Connect with us

Articles

വിജയം അവിടെ, ആഘോഷം ഇവിടെ

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ഡിസംബറിൽ ഇസ്‌റാഈലിലെത്തി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അത് സമാനതകളുടെ ആഘോഷമായാണ് കൊണ്ടാടപ്പെട്ടത്. വിമർശകരും അപദാനക്കാരും ഒരുമിച്ച് പറഞ്ഞു: എന്തൊരു ചേർച്ച, എന്തൊരു ഊഷ്മളത, എന്തൊരു ഇഴയടുപ്പം. ഓരോ ക്ലിക്കിലും പതിഞ്ഞത് അഗാധ സൗഹൃദത്തിന്റെയും പ്രത്യയശാസ്ത്ര ഐക്യത്തിന്റെയും അടയാളങ്ങളായിരുന്നു. ആ കൂടിക്കാഴ്ച ചരിത്രപരമായതിന് ചുരുങ്ങിയത് മൂന്ന് കാരണങ്ങളെങ്കിലും മുന്നോട്ട് വെക്കാനാകും. ഒന്ന് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്‌റാഈൽ സന്ദർശിച്ചത്. രണ്ട് ആദ്യമായാണ് ഒരു ഇന്ത്യൻ നേതാവ് ഫലസ്തീൻ അതോറിറ്റിയുടെ ആസ്ഥാനമായ രാമല്ല സന്ദർശിക്കാതെ ഇസ്‌റാഈൽ സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്. മൂന്ന് ഇസ്‌റാഈലുമായി ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലാണ് മോദി ഏർപ്പെട്ടത്.

മോദിക്ക് മുമ്പ് 2000ത്തിൽ എൽ കെ അഡ്വാനിയും 2008ൽ എ പി ജെ അബ്ദുൽ കലാമും 2014ൽ രാജ്‌നാഥ് സിംഗും 2015ൽ പ്രണാബ് മുഖർജിയും 2016ൽ സുഷമാ സ്വരാജും ഇസ്‌റാഈലിലെത്തിയിരുന്നു. അവരാരും പ്രധാനമന്ത്രിമാരായിരുന്നില്ലല്ലോ. ഇവരിൽ മിക്കവരും ജറൂസലമിലും ടെൽ അവീവിലും പോയപ്പോൾ തന്നെ ഫലസ്തീൻ അതോറിറ്റി ആസ്ഥാനമായ രാമല്ലയിലും ചെന്നിരുന്നു. ഈ പതിവ് അപ്പടി തള്ളിക്കളയാൻ വാജ്‌പെയി സർക്കാറിനോ 1992ൽ ഇസ്‌റാഈലുമായി സമ്പൂർണ നയതന്ത്ര ബന്ധം പ്രഖ്യാപിച്ച നരസിംഹറാവുവിനോ മനസ്സുറപ്പ് വന്നില്ല. കാരണം ഇന്ത്യയുടെ പാരമ്പര്യത്തെ മറികടക്കാൻ അവർ ഭയന്നു. ഫലസ്തീനോടുള്ള കരുതൽ ഇന്ത്യൻ വിദേശ നയത്തിന്റെ ആണിക്കല്ലായിരുന്നു. എന്നാൽ മോദി അത് ഇളക്കി മാറ്റി. ആ അപൂർവ സഹോദരങ്ങൾ പേർത്തും പേർത്തും കെട്ടിപ്പിടിച്ചു. ഡിന്നർ കഴിഞ്ഞിറങ്ങിയ നെതന്യാഹു പറഞ്ഞത് താൻ മോദിയുമൊത്ത് ഡേറ്റ് ചെയ്യുകയായിരുന്നുവെന്നാണ്.
ഈ പഴങ്കഥകൾ ഇപ്പോൾ എടുത്തുവെച്ചത് ഇസ്‌റാഈൽ പ്രധാനമന്ത്രി സ്ഥാനത്ത് അഞ്ചാമതും ബെഞ്ചമിൻ നെതന്യാഹു വരുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ്. ഇസ്‌റാഈലിന്റെ ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂറിയൻ സ്ഥാപിച്ച റെക്കോർഡാണ് നെതന്യാഹു മറികടക്കാൻ പോകുന്നത്. അദ്ദേഹത്തിന്റെ ലികുഡ് പാർട്ടി 35 സീറ്റു മാത്രമേ നേടിയിട്ടുള്ളൂവെങ്കിലും തീവ്രവലതുപക്ഷ കക്ഷികളുമായി സഖ്യമുണ്ടാക്കി അദ്ദേഹം അധികാരം ഉറപ്പിക്കുമെന്ന് തീർച്ചയായിരിക്കുകയാണ്. ഇതു സംബന്ധിച്ച ചർച്ചകൾ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് നേരിട്ടാണ് ചാക്കിട്ടു പിടിത്തത്തിന് നേതൃത്വം നൽകുന്നത്. അമേരിക്ക പറഞ്ഞാൽ കേൾക്കാത്ത ഏത് പാർട്ടിയുണ്ട് ഇസ്‌റാഈലിൽ? ഇങ്ങനെ അധികാരം പിടിക്കുന്ന നെതന്യാഹു തന്റെ പ്രചാരണത്തിലുടനീളം ഉപയോഗിച്ചത് മോദിയുടെ ചിത്രങ്ങളും പ്രസംഗങ്ങളുമായിരുന്നു. അതുകൊണ്ട് ഇസ്‌റാഈൽ തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പിന് ശേഷവും സംഭവിച്ച കാര്യങ്ങൾക്ക് ഇന്ത്യയിൽ വലിയ പ്രാധാന്യമുണ്ട്. അപകടകരമായ സമാനത ഒറ്റനോട്ടത്തിൽ കാണാനാകും. ഈ രണ്ട് നേതാക്കളും പുറത്തെടുക്കുന്ന രാഷ്ട്രീയ കൗശലങ്ങൾ ഒന്നു തന്നെയാണ്. ഒരേ പ്രതിസന്ധിയെയും സാധ്യതയെയും ഇവർ പങ്കുവെക്കുന്നു. 2017 ജൂലൈ അഞ്ചിലെ സായാഹ്നത്തിൽ കടലോരത്ത് കൈകോർത്ത് നടക്കുമ്പോൾ ഈ നേതാക്കൾ പറഞ്ഞ് ചിരിച്ചത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കുറിച്ചായിരിക്കണം. സ്വന്തം ജനതയിൽ വർഗീയ വിഭജനം സാധ്യമാക്കിയും തീവ്ര ദേശീയ വികാരം ഇളക്കിവിട്ടും നേടാൻ പോകുന്ന വിജയങ്ങളോർത്താകണം അവർ മന്ദസ്മിതം തൂകിയത്.

മോദിയെപ്പോലെ വലിയ പ്രതിസന്ധിയിലായിരുന്നു നെതന്യാഹുവും. ഇവിടെ റാഫേലാണെങ്കിൽ അവിടെ കൈക്കൂലി കേസാണ് നെതന്യാഹുവിനെ പുലിവാൽ പിടിപ്പിച്ചത്. വഞ്ചനാ കേസുകൾ വേറെയുമുണ്ട്. ക്രിമിനൽ കേസുകളുമുണ്ട്. എല്ലാ കേസിലും വിചാരണ നടക്കുകയാണ്. ഭരണം പോയാൽ നിശ്ചയമായും ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു. അത്‌കൊണ്ട് വീണ്ടും പ്രധാനമന്ത്രിയാകുയെന്നതിനർഥം നെതന്യാഹു എല്ലാ കേസുകളിൽ നിന്നും രക്ഷപ്പെടുന്നുവെന്നാണ്. ഇന്ത്യയിൽ ഒരു പുതിയ സർക്കാർ വരികയും നോട്ട് നിരോധനത്തെ കുറിച്ചും റാഫേലിനെ കുറിച്ചും കൃത്യമായ അന്വേഷണം നടക്കുകയും ചെയ്താൽ മോദിയുടെ നിലയെന്താകുമോ അതിനേക്കാൾ കഷ്ടമാകുമായിരുന്നു നെതന്യാഹുവിന്റെ സ്ഥിതി.

തികച്ചും മോശമായ പ്രതിച്ഛായക്കിടയിലും, തൊട്ടടുത്ത എതിരാളിയായ വൈറ്റ് ആൻഡ് ബ്ലൂ പാർട്ടിയോളം തന്നെ സീറ്റ് പിടിക്കാൻ നെതന്യാഹുവിന് സാധിച്ചത് എങ്ങനെയാണ്? തോൽക്കുമെന്നുറപ്പായപ്പോൾ കഴിഞ്ഞ അഞ്ച് വർഷക്കാലം നടപ്പാക്കി വന്ന ഫലസ്തീൻവിരുദ്ധ നടപടികളുടെ മൊത്തം ഭീകരതയെയും അപ്രസക്തമാക്കുന്ന ആ പ്രഖ്യാപനം നെതന്യാഹു നടത്തി. താൻ തിരഞ്ഞെടുക്കപ്പെട്ടാൽ വെസ്റ്റ്ബാങ്കിലെ മുഴുവൻ ജൂത കൈയേറ്റ പ്രദേശങ്ങളും ഇസ്‌റാഈലിന്റെ ഭാഗമാക്കും. യു എന്നടക്കമുള്ള മുഴുവൻ ഏജൻസികളെയും വെല്ലുവിളിക്കും. വേണമെങ്കിൽ യു എൻ സേനയുമായി യുദ്ധം ചെയ്യും. ഇതിനൊക്കെ അമേരിക്കയുടെ പിന്തുണ ആർജിക്കും. ഏരിയൽ ഷാരോൺ പോലും പറയാൻ ധൈര്യപ്പെടാത്ത കാര്യമാണിത്. വെസ്റ്റ്ബാങ്കില്ലാതെ ഫലസ്തീൻ രാഷ്ട്രമേയില്ല. കിഴക്കൻ ജറൂസലമിലേക്ക് അമേരിക്കൻ എംബസി മാറ്റാൻ തീരുമാനിച്ചതോടെ ആ പ്രദേശം നിശ്ശബ്ദം ഇസ്‌റാഈലിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. അപ്പോഴും വെസ്റ്റ്ബാങ്കിൽ സമ്പൂർണ അധിനിവേശം സാധ്യമാകില്ലെന്ന പ്രതീക്ഷയിലായിരുന്നു സമാധാന സ്‌നേഹികൾ. ദ്വിരാഷ്ട്ര പരിഹാരത്തെ പൂർണമായി തള്ളിക്കളയാൻ ഒരു ഇസ്‌റാഈൽ പ്രധാനമന്ത്രിയും ഇതുവരെ തയ്യാറായിട്ടില്ല. മോദിയെപ്പോലെ നെതന്യാഹുവും പാരമ്പര്യങ്ങളെ തകർത്തെറിയുകയാണ്. അക്രമാസക്തമായി സ്ഥാപിക്കപ്പെട്ട രാജ്യമായിട്ടും അവിടുത്തെ ജനത ചുരുങ്ങിയത് സെന്റർ- റൈറ്റ് സ്വഭാവമെങ്കിലും മുറുകെ പിടിച്ചിരുന്നു. അങ്ങേയറ്റം പ്രകോപനപരമായ പ്രഖ്യാപനത്തിലൂടെ ഈ സ്വഭാവത്തിന് മേൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തുകയാണ് നെതന്യാഹു ചെയ്തത്. ഫലമോ ജനങ്ങളിൽ നല്ലൊരു ശതമാനം തീവ്ര ദേശീയതയിലേക്ക് എടുത്തു ചാടി.

2000ത്തിൽ സമാധാന ശ്രമങ്ങൾ തകിടം മറിയുകയും ഹമാസ് ഗാസയുടെ ഭരണം ഏറ്റെടുക്കുകയും ചെയ്തപ്പോൾ വലിയ ആക്രമണമാണ് ഇസ്‌റാഈൽ അഴിച്ചു വിട്ടത്. അന്ന് ഹമാസ് തൊടുത്തു വിട്ട റോക്കറ്റുകളും ഇടക്കിടക്ക് നടന്ന ചാവേർ സ്‌ഫോടനങ്ങളും അതിർത്തിയിലെ കല്ലേറുകൾ പോലും വലിയ സുരക്ഷാ പ്രശ്‌നമായി ഉയർത്തിക്കാട്ടിയാണ് തീവ്രവലതുപക്ഷ കക്ഷികൾ ആളെക്കൂട്ടിയത്. നിരായുധരും നിസ്സഹായരുമായ ഒരു ജനതയെ ഭീഷണിയായി മുദ്ര കുത്തുകയാണ് അവർ ചെയ്തത്. അവിഗ്‌ദോർ ലീബർമാന്റെ ഉപദേശത്തിൽ 2009ഓടെ നെതന്യാഹു കൃത്യമായി ഈ പാതയിലേക്ക് വന്നു. അദ്ദേഹത്തിന്റെ ഓരോ നയവും ഫലസ്തീനിനേയും രാജ്യത്തെ അറബ് വംശജരേയും ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇസ്‌റാഈൽ “ജൂത രാഷ്ട്രമാ”ണെന്ന് പ്രഖ്യാപിക്കുന്ന നിയമം പാസ്സാക്കി. ഈ നിയമത്തോട് കൂറുപുലർത്താത്ത മുഴുവൻ പേർക്കും രാജ്യം വിട്ടുപോകാമെന്നും നെതന്യാഹു തീട്ടൂരമിറക്കി. വല്ലാത്ത അരക്ഷിതാവസ്ഥയും അന്യതയുമാണ് ഇത് അറബ് വംശജരിൽ ഉണ്ടാക്കിയത്. ഈ നിസ്സഹായാവസ്ഥ ആസ്വദിക്കുന്ന നിലയിലേക്ക് ജൂത ഭൂരിപക്ഷം മാറിക്കഴിഞ്ഞിരുന്നു.

ഈ മനുഷ്യത്വവിരുദ്ധമായ രാഷ്ട്രീയം തുറന്ന് കാണിക്കാൻ പ്രതിപക്ഷ നിരയിലെ പ്രമുഖ സ്ഥാനത്ത് എത്തിപ്പെട്ട ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്ക് സാധിച്ചുമില്ല. പ്രതിപക്ഷ നിരയിൽ ശക്തമായിരുന്ന ലെഫ്റ്റിസ്റ്റ് പാർട്ടി ക്ഷയിച്ചപ്പോൾ രംഗപ്രവേശം ചെയ്ത പുതിയ പാർട്ടിയാണ് ബെന്നി ഗാന്റ്‌സ് നേതൃത്വം നൽകുന്ന ബ്ലൂ ആൻഡ് വൈറ്റ്. ഇവർ ഊന്നിയത് സുരക്ഷാ പ്രശ്‌നങ്ങളിൽ മാത്രമായിരുന്നു. അതാകട്ടെ ലികുഡ് പാർട്ടിയും മറ്റ് തീവ്രവലതുപക്ഷ പാർട്ടികളും പാടുന്ന പാട്ടിന്റെ ആവർത്തനം മാത്രമായിരുന്നു. ഇതോടെ വിദ്വേഷ രാഷ്ട്രീയം കത്തിച്ചു നിർത്താൻ നെതന്യാഹുവിനും സംഘത്തിനും എളുപ്പമായി.

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നത് ലോകത്താകെയുള്ള തീവ്രവലതുപക്ഷ പാർട്ടികൾക്ക് ഊർജം പകർന്നു. ആ ഊർജത്തിന്റെ നല്ല പങ്കും ഒഴുകിയത് ഇസ്‌റാഈലിലേക്കാകുക സ്വാഭാവികം. ജറൂസലമിനെ ഇസ്‌റാഈൽ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ട് നെതന്യാഹുവിന് വലിയ സേവനം ചെയ്തുകൊടുത്തു ട്രംപ്. ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് പിൻവാങ്ങാനുള്ള ട്രംപിന്റെ തീരുമാനത്തേയും സ്വന്തം അക്കൗണ്ടിൽ എഴുതുച്ചേർക്കുകയായിരുന്നു നെതന്യാഹു. ഏറ്റവും ഒടുവിൽ ജൂലാൻ കുന്നുകളുടെ ഉടമസ്ഥാവകാശം ഇസ്‌റാഈലിനാണെന്ന് പ്രഖ്യാപിച്ച് ട്രംപ് ഒരിക്കൽ കൂടി നെതന്യാഹുവിന് ഞെളിയാൻ അവസരമൊരുക്കി കൊടുത്തു. ലക്ഷണമൊത്ത ആന്റി അറബ് വംശീയ പാർട്ടിയായ ജ്യൂയിഷ് പവറുമായി പരസ്യമായി കൈകോർത്താണ് ഇത്തവണത്തെ പ്രചാരണത്തിന് നെതന്യാഹു നേതൃത്വം നൽകിയത്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായി (35 സീറ്റ്) ലികുഡ് പാർട്ടി വരികയും കൂടുതൽ ക്രൗര്യമുള്ള പാർട്ടികളുമായി അധികാരം ഉറപ്പിക്കുകയും ചെയ്യുന്ന നെതന്യാഹു ഒരു വേള യു എസിന് പോലും തലവേദന സൃഷ്ടിക്കുന്ന ഭരണാധികാരിയായി മാറും. ഇത്തവണ അദ്ദേഹത്തിന് കൂട്ടായെത്തുന്ന പാർട്ടികളെ നോക്കിയാൽ ഈ അപകടം മനസ്സിലാകും. യാഥാസ്ഥിതിക ജൂത പാർട്ടികളായ ഷാസ്, യുനൈറ്റഡ് ജൂതായിസം, യിസ്‌റാഈൽ ബൈത്തനു തുടങ്ങിയവയാണ് കൂട്ടാളികൾ. ഇവയെല്ലാം ഇന്ത്യയിലെ ആർ എസ് എസ് പോലെ വിദ്വേഷം പടർത്തുന്ന സംഘങ്ങളാണ്. ഇവയുടെയെല്ലാം സഹായത്തോടെ 120 അംഗ നെസറ്റിൽ നെതന്യാഹു 65 തികയ്ക്കും.

നെതന്യാഹു എടുത്തു പയറ്റിയ തിരഞ്ഞെടുപ്പ് ആയുധങ്ങളിലൊന്നും രാഷ്ട്രീയമുണ്ടായിരുന്നില്ല, ജനാധിപത്യവും. ഇനി ഇന്ത്യയിലേക്ക് നോക്കൂ. ഒരു ഘട്ടം പിന്നിട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി എന്തൊക്കെയാണ് പറയുന്നത്? നിരന്തരം പാക്കിസ്ഥാനെന്ന് മൊഴിഞ്ഞു കൊണ്ടിരിക്കുന്നു. രാജ്യം അപകടത്തിലെന്ന ഭീതി പരത്തുന്നു, രക്ഷകനായി സ്വയം അവതരിക്കുന്നു. സൈന്യത്തെ മോദി സേനയെന്ന് വിളിക്കുന്നു. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ പുറന്തള്ളാൻ പൗരത്വ ബിൽ കൊണ്ടുവരുമെന്ന് പ്രകടന പത്രികയിൽ എഴുതിവെക്കുന്നു. രാജ്യദ്രോഹ നിയമം കർക്കശമാക്കുമെന്നും മുന്നറിയിപ്പുണ്ട്. അവിടെ ജൂത രാഷ്ട്ര ബില്ലാണെങ്കിൽ ഇവിടെ പൗരത്വ ബിൽ. അവിടെ അറബികളാണ് ശത്രുക്കളെങ്കിൽ ഇവിടെ ന്യൂനപക്ഷങ്ങളും ദളിതരും. അവിടെ നെതന്യാഹു നിയമക്കുരുക്കിലാണ്. ഇവിടെ റാഫേലിൽ മോദിയും. എന്തൊരു സമാനത! ഇസ്‌റാഈലിൽ ബദൽ രാഷ്ട്രീയം മുന്നോട്ടുവെക്കാൻ വൈറ്റ് ആൻഡ് ബ്ലൂ പാർട്ടിക്ക് സാധിച്ചില്ല. ഇവിടെ കോൺഗ്രസും നയരാഹിത്യത്തിൽ അലയുകയോ മൃദുഹിന്ദുത്വത്തിന്റെ തടവറയിൽ കുടുങ്ങിക്കിടക്കുകയോ ചെയ്യുന്നു.
സംഘ്പരിവാർ ഇന്ത്യയിലും സയണിസ്റ്റുകൾ ലോകമാകെയും പടർത്താൻ ശ്രമിക്കുന്ന ഒരു ആശയത്തിന്റെ പ്രതിഫലനമാണ് ഈ സമാനതയെന്നു കൂടി മനസ്സിലാക്കണം. ” ഹിന്ദുക്കൾക്ക് ഒറ്റ നാടേ ഉള്ളൂ. അത് ഇന്ത്യയാണ്. ആ നാട് പാക്കിസ്ഥാൻ എന്ന മുസ്‌ലിം രാഷ്ട്രത്തിൽ നിന്നുള്ള ഭീഷണി നിരന്തരം നേരിടുകയാണ്. തീവ്രവാദത്തിന്റെ അച്ചുതണ്ടായ പാക്കിസ്ഥാന് വലിയ ബന്ധു ബലം ഉള്ളതിനാലും അവർ ഉത്തരവാദിത്വമില്ലാത്ത ആണവ ശക്തിയായതിനാലും ഇന്ത്യ മുൾമുനയിലാണ് നിൽക്കുന്നത്. അഥവാ ഇന്ത്യ ഒരു ഇര രാഷ്ട്രമാണ്. ഈ രാജ്യത്തെ ഹിന്ദുത്വവത്കരിക്കുക മാത്രമാണ് പോംവഴിയെന്നും മുസ്‌ലിംകളെ ആട്ടിയോടിക്കണ”മെന്നും സംഘ്പരിവാർ പറയുന്നു. ഇത് തന്നെയാണ് സയണിസ്റ്റുകളുടേയും വാദം. ജൂതൻമാർക്ക് ഒറ്റ നാടേ ഉള്ളൂ. ലോകത്തെ മിക്ക രാജ്യങ്ങളും പരിലാളിക്കുന്ന ഫലസ്തീൻ തങ്ങളുടെ സമാധാനപരമായ നിലനിൽപ്പിന് ഭീഷണിയാണ്. ഹമാസിനെ ചൂണ്ടി ഈ നുണ ആവർത്തിക്കുന്നു സയണിസം.

സമാനതയുടെ ഈ “ജനാധിപത്യ പരീക്ഷണം” ഒരിടത്ത് വിജയിച്ചു. ഇനി ഇവിടെ എന്ത് സംഭവിക്കുമെന്നാണ് അറിയേണ്ടത്. നെതന്യാഹുവിനെപ്പോലെ മോദിയും സഖ്യത്തിന്റെ ചിറകിലേറി തിരിച്ചു വരുമോ? ജൂതരാഷ്ട്രത്തിലെ തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങുന്പോൾ തന്നെ ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് നരേന്ദ്രമോദി അഭിനന്ദനമറിയിച്ച് കഴിഞ്ഞിരുന്നു. ഇന്ത്യയിൽ ഇസ്റാഈൽ ആവർത്തിക്കുമെന്ന പ്രതീക്ഷയാകാം ആ മുൻകൂർ അഭിനന്ദനത്തിന് പിന്നിൽ.

മുസ്തഫ പി എറയ്ക്കൽ • musthafalogam@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest