Connect with us

Thiruvananthapuram

പ്രസ്റ്റീജ് മണ്ഡലങ്ങളിലെ പ്രതിസന്ധി; കോൺഗ്രസ് പ്രതിരോധത്തിൽ

Published

|

Last Updated

സംസ്ഥാനത്ത് തിരുവനന്തപുരമുൾപ്പെടെ കോൺഗ്രസിന്റെ അഭിമാന പോരാട്ടം നടക്കുന്ന മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ ഉടലെടുത്ത ആഭ്യന്തര പ്രശ്‌നങ്ങൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലാണ് ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ കോൺഗ്രസ് പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. കടുത്ത ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ഡോ. ശശി തരൂരും കോഴിക്കോട്ട് എം കെ രാഘവനും വടകരയിൽ കെ മുരളീധരനുമാണ് പ്രതിസന്ധി നേരിടുന്നത്. മൂവരും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

അതേസമയം, നിർണായക മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണ രംഗത്തുൾപ്പെടെയുണ്ടായ മെല്ലെപ്പോക്കും ഭിന്നിപ്പും കാലുവാരൽ ഭീഷണി വരെ ഉയർത്തുന്നുണ്ട്. തിരുവനന്തപുരത്ത് യു ഡി എഫിനും എൽ ഡി എഫിനുമൊപ്പം ബി ജെ പിയും മത്സരം കടുപ്പിക്കുമ്പോഴാണ് സിറ്റിംഗ് എം പിയായ ശശി തരൂരിന്റെ പ്രചാരണത്തിൽ കോൺഗ്രസ് നേതാക്കളുടെ അഭാവവും സഹകരണമില്ലായ്മയും സംബന്ധിച്ച് വിവാദമുയർന്നിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ശക്തമായ പ്രചാരണം കാഴ്ചവെച്ച തരൂർ പിന്നീട് പ്രചാരണത്തിൽ പിറകോട്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെ നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുണ്ടായിരുന്ന ഡി സി സി നേതാവിന്റെ സാമൂഹിക മാധ്യമത്തിലെ കുറിപ്പാണ് മണ്ഡലത്തിലെ അടിയൊഴുക്കുകൾ പ്രകടമാക്കിയത്. ഇതിന് പിന്നാലെ ശശി തരൂർ ഹൈക്കമാൻഡിനെ പരാതി അറിയിക്കുകയും ഹൈക്കമാൻഡ് ശക്തമായി ഇടപെടുകയും ചെയ്തു.

ഇതുപ്രകാരമാണ് കെ പി സി സി നേതൃത്വം ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് ശക്തമായ താക്കീത് നൽകിയത്. ശശി തരൂർ പരാജയപ്പെട്ടാൽ നേതാക്കൾക്കെതിരെ ശക്തമായ അച്ചടക്ക നടപടിയുണ്ടാകുമെന്നായിരുന്നു കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്നറിയിപ്പ്. മുതിർന്ന നേതാവ് എ കെ ആന്റണിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
അതേസമയം, ആഗോള പ്രതിച്ഛായക്കപ്പുറം സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായും മണ്ഡലത്തിലെ നേതാക്കളുമായും വളരെ കുറച്ച് ഇടപഴകുന്ന ശശി തരൂർ പാർട്ടി പ്രവർത്തകർക്കിടയിലെ സ്വാധീനത്തിനപ്പുറം തന്റെ സ്വന്തം പ്രതിച്ഛായയിലാണ് കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയത്. ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ ഒരു വിഭാഗം നിസ്സഹകരണം പുലർത്തുമ്പോൾ തരൂരിനൊപ്പം ശക്തമായി നിൽക്കാൻ മറ്റൊരു വിഭാഗമില്ലെന്നതാണ് പ്രചാരണത്തിൽ ശശി തരൂരിന് തിരിച്ചടിയായത്.

തിരുവനന്തപുരത്തേത് പോലെ കോഴിക്കോട് സ്ഥാനാർഥിയായ എം കെ രാഘവനും വടകരയിലെ സ്ഥാനാർഥി കെ മുരളീധരനും പാർട്ടി നേതാക്കളുടെ നിസ്സഹകരണം ചൂണ്ടിക്കാട്ടി കെ പി സി സിയെ സമീപിച്ചിരുന്നു. കോഴിക്കോട്ട് നേതാക്കളുടെ നിസ്സഹകരണത്തോടൊപ്പം സ്ഥാനാർഥി ഉൾപ്പെട്ട ഒളിക്യാമറാ വിവാദവും കോൺഗ്രസിനെ പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ട്.
എന്നാൽ ഏറെ വിവാദത്തിന് ശേഷം സ്ഥാനാർഥി പ്രഖ്യാപനം നടന്ന വടകരയിൽ അപ്രതീക്ഷിമായി എത്തിയ മുരളീധരന് തുടക്കത്തിൽ ലഭിച്ചിരുന്ന സ്വീകാര്യതയും പ്രചാരണവും പിന്നീട് ലഭിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം കെ പി സി സി നേതൃത്വത്തെ സമീപിച്ചത്. ഇതിനിടെ നിർണായക പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയുള്ള അടിയൊഴുക്കുകൾ പരിഹരിക്കാൻ മുതിർന്ന സംസ്ഥാന നേതാക്കളെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് കെ പി സി സി നേതൃത്വം. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പ്രചാരണ ചുമതല പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ട് ഏറ്റെടുത്തപ്പോൾ കോഴിക്കോട്ടും വടകരയിലും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിയന്ത്രിക്കുന്നത്.

Latest