തൊഴിലാളികൾ കേരളത്തിലുടനീളം കഞ്ചാവ് വിൽപന നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഒഡീഷ, ചത്തീസ്ഗഡ്, ബീഹാർ, ബംഗാൾ, ആന്ധ്ര എന്നിവിടങ്ങളിലെ നക്‌സൽ കേന്ദ്രങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവും മയക്കു മരുന്നും ധാരാളമായി എത്തുന്നത്. ഉദ്യോഗസ്ഥർക്ക് സംസ്ഥാനം വിട്ട് അന്വേഷണം നടത്താനുള്ള പരിമിതി ഇത്തരം കേസുകളിൽ തിരിച്ചടിയാവുന്നുണ്ട്. കഞ്ചാവ്, മയക്ക് മരുന്ന് കടത്തിന് പിന്നിൽ വ്യാപകമായി വിദ്യാർഥികളെയാണ് ലഹരി മാഫിയകൾ ഉപയോഗിക്കുന്നതെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ എം കെ ഗിരിധരൻ പറയുന്നു. ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള വിൽപ്പനക്കാണ് വിദ്യാർഥികളെ പങ്കാളികളാക്കുന്നത്. സംസ്ഥാനത്തെ പല പ്രമുഖ കോളജുകളിലും മയക്കു മരുന്ന് മാഫിയ പിടിമുറുക്കിയിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടതിൽ ഭുരിഭാഗവും 30 വയസ്സിൽ താഴെയുള്ളവരാണ്. ആവശ്യക്കാരും ഇടനിലക്കാരും വിൽപനക്കാരും ചേർന്ന പ്രത്യേക വിൽപ്പനയാണ് ആദ്യകാലത്ത് ഉണ്ടായിരുന്നതെങ്കിൽ വിൽപനക്കാരും ആവശ്യക്കാരും മാത്രമായാണ് ഇപ്പോൾ കച്ചവടം നടത്തുന്നത്. മൊബൈൽ ഫോണുകൾക്ക് ഇതിൽ വലിയ പങ്കുണ്ടെന്നും ഇദ്ദേഹം പറയുന്നു.

കഞ്ചാവ്, ന്യൂജൻ ഡ്രഗ്‌സ്, എം ബി എം എ ക്രിസ്റ്റൽ രൂപത്തിലുള്ള ഗുളിക, എൽ എസ് ഡി സ്റ്റാമ്പ്് എന്നീ ലഹരി വസ്തുക്കളാണ് ഇപ്പോൾ യുവാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്നത്. കേരളത്തിൽ 99.9 ശതമാനം ലഹരി ഉപയോഗം നടക്കുന്നത് ആഘോഷ വേളകളിലും ഉത്സവ സീസണിലും അവധിക്കാലത്തും ഡി ജെ പാർട്ടികളിലുമാണ്. വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴി പെട്ടന്നു സംഘടിപ്പിക്കുന്ന ഡി ജെ പാർട്ടികൾ ലഹരി വസ്തുക്കൾ കടത്തുന്നതിനുള്ള വലിയ മറയാണ് ഒരുക്കുന്നത്.
ഇന്നത്തെ സമൂഹത്തിൽ കുട്ടികൾ പെട്ടന്ന്് ലഹരിക്ക് അടിമപെടാനുള്ള സാഹചര്യം കൂടുതലാണ്. അതിനാൽ രക്ഷിതാക്കളും പൊതുസമൂഹവും യുവതലമുറയുടെമേൽ കരുതൽ വേണം.
വീടുകളിൽ നിന്ന് തന്നെ കുട്ടികൾക്ക് ധീരതയോടു കൂടി പ്രതികരിക്കാനുള്ള മാനസികമായ കരുത്ത് നേടികൊടുക്കണമെന്നും എം കെ ഗിരിധരൻ സിറാജിനോട് പറഞ്ഞു. വ്യാജ മദ്യ മയക്ക് മരുന്ന് വിവിരങ്ങളെ കുറിച്ച് വിവരങ്ങൾ അറിയിക്കുന്നതിനായി എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ഓഫീസുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. എക്‌സൈസ് കൺട്രോൾ റൂം ടോൾ ഫ്രീ നമ്പർ-04952372927 ബന്ധപ്പെടാവുന്നതാണ്.

കോഴിക്കോട്