Connect with us

Gulf

വിവാദ നീക്കവുമായി വീണ്ടും ബി എല്‍ എസ്; പാസ്‌പോര്‍ട്ട് ഫോട്ടോയില്‍ സ്ത്രീകള്‍ ചെവി കാണിക്കണം

Published

|

Last Updated

അബുദാബി : പാസ്‌പോര്‍ട്ട് ഫോട്ടോയില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കുന്നത് അനുവദനീയമാണെങ്കിലും, ചെവി കാണിക്കണമെന്ന വിവാദ നിയമവുമായി വീണ്ടും സ്ഥാനപതി കാര്യാലയത്തിലെ പാസ്‌പോര്‍ട് സേവ കേന്ദ്രം ബി എല്‍ എസ്. ഒരു വര്‍ഷം മുമ്പാണ് പാസ്‌പോര്‍ട് ഫോട്ടോയില്‍ ചെവി കാണിക്കണം എന്ന നിയമം വിദേശ കാര്യാലയം കൊണ്ട് വന്നത്. എന്നാല്‍ മുസ്ലിം സ്ത്രീകള്‍ക്ക് മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍ ഇസ്‌ലാമിക ശരീഅത്ത് നിയമത്തില്‍ അനുവദിക്കുന്നില്ല. സാങ്കേതിക കാരണവും, വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതും ചെവി കാണിക്കണം എന്ന നിയമം നടപ്പാക്കാതെ മരവിപ്പിച്ചിരുന്നു.

നടപ്പാകാതിരുന്ന നിയമമാണ് അബുദാബി ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പാസ്‌പോര്‍ട്ട് സേവനം ചെയ്യുന്ന ബി എല്‍ എസ് വീണ്ടും കര്‍ശനമാക്കിയത്. കഴിഞ്ഞ ഒരു മാസം മുമ്പ് വരെ ഈ നിയമം നടപ്പാക്കിയിരുന്നില്ല. പാസ്‌പോര്‍ട്ട് പുതുക്കാന്‍ കഴിഞ്ഞ ദിവസം ബി എല്‍ എസ് സേവ കേന്ദ്രത്തില്‍ പോയ സ്ത്രീകളോടാണ് പിസ്‌പോര്‍ട്ട് ഫോട്ടോയില്‍ ചെവി കാണിക്കണം എന്ന് കര്‍ശനമായി പറഞ്ഞത്. ഫോട്ടോയില്‍ ചെവികാണിക്കുന്നത് ശരീഅത്ത് നിയമത്തിന് എതിരാണെന്ന് ബി എല്‍ എസ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചെങ്കിലും സ്ഥാനപതി കാര്യാലയത്തിലെ ഉത്തരവാണെന്നും നിര്‍ബന്ധമായും ചെവികാണിക്കണമെന്നും ബി എല്‍ എസ് ഉദ്യോഗസ്ഥര്‍ വാശിപിടിച്ചതായും പരാതിയുണ്ട്. ദുബൈ കോണ്‍സുലേറ്റിന് കീഴില്‍ ദുബൈയിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന ബി എല്‍ എസ് സേവ കേന്ദ്രങ്ങളിലും, യു എ ഇ ക്ക് പുറത്തുള്ള വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലും ചെവി കാണിക്കണമെന്ന നിയമം നടപ്പാക്കുന്നില്ല. എന്നാല്‍ സിഖ് വംശജരായ പുരുഷന്മാര്‍ ഫോട്ടോ എടുക്കുമ്പോള്‍ തലപ്പാവ് ധരിക്കുന്നതിന് പുറമെ ചെവി കാണിക്കേണ്ട ആവശ്യവുമില്ല. ശരീഅത്ത് നിയമത്തെ വെല്ലുവിളിക്കുന്നതും, എവിടേയും നടപ്പാകാത്തതുമായ നിയമം നടപ്പാക്കുന്നതില്‍ നിന്നും എംബസിയെ പിന്‍ന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അബുദാബിയിലെ വിവിധ സംഘടനകള്‍. വിവാദ നീക്കത്തില്‍ നിന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പിന്തിരിയണമെന്നാവശ്യപ്പെട്ട് ഐ സി എഫ് അബുദാബി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ അബുദാബി ഇന്ത്യന്‍ സ്ഥാനപതിക്ക് പരാതി നല്‍കി.