Connect with us

Kannur

ജയരാജൻ Vs മുരളീധരൻ; തീ പാറും വടകരപ്പോര്

Published

|

Last Updated

സിറ്റിംഗ് എം പി മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാനില്ലെന്നറിയിച്ചതു മുതൽ തന്നെ സംസ്ഥാനത്തെ ശ്രദ്ധേയമായ ലോക്‌സഭാ മണ്ഡലമായി ഇത്തവണ വടകര മാറിയിരുന്നു. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയും നാലുപാടും രാഷ്ട്രീയ എതിരാളികളുമുള്ള പി ജയരാജൻ എൽ ഡി എഫിന്റെ പോരാളിയായി പ്രഖ്യാപിക്കപ്പെട്ടതോടെ വടകരയുടെ ഗ്രാഫ് വീണ്ടും ഉയർന്നു. പിന്നെയങ്ങോട്ട് ജയരാജനോട് ഏറ്റുമുട്ടാൻ ആര് എന്നതായി ചർച്ച. ഒരു പാട് പേരുകൾ ഉയർന്നുവന്നു, അവസാനം വെല്ലുവിളിയേറ്റെടുത്ത് കെ മുരളീധരൻ സ്വയം രംഗത്തിറങ്ങി. അതോടെ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി വടകര മാറി.

രാഷ്ട്രീയപരമായി വീറും വാശിയുമുറ്റിനിൽക്കുന്ന വടക്കേ മലബാറിലെ രണ്ട് ജില്ലകളിലായി പരന്നു കിടക്കുന്ന വടകരയുടെ രാഷ്ട്രീയച്ചൂടിന്റെ പ്രാധാന്യം വേറെത്തന്നെയാണ്. സി പി എമ്മും കോൺഗ്രസുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നതെങ്കിലും മറ്റു ചില രാഷ്ട്രീയ കക്ഷികളെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റേയും അഭിമാനത്തിന്റേയും കൂടി മത്സരമാണിത്. പി ജയരാജനെ മുഖ്യശത്രുവായി അവതരിപ്പിക്കുന്ന അന്തരിച്ച ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നയിക്കുന്ന ആർ എം പിയാണതിൽ മുഖ്യം. എം പി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ലോക് താന്ത്രിക് ദൾ, മന്ത്രി കൃഷ്ണൻ കുട്ടിയുടെ നേതൃത്വത്തിലുള്ള ജനതാദൾ എസ്, മുസ്‌ലിം ലീഗ് എന്നീ പാർട്ടികൾക്കെല്ലാം വീറും വാശിയുമേറിയ മത്സരമാണ് വടകരയിലേത്. കൂടാതെ, കണ്ണൂരിൽ ആർ എസ് എസിന്റെ ജന്മശത്രുവായി എണ്ണുന്ന ജയരാജനാണ് ഒരു പക്ഷത്ത് എന്ന നിലക്ക് സംഘ് പരിവാറിനും അൽപം വാശികൂടും.
അക്രമ രാഷ്ട്രീയവും വർഗീയതക്കെതിരായ ചെറുത്തുനിൽപ്പും തന്നെയാണ് മണ്ഡലത്തിലെ പ്രധാന ചർച്ചാ വിഷയം.

ആദ്യം തന്നെ കളത്തിലിറങ്ങിയ സ്ഥാനാർഥി എന്ന നിലക്ക് എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജൻ മൂന്നാം ഘട്ട പര്യടനത്തിലാണിപ്പോൾ. അക്രമ രാഷ്ട്രീയത്തിന്റെ വക്താവ് എന്ന നിലക്കുള്ള യു ഡി എഫിന്റെ ആരോപണത്തെ ചെറുത്തു തോൽപ്പിക്കുന്നതിന് തന്നെയാണ് ജയരാജനും എൽ ഡി എഫും മുഖ്യമായും ഊന്നൽ നൽകുന്നത്. ആർ എസ് എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞ് ജീവൻ നഷ്ടപ്പെട്ടെന്ന് കരുതി ഉപേക്ഷിച്ചുപോയ പി ജയരാജനിതാ വരുന്നു….. എന്നു തുടങ്ങുന്ന എൽ ഡി എഫിന്റെ മൂർച്ഛയേറിയ രാഷ്ട്രീയ പ്രസംഗങ്ങൾക്കിടക്ക് പത്ത് വർഷം വടകരയെ പ്രതിനിധീകരിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ മണ്ഡലത്തിന് ഒന്നും ചെയ്തില്ലെന്നും ഇത്തവണ പരാജയം മണത്തതിനാലാണ് മത്സരിക്കാതെ പിൻവാങ്ങിയതെന്നുമെല്ലാം കടന്നുവരുന്നു.

കൂടാതെ, യു ഡി എഫ് ക്യാമ്പുകളിൽ പരമാവധി ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള പണികളും എൽ ഡി എഫ് പയറ്റുന്നുണ്ട്. മണ്ഡലത്തിലുള്ള കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് കൊടുത്തില്ലെന്നും മുരളീധരനെ കെട്ടിയിറക്കിയെന്നുമൊക്കെയാണതിൽ മുഖ്യം.
അതേസമയം, അക്രമ രാഷ്ട്രീയത്തിന്റെ വക്താവ് എന്നു തന്നെ പി ജയരാജനെ വിശേഷിപ്പിക്കാനാണ് യു ഡി എഫ് ക്യാമ്പിനിഷ്ടം. സ്ഥാനാർഥി പ്രഖ്യാപനം കുറച്ച് വൈകിയെങ്കിലും കെ മുരളീധരൻ മണ്ഡലത്തിലുടനീളം ഓടിയെത്തുന്നുണ്ട്. ടി പി ചന്ദ്രശേഖരന്റേയുംശുഐബിന്റേയും കൃപേഷിന്റേയും ശരത്‌ലാലിന്റേയുമെല്ലാം കൊലപാതകത്തിന്റെ കണ്ണീരണിയിക്കുന്ന രംഗങ്ങളവതരിപ്പിച്ചുകൊണ്ട് ജയരാജനെ തളയ്ക്കുകയെന്ന രീതിയാണ് യു ഡി എഫ് പുറത്തെടുത്തിരിക്കുന്നത്. ഇനി കൊലക്കത്തിക്കിരയായ മക്കളെച്ചൊല്ലിയുള്ള അമ്മമാരുടെ നിലവിളി ഉയരരുത്. പിഞ്ചുബാല്യങ്ങൾ അനാഥരാകരുത്, വിധവകളുടെ നെടുവീർപ്പുകളുയരരുത്.. എന്നു തുടങ്ങുന്ന കവല പ്രസംഗങ്ങൾ വടകരയുടെ രാഷ്ട്രീയച്ചൂട് ഇരട്ടിയാക്കുന്നു.
ദളിന് ഗണ്യമായ സ്വാധീനമുള്ള വടകര സീറ്റ് സി പി എം പിടിച്ചെടുത്തുവെന്ന് ഇതിന് മുമ്പ് ലോക് താന്ത്രിക് ദൾ സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ അടക്കമുള്ള നേതാക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇത് പൊടിതട്ടിയെടുത്ത് പൊലിപ്പിച്ച് ഇടത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമവും യു ഡി എഫ് നടത്തുന്നുണ്ട്.
2014ൽ 76,313 വോട്ടുകൾ നേടിയ എൻ ഡി എ സ്ഥാനാർഥി വി കെ സജീവൻ ഇത്തവണയും മത്സര രംഗത്തുണ്ട്. യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ നിലവിൽ വട്ടിയൂർക്കാവിലെ എം എൽ എയാണെന്നിരിക്കെ മുരളി വടകരയിലെ എം പിയായാൽ ഉണ്ടാകുന്ന ഉപതിരഞ്ഞെടുപ്പിലൂടെ വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാനാകുമോയെന്ന മനക്കോട്ടയും ബി ജെ പിക്കുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബി ജെ പി രണ്ടാം സ്ഥാനത്തായിരുന്നു.
തീർത്തും രാഷ്ട്രീയപരമായ ഏറ്റുമുട്ടൽ നടക്കുന്ന മണ്ഡലമാണ് വടകര. കഴിഞ്ഞ തവണ 3,306 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫിലെ മുല്ലപ്പള്ളി രാമചന്ദ്രൻ ജയിച്ചു കയറിയത്. എന്നാൽ, കഴിഞ്ഞ വർഷം എൽ ഡി എഫിലെ അഡ്വ. എ എൻ ഷംസീറിന്റെ അപരൻ എ പി ഷംസീർ 3,485 വോട്ടുകൾ നേടിയിരുന്നുവെന്നതാണ് എൽ ഡി എഫിന് ആശ്വാസമാകുന്ന ഒരു ഘടകം. കൂടാതെ, കഴിഞ്ഞ തവണ യു ഡി എഫ് പക്ഷത്തുണ്ടായിരുന്ന വീരേന്ദ്രകുമാറിന്റെ ആർ എൽ ഡി ഇത്തവണ എൽ ഡി എഫിനൊപ്പമാണ്. എന്നാൽ, കഴിഞ്ഞ തവണ കെ കെ രമയുടെ നേതൃത്വത്തിലുള്ള ആർ എം പിയുടെ സ്ഥാനാർഥി അഡ്വ. പി കുമാരൻകുട്ടി 17,229 വോട്ടുകൾ നേടിയിരുന്നു. ഇത്തവണ ആർ എം പിയുടെ പിന്തുണ യു ഡി എഫിനാണ്.
നിയമസഭാ മണ്ഡലങ്ങൾ പരിശോധിച്ചാൽ കണ്ണൂർ ജില്ലയിലെ തലശേരി, കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളിലെല്ലാം എൽ ഡി എഫിനാണ് ആധിപത്യം. കോഴിക്കോട്ടെ കുറ്റ്യാടി മാത്രമാണ് യു ഡി എഫ് പക്ഷത്തുള്ളത്. കണക്കുകൾ കൂട്ടിക്കിഴിച്ചാൽ ഇങ്ങനെയൊക്കെയാണ് ഫലമെങ്കിലും വടകര ആരെ വരിക്കുമെന്നത് കാത്തിരുന്നു കാണണം.

എൽ ഡി എഫ്
സാധ്യത: കഴിഞ്ഞ തവണ യു ഡി എഫ് പക്ഷത്തായിരുന്ന രാഷ്ട്രീയ ലോക്് താന്ത്രിക് ദൾ ഇത്തവണ എൽ ഡി എഫിനൊപ്പം.

യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആൾ.
ആശങ്ക: കഴിഞ്ഞ തവണ സ്വന്തം സ്ഥാനാർഥിയെ നിർത്തിയിരുന്ന ആർ എം പി ഇത്തവണ യു ഡി എഫിനൊപ്പം

യു ഡി എഫ്
സാധ്യത: രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജനെതിരെയുള്ള ആരോപണങ്ങൾ. ആർ എം പിയുടെ പിന്തുണ
ആശങ്ക: തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ നേതാക്കളുടെ മെല്ലെപ്പോക്ക്

എൻ ഡി എ
സാധ്യത: ശബരിമല വിഷയം, സ്ഥാനാർഥി രണ്ടാം തവണയാണ് മത്സരിക്കുന്നതെന്നതുകൊണ്ട് മണ്ഡലത്തിലെ പരിചയം
ആശങ്ക: എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർഥികൾ പ്രമുഖരാണ്‌.

---- facebook comment plugin here -----

Latest