Connect with us

Editorial

ഇലക്ടറൽ ബോണ്ട് അഴിമതിയുടെ കവാടം

Published

|

Last Updated

സംഭാവന നൽകുന്നവരുടെ പേരും വിവരങ്ങളും രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിറിക്കിയിരിക്കുകയാണ്. രാഷ്ട്രീയ കക്ഷികൾക്കുള്ള സംഭാവനകളുടെ കാര്യത്തിൽ സുതാര്യത ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആർ) സമർപ്പിച്ച ഹരജിയിലാണ് മെയ് 15 വരെ ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച സംഭാവനകൾ നൽകിയവരുടെ വിവരങ്ങൾ, തുക തുടങ്ങിയ കാര്യങ്ങൾ മുദ്രവെച്ച കവറിൽ മെയ് 30നകം കമ്മീഷനെ അറിയിക്കാൻ കോടതിയുടെ ഇടക്കാല ഉത്തരവ്. ഇലക്ടറൽ ബോണ്ട് പദ്ധതി നടപ്പാക്കിയതിലൂടെ ഏതെങ്കിലും പാർട്ടിക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും വ്യാഴാഴ്ചത്തെ ഉത്തരവിൽ കോടതി വ്യക്തമാക്കി. 2017-18ൽ രാഷ്ട്രീയപാർട്ടികളുടെ അക്കൗണ്ടുകളിലെത്തിയ 222 കോടി രൂപയിൽ 95 ശതമാനവും കിട്ടിയത് ബി ജെ പിക്കാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയുണ്ടായ ഈ കോടതി നിരീക്ഷണവും ഉത്തരവും കേന്ദ്ര സർക്കാറിനും ബി ജെ പിക്കും തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആരാണ് പണം നൽകുന്നതെന്ന് വ്യക്തമാക്കാതെ രാഷ്ട്രീയ കക്ഷികൾക്ക് സംഭാവന സ്വീകരിക്കാനുള്ള പദ്ധതിയാണ് ഇലക്ടറൽ ബോണ്ട്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്ന് നിശ്ചിതതുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയാൽ മതി. പാർട്ടിക്ക് അത് 15 ദിവസത്തിനകം പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരം ബേങ്കിന് മാത്രമേ അറിയാൻ സാധിക്കൂ. ഇതുവഴി വിദേശ കമ്പനികൾക്കും പേര് വെളിപ്പെടുത്താതെ വൻ തുകകൾ സംഭാവനയായി നൽകാൻ കഴിയും. ശതകോടികളാണ് ഈ സംവിധാനം വഴി പാർട്ടികളുടെ അക്കൗണ്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയോ സംഭാവന നൽകുന്നവരുടെ പേരുകൾ പരസ്യമാക്കുകയോ വേണമെന്നാണ് ഹരജിക്കാരായ എ ഡി ആറിന്റെ ആവശ്യം.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സംശുദ്ധിയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളാണ് ഹരജിക്കാർ ഉയർത്തിയതെന്ന് കോടതി ബഞ്ച് നിരീക്ഷിച്ചെങ്കിലും ഇലക്ടറൽ ബോണ്ട് പദ്ധതി സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു. ഹരജിയിലെ ആവശ്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുള്ളതിനാൽ പരിമിതമായ സമയത്തിൽ വിഷയത്തിൽ തീർപ്പ് കൽപ്പിക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.

രാഷ്ട്രീയ പാർട്ടികൾക്ക് 20,000ത്തിൽ കൂടുതൽ രൂപ സംഭാവന നൽകുന്നവരുടെ പേരു വിവരം തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ചട്ടം. അത് അട്ടിമറിച്ചു കൊണ്ട് 2018 ജനുവരിയിലാണ് മോദി സർക്കാർ ഇലക്ടറൽ ബോണ്ട് സംവിധാനം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ ഉപയോഗം തടയുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ വാദമെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ കള്ളപ്പണമെത്താനാണ് ഈ പദ്ധതി അവസരമൊരുക്കുകയെന്നാണ് പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായം. ഇത് സംഭാവന നൽകുന്നതിലെ സുതാര്യത ഇല്ലാതാക്കുകയും വ്യാജ കമ്പനികൾ വഴി പാർട്ടികൾക്ക് കള്ളപ്പണമെത്താനുള്ള സാധ്യത വർധിപ്പിക്കുകയുമാണ് ചെയ്യുകയെന്ന തിരഞ്ഞെടുപ്പ് കമ്മീഷനും ചൂണ്ടിക്കാട്ടുന്നു. കമ്പനികളുടെ ലാഭനഷ്ടക്കണക്കിൽ രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ പ്രത്യേകം കാണിക്കേണ്ടതില്ലെന്ന നിയമഭേദഗതിയും കമ്മീഷൻ ചോദ്യം ചെയ്യുന്നുണ്ട്.

ഭരണത്തിലേറുന്ന കക്ഷിയേയും സർക്കാറിനേയും സ്വീധീനിച്ച് തങ്ങളുടെ കാര്യങ്ങൾ നേടിയെടുക്കാനും നിയമ വിരുദ്ധ താത്പര്യങ്ങൾ സംരക്ഷിക്കാനും കോർപറേറ്റുകൾക്കും മാഫിയകൾക്കും അവസരം നൽകുമെന്നതാണ് ഇലക്ടറൽ ബോണ്ട് ഉയർത്തുന്ന മുഖ്യഭീഷണി. സാധാരണ പൗരന്മാരുടെ താത്പര്യങ്ങൾ അവഗണിച്ച് സർക്കാർ കോർപറേറ്റുകളുടെ സംരക്ഷകരായി മാറുന്നതിന്റെ മുഖ്യകാരണം കോർപറേറ്റുകളും പാർട്ടികളും തമ്മിലുള്ള അവിഹിത ബന്ധമാണ്. രാഷ്ട്രീയക്കാർക്ക് വന്നു ചേരുന്ന സംഭാവനകൾ ബഹുഭൂരിഭാഗവും കോർപറേറ്റുകളിൽ നിന്നും മാഫിയകളിൽ നിന്നുമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2012-13, 2015-16 കാലഘട്ടത്തിൽ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 45.22 ശതമാനം (956.77 കോടി) ട്രസ്റ്റുകളുടേതും കമ്പനികളുടേതും12.93 ശതമാനം വൻകിട നിർമാണ മേഖലയുടേതും 12.67 ശതമാനം റിയൽ എസ്റ്റേറ്റുകാരുടേതും 9.11 ശതമാനം ഖനന, ഇറക്കുമതി, കയറ്റുമതി മേഖലയുടേതുമാണ്. ഭരിക്കുന്ന പാർട്ടികളുടെ നയനിലപാടുകൾ സാധാരണക്കാരെ അവഗണിച്ച് സമ്പന്ന വർഗത്തെ തുണക്കുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിന് ഈ കണക്കുകൾ ഉത്തരം പറയും. അഴിമതിക്കുള്ള വാതിൽ തുറന്നിടുകയാണ് പേര് വെളിപ്പെടുത്താതെ യഥേഷ്ടം സംഭാവന സ്വീകരിക്കാനുള്ള നിയമനിർമാണം വഴി സർക്കാർ ചെയ്തത്.

രാജ്യത്തെ കാർന്നു തിന്നുന്ന മുഖ്യവിപത്താണ് അഴിമതി. ജനങ്ങളുടെ നികുതിപ്പണത്തിന്റെ ഗണ്യഭാഗവും ഇന്ന് അഴിമതിയിലൂടെ ചോർന്നു പോകുകയും രാജ്യത്തിന്റെ വികസനത്തെ തന്നെ ഇത് സാരമായി ബാധിക്കുകയും ചെയ്യുന്നു. കോർപറേറ്റുകളും അതിസമ്പന്നരുമായുള്ള രാഷ്ട്രീയ കക്ഷികളുടെ വഴിവിട്ട ബന്ധം തടഞ്ഞെങ്കിൽ മാത്രമേ അഴിമതി നിയന്ത്രിക്കാനാകൂ. ഇലക്ടറൽ ബോണ്ട് ഈ ലക്ഷ്യത്തിന് വിഘാതമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സംശുദ്ധിയെയും അത് ഇല്ലാതാക്കും. ഈ സാഹചര്യത്തിൽ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആവശ്യപ്പെട്ടതു പോലെ രാജ്യത്തിന്റേയും ജനങ്ങളുടേയും നന്മ കണക്കിലെടുത്ത് ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കുന്ന കാര്യം കോടതി പരിഗണിക്കേണ്ടതുണ്ട്.

---- facebook comment plugin here -----

Latest