Connect with us

Thrissur

തൃശൂരിൽ ആവേശപ്പൂരം; വിവാദച്ചുഴിയിൽ വീണ് ബി ജെ പി

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തന്റെ തട്ടകമായ തൃശൂരിൽ ശക്തമായ പോരാട്ടം. കുടമാറ്റം പോലെ മാറിമാറി വന്ന എൻ ഡി എ യുടെ സ്ഥാനാർഥികളും കുടവും താമരയും മാറി മാറി വരച്ചുള്ള പ്രചാരണത്തിലെ പാളിച്ചകളും ത്രികോണ മത്സരത്തിനുണ്ടായിരുന്ന സാധ്യതകളെ അസ്ഥാനത്താക്കിയെന്നാണ് വിലയിരുത്തൽ. ഇതോടെ ഇടത്- വലത് മുന്നണികൾ തമ്മിലുള്ള കടുത്ത വെടിക്കെട്ടിന് തന്നെയാകും ഇത്തവണയും പൂരനഗരി സാക്ഷ്യം വഹിക്കുക.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച  എൽ ഡി എഫിലെ രാജാജി മാത്യു തോമസ് തന്നെയാണ് പ്രചാരണത്തിൽ മുന്നിൽ. സ്ഥാനാർഥി തീരുമാനം വൈകിയതിനാൽ രാജാജിക്കൊപ്പം ഓടിയെത്താനാകാതെ  കിതക്കുകയാണ് യു ഡി എഫ് സ്ഥാനാർഥി ടി എൻ പ്രതാപൻ. ഇതിനിടെ വിവാദങ്ങൾക്കിടയിലും താരപ്രഭാവത്തിൽ വോട്ട് തേടിയിറങ്ങിയിരിക്കുകയാണ് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി. മൂന്ന് മുന്നണികൾക്കും പുറമെ ബി എസ് പി സ്ഥാനാർഥി നിഖിൽ ചന്ദ്രശേഖരൻ, സി പി എം എൽ റെഡ് സ്റ്റാർ സ്ഥാനാർഥി എൻ ഡി വേണു, സ്വതന്ത്ര സ്ഥാനാർഥികളായ കെ പി പ്രവീൺ, സുവിത്ത്, സോനു എന്നിവരുൾപ്പെടെ എട്ട് പേരാണ് ഇത്തവണ തൃശൂരിൽ ജനവിധി തേടുന്നത്.

ശക്തമായ ത്രികോണ മത്സരത്തിനാകും സാംസ്‌കാരിക നഗരി സാക്ഷിയാകുക എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ ആദ്യഘട്ട വിലയിരുത്തൽ. എന്നാൽ, സ്ഥാനാർഥി പ്രഖ്യാപനത്തിലും പ്രചാരണ പ്രവർത്തനങ്ങളിലും എൻ ഡി എ കേന്ദ്രങ്ങളിലുണ്ടായ പിഴവുകളും പാളിച്ചകളും ബി ജെ പിയെ പിറകോട്ടടിപ്പിച്ചതോടെ ഈ കണക്കുകൂട്ടൽ അസ്ഥാനത്തായി. എ- പ്ലസ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ തൃശൂരിൽ തുടർച്ചയായി നേരിടേണ്ടി വന്ന വിവാദങ്ങളാണ് ബി ജെ പിയെ തളർത്തിയത്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുപരിചിതനല്ലാത്ത സ്ഥാനാർഥി മത്സരിച്ചിട്ട് പോലും  മണ്ഡലത്തിൽ ഒരു ലക്ഷത്തിൽ പരം വോട്ട് ലഭിച്ച ബി ജെ പി ഇത്തവണ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനായി  സംസ്ഥാന ജന. സെക്രട്ടറി കെ സുരേന്ദ്രനെ മത്സരിപ്പിക്കാൻ ജില്ലാ- സംസ്ഥാന നേതൃത്വങ്ങൾ തീരുമാനമെടുക്കുകയും ചെയ്തു. പിന്നീട് മുന്നണിയിലെ ബി ഡി ജെ എസ് തൃശൂർ സീറ്റിന് അവകാശവാദമുന്നയിച്ചെത്തിയതോടെ ബി ജെ പിക്ക് കാലിടറി തുടങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് പൊതുസമ്മേളനം സംഘടിപ്പിച്ചും കുടുംബ യോഗങ്ങളിൽ കെ സുരേന്ദ്രനെ പങ്കെടുപ്പിച്ചും താമര ചിഹ്നത്തിൽ ചുമരെഴുത്തുകൾ നടത്തിയും തൃശൂരിൽ ബി ജെ പി നേതൃത്വം പടുത്തുയർത്തിയ മനക്കോട്ടകൾ തകർത്തായിരുന്നു ബി ഡി ജെ എസിന്റെ കടന്നുവരവ്.

ഇതോടെ നിരാശകൾക്കിടയിലും ചുമരുകളിൽ വരച്ചു വെച്ച താമര ചിഹ്നം മായ്ച്ച് ബി ഡി ജെ എസിന്റെ കുടം വരച്ച് തുടങ്ങി പ്രവർത്തകർ. ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടിയായിരുന്നു കാത്തിരിപ്പ്. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ബി ഡി ജെ എസിന്റെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. തൃശൂരും വയനാടും ഒഴിച്ചിട്ടുള്ള ബി ഡി ജെ എസിന്റെ ആദ്യഘട്ട സ്ഥാനാർഥി ലിസ്റ്റ് പുറത്ത് വരികയും തുഷാർ വെള്ളാപ്പള്ളി രാഹുൽ ഗാന്ധിക്കെതിരെ വയനാട് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതോടെ ബി ജെ പി ജില്ലാ നേതൃത്വം നിലപാട് കടുപ്പിച്ചു. ഒടുവിൽ തുഷാർ തന്നെ തൃശൂരിൽ സ്ഥാനാർഥിയായെത്തി. തുഷാറിനായി ചുവരെഴുത്തും പോസ്റ്ററുകളുമെല്ലാം സജീവമാക്കി സ്ഥാനാർഥി പര്യടനവും തുടങ്ങി. എന്നാൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട് മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിയെ പിൻവലിക്കുന്നതായുള്ള പ്രഖ്യാപനം വന്നതോടെ ഊതിവീർപ്പിച്ച ബലൂണിൽ തുളവീണ സ്ഥിതിയിലായി തൃശൂരിലെ ബി ജെ പി- ബി ഡി ജെ എസ് പ്രവർത്തകരും നേതാക്കളും.

പിന്നാലെയാണ് സുരേഷ് ഗോപി ബി ജെ പി സ്ഥാനാർഥിയായി എത്തുന്നത്. തുഷാറിനായി അടിച്ചു വെച്ച പോസ്റ്ററുകളും ബോർഡുകളുമെല്ലാം ഉപേക്ഷിച്ച് വീണ്ടും ചുമരെഴുത്തുകളിലെ കുടം മായ്ച്ച് താമര തന്നെ വരക്കേണ്ടി വന്ന എൻ ഡി എ നേതാക്കളുടെയും പ്രവർത്തകരുടെയും ഗതികേട് ഇതോടെ തൃശൂരിൽ ട്രോൾ മഴയായി.
താരമൂല്യമുള്ള സുരേഷ് ഗോപിയെ വരവേറ്റ് എൻ ഡി എ പ്രവർത്തകർ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും വിവാദമെത്തുന്നത്. സ്ഥാനാർഥിയെ സ്വീകരിച്ച് നഗരത്തിൽ നടത്തിയ റോഡ് ഷോക്കിടെ സുരേഷ് ഗോപിയുടെ അകമ്പടി വാഹനമിടിച്ച് പരുക്കേറ്റ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മുങ്ങിയതായിരുന്നു ആദ്യ വിവാദം. ചികിത്സാ ചെലവ് നൽകാനോ പരുക്കേറ്റ സ്ത്രീയെ സന്ദർശിക്കാനോ സ്ഥാനാർഥിയോ നേതാക്കളോ തയ്യാറായില്ലെന്നായിരുന്നു ആക്ഷേപം.

ഇതിനിടെ 15 ലക്ഷം രൂപ നരേന്ദ്ര മോദി എല്ലാവരുടെയും അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ എന്നുള്ള സുരേഷ് ഗോപിയുടെ ചോദ്യവും വിവാദമുയർത്തി. മതം പറഞ്ഞ് വോട്ട് തേടി സ്ഥാപിച്ച പ്രചാരണ ബോർഡും ശബരിമലയുടേയും അയ്യപ്പന്റേയും പേരിൽ വോട്ട് ചോദിച്ച് വെട്ടിലായ സ്ഥാനാർഥിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയതും പ്രചാരണത്തിനിടെ സെൽഫിയെടുക്കാൻ തോളിൽ കൈവെച്ച കുട്ടിയെ തട്ടിമാറ്റിയ സ്ഥാനാർഥിയുടെ നടപടിയുമെല്ലാം ഒന്നിന് പിറകെ ഒന്നായി വിമർശനങ്ങൾക്കിടയാക്കി.  സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയ ജില്ലാ കലക്്ടർ ടി വി അനുപമക്കെതിരെ വർഗീയ അധിക്ഷേപവും സൈബർ ആക്രമണവും നടത്തിയ സംഘ്പരിവാർ നേതാക്കളുടേയും പ്രവർത്തകരുടേയും നടപടിയും വലിയ വിമർശനത്തിനിടയാക്കി.

ബി ജെ പിക്ക് തുടർച്ചയായി നേരിടേണ്ടി വന്ന വിവാദങ്ങൾക്കിടെ ഈ അവസരം കൂടെ മുതലെടുത്ത് മുന്നേറുകയാണ് എൽ ഡി എഫും യു ഡി എഫും. വ്യക്തി പ്രഭാവത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന രാജാജിയും ടി എൻ പ്രതാപനും വിവാദങ്ങൾക്കൊന്നും ഇതുവരെ ഇട നൽകിയിട്ടില്ല. പ്രചാരണ വഴികളിൽ ഒന്നിച്ച് നിന്ന് സെൽഫിയെടുത്തും വ്യക്തിഹത്യകളൊന്നും നടത്താതെ സൗഹൃദം നിലനിർത്തുകയും ചെയ്യുന്ന സ്ഥാനാർഥികൾ വികസനവും രാഷ്ട്രീയവും പറഞ്ഞാണ് വോട്ട് തേടുന്നത്.
16-ാം ലോക്‌സഭയിൽ രാജ്യത്ത് തന്നെ സി പി ഐക്ക് ലഭിച്ച ഏക മണ്ഡലമായ തൃശൂരിനെ നിലനിർത്താൻ കച്ചമുറുക്കിയിറങ്ങിയ രാജാജി മാത്യു തോമസ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ലഭിച്ച ഭൂരിപക്ഷവും പിന്നീട് നിയമസഭാ- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലെ നേട്ടവും  എൽ ഡി എഫിന്റെ വിജയപ്രതീക്ഷ ഉയർത്തുന്നു. ഇതുവരെ നടന്ന 16 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പത്തിലും ജയം എൽ ഡി എഫിനൊപ്പം നിന്നു. എതിർ സ്ഥാനാർഥിയായ ടി എൻ പ്രതാപന്റെ തട്ടകമായ നാട്ടികയുൾപ്പെടെ ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ചെങ്കൊടി പാറി. തൃശൂർ നഗരസഭയുൾപ്പെടെ മണ്ഡലത്തിലെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈയാളുന്നത് എൽ ഡി എഫാണ്.

സിറ്റിംഗ് എം പിയായ സി എൻ ജയദേവനും കൃഷിമന്ത്രി അഡ്വ. വി എസ് സുനിൽ കുമാറും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും ഉൾപ്പെടെയുള്ള മണ്ഡലത്തിലെ എം എൽ എ മാരുടെ നേതൃത്വത്തിൽ എൽ ഡി എഫ് സർക്കാർ നടപ്പാക്കിയ വികസനവും വോട്ടായി മാറുമെന്ന് എൽ ഡി എഫ് കണക്ക് കൂട്ടുന്നു.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ അഞ്ച് തവണ മാത്രമേ വിജയം കണ്ടിട്ടുള്ളൂ എങ്കിലും തൃശൂർ തങ്ങളുടെ കോട്ടയാണെന്നാണ് യു ഡി എഫിന്റെ അവകാശ വാദം. കഴിഞ്ഞ തവണ ചാലക്കുടി, തൃശൂർ മണ്ഡലങ്ങളിലെ സിറ്റിംഗ് എം പിമാരായിരുന്ന പി സി ചാക്കോയേയും കെ പി ധനപാലനേയും ഇരു മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളായി പരസ്പരം വെച്ച് മാറേണ്ടി വന്നതിലുള്ള വിവാദങ്ങളും ഗ്രൂപ്പ് പോരുമെല്ലാം വിനയായി നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്.

ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ നിന്നായി മൂന്ന് തവണ എം എൽ എയായും നിലവിൽ ഡി സി സി അധ്യക്ഷനായും തൃശൂരുകാർക്ക് സുപരിചിതനും കോൺഗ്രസുകാർക്കിടയിൽ പൊതു സമ്മതനുമായ ടി എൻ പ്രതാപൻ സ്ഥാനാർഥിയായത് യു ഡി എഫിന്റെ ആത്മവിശ്വാസം കൂട്ടുന്നു.
കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരായ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്നും യു ഡി എഫ് പ്രതീക്ഷിക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച അന്തിമ പട്ടികപ്രകാരം മണ്ഡലത്തിൽ 13,36,399 വോട്ടർമാരാണുള്ളത്. 6,42,942 പുരുഷ വോട്ടർമാരും 6,93,440 സ്ത്രീകളും 17  മൂന്നാം ലിംഗക്കാരും. മുൻ മുഖ്യമന്ത്രി കെ കരുണാകരനുൾപ്പെടെയുള്ള വമ്പൻമാരെ വീഴ്ത്തുകയും വാഴ്ത്തുകയും ചെയ്തിട്ടുള്ള ഈ സാംസ്‌കാരിക നഗരിയിൽ ഇത്തവണ ആര് വാഴുമെന്നുള്ള കാര്യം പ്രവചനാതീതമാണ്.

എൽ ഡി എഫ്
സാധ്യത: മണ്ഡലത്തിൽ നടപ്പാക്കിയ വികസന- ക്ഷേമ പ്രവർത്തനങ്ങൾ. കഴിഞ്ഞ ലോക്സഭ- നിയമസഭാ- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ ലഭിച്ച ഭൂരിപക്ഷം.

ആശങ്ക: ചർച്ച് ബിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ക്രൈസ്തവ സഭയുടേയും ബി ഡി ജെ എസ്, എൻ ഡി എ മുന്നണിയിൽ ചേർന്നതോടെ ഈഴവരുടേയും വോട്ടുകൾ ഭിന്നിക്കപ്പെടുമോ എന്നതിൽ.

യു ഡി എഫ്
സാധ്യത: സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം. കേന്ദ്ര സർക്കാറിനെതിരായ പൊതുവികാരം. സിറ്റിംഗ് എം പിയുടേയും എൽ ഡി എഫ് ജനപ്രതിനിധികളുടേയും വികസനപ്രവർത്തനങ്ങളിലെ വീഴ്ചകൾ. ക്രൈസ്തവ സഭകളുടെ വോട്ടിലും നോട്ടം

ആശങ്ക: ബി ഡി ജെ എസ് എൻ ഡി എ മുന്നണിയിൽ ചേർന്നതോടെ ഈഴവ വോട്ടുകൾ ബി ജെ പിക്ക് പോകുമോ എന്നുള്ളതിൽ. മണ്ഡലത്തിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളും ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും വിജയിച്ചിരിക്കുന്നത് എൽ ഡി എഫ്.

എൻ ഡി എ
സാധ്യത: സ്ഥാനാർഥിയുടെ താരപ്രഭ. ശബരിമല വിഷയം അനുകൂലമാകുമെന്ന പ്രതീക്ഷ. ബി ഡി ജെ എസ് വഴി വരുന്ന ഈഴവ വോട്ട്.

ആശങ്ക: സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും നേരിട്ട പാകപ്പിഴകൾ. സ്ഥാനാർഥിക്കെതിരെ ഉയർന്ന വിവാദങ്ങൾ. കേന്ദ്ര സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം.

Latest