Connect with us

Kerala

ഇരട്ട നിലപാട് വിശദീകരിക്കാനാകാതെ ജമാഅത്തെ ഇസ്‌ലാമി

Published

|

Last Updated

സംഘ് പരിവാറിനെ പുറത്താക്കാൻ യു ഡി എഫിന് വോട്ടു ചെയ്യുക എന്നാവശ്യപ്പെട്ട് കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന ജമാഅത്തെ ഇസ്‌ലാമിയും അനുബന്ധ സംഘടനകളും ദേശീയ തലത്തിൽ കോൺഗ്രസിനെതിരെ മത്സരത്തിന്. ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ സ്വന്തം അണികൾക്ക് മുന്പിൽ പോലും ഈ ഇരട്ടത്താപ്പ് വിശദീകരിക്കാനാകാതെ നേതൃത്വം കുഴയുന്നു.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കീഴ്ഘടകങ്ങൾ സജീവമായ കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫിന് പൂർണ പിന്തുണ പ്രഖ്യാപിച്ച ജമാഅത്തെ ഇസ്‌ലാമി ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെയാണ് മത്സരിക്കുന്നത്. അതേസമയം ദേശീയ, പ്രാദേശിക തലങ്ങളിൽ വ്യത്യസ്ത മുന്നണികൾക്ക് പിന്തുണ നൽകുന്നത് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പുതുമയല്ലെങ്കിലും ഇതിനായി ജമാഅത്തെ ഇസ്‌ലാമി ഉന്നയിക്കുന്ന കാരണങ്ങളാണ് പാർട്ടിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത്.

സംഘ്പരിവാറിനെ അധികാരത്തിൽ നിന്ന് ഇറക്കാൻ നിലവിൽ രാഹുൽ ഗാന്ധിയുടെ കോൺഗ്രസിന് മാത്രമെ കഴിയൂവെന്നതിനാൽ ഇത്തരത്തിൽ മത്സരിച്ച് വോട്ട് ഭിന്നിപ്പിക്കുന്നതും സമയവും ഊർജവും പണവും പാഴാക്കുന്നതും ഒഴിവാക്കാനാണ് കോൺഗ്രസിന് പിന്തുണ നൽകുന്നതെന്നാണ് സംസ്ഥാന നേതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ഇതേ സാഹചര്യം നിലനിൽക്കുമ്പോഴാണ് വെൽഫെയർ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ കോൺഗ്രസിനെതിരെ നേരിട്ട് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പശ്ചിമബംഗാളിൽ ആറ് സീറ്റുകളിലും കേരളത്തിൽ ഏഴ് സീറ്റുകളിലും മഹാരാഷ്ട്രയിൽ മൂന്ന് സീറ്റുകളിലും തെലങ്കാനയും ഗുജറാത്തിലും ഓരോസീറ്റുകളിലും വെൽഫെയർ പാർട്ടിയെ മത്സരിപ്പിക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ആദ്യം തീരുമാനിച്ചത്. പിന്നീടാണ് കേരളത്തിൽ മത്സര രംഗത്ത് നിന്ന് പിൻമാറി കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫിന് പിന്തുണ നൽകിയത്. പശ്ചിമ ബംഗാളിലെ ജംഗിപ്പൂർ മണ്ഡലത്തിൽ വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോ. എസ് ക്യു ആർ ഇല്യാസ് മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണാബ്് മുഖർജിയുടെ മകൻ അഭിജിത് മുഖർജിക്കെതിരെയാണ് മത്സരിക്കുന്നത്.

മതേതര കക്ഷികൾ കടുത്ത മത്സരം നേരിടുന്ന ഇത്തരം മണ്ഡലങ്ങളിലും സംഘ്പരിവാറിനെ പുറത്താക്കൻ തന്നെയാണോ പാർട്ടിയുടെ നിലപാട് എന്നാണ് വിശദീകരണ യോഗങ്ങളിൽ അംഗങ്ങൾ ചോദിക്കുന്നത്. അതേസമയം വയനാട് രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റിൽ മുസ്‌ലിം പ്രാതിനിധ്യം നഷ്ടമാകുന്നത് സംബന്ധിച്ച് വിവിധ മുഖ്യധാരാ മുസ്‌ലിം സംഘടനകളിൽ നിന്ന് ഉൾപ്പെടെ ആശങ്കകൾ ഉയർന്നിരുന്നു. ഇക്കാര്യം കോൺഗ്രസ് നേതൃത്വം തന്നെ സമ്മതിക്കുകയും വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്ന് നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ വക്രീകരിച്ച് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തിനെതിരെ മുസ്‌ലിം സംഘടനകൾ രംഗത്ത് എന്ന പേരിൽ ജമാഅത്തേ ഇസ്‌ലാമിയുടെ മുഖപത്രത്തിൽ ഇരു വിഭാഗം സമസ്തകൾക്കെതിരെയും വാർത്ത നൽകുകയുണ്ടായി. ഇതേ പാർട്ടിയാണ് മുസ്‌ലിംകൾക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഉൾപ്പെടെ സ്ഥാനാർഥികളെ നിർത്തി ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള സാഹചര്യം ഒരുക്കി മത്സര രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
ബീഹാറിലെ ബെഗുസാരയിയിൽ ഇടതുസ്ഥാനാർഥിയായി ജെ എൻ യു സ്റ്റുഡന്റസ് യൂനിയൻ മുൻ ചെയർമാൻ കനയ്യ കുമാർ മത്സരിക്കുന്നതിനെതിരെ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന പ്രചാരണങ്ങൾ തങ്ങളുടെ തന്നെ ദേശീയ തലത്തിലെ കോൺഗ്രസ് വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്യുന്നതാണ്. മുസ്‌ലിംകൾക്കും ഭൂമിഹാർ വിഭാഗത്തിനും തുല്യ സ്വാധീനമുള്ള മണ്ഡലത്തിൽ ബി ജെ പിയുടെ കേന്ദ്രമന്ത്രിയും സിറ്റിംഗ് എം പിയുമായ ഗിരിരാജ് സിംഗും ആർ ജെ ഡി- കോൺഗ്രസ് സഖ്യസ്ഥാനാർഥിയായി തൻവീർ അഹ്‌മദും മത്സരിക്കുന്നുണ്ട്. ഇവിടെ കനയ്യകുമാർ മത്സരിക്കുന്നത് തൻവീർ അഹ്‌മദിന്റെ സാധ്യതയില്ലാതാക്കാനാണെന്നും ഇത് ഇടതുബ്രാഹ്മണിക്കൽ രാഷ്ട്രീയമാണെന്നുമാണ് ജമാഅത്തെ പ്രചരിപ്പിക്കുന്നത്.
അതേ സമയം ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയെ പൊതുവേദികളിൽ വെച്ച് സമ്മതിക്കുന്ന നിലപാടോ സമീപനമോ കൈക്കൊള്ളേണ്ട എന്നാണ് യു ഡി എഫ് തീരുമാനം.

ഇത് ദേശീയ തലത്തിൽ ഇപ്പോൾ തന്നെയും കേരളത്തിൽ ദീർഘകാലാടിസ്ഥാനത്തിലും തങ്ങൾക്ക് രാഷ്ട്രീയമായി ക്ഷീണം ചെയ്യും എന്നാണു നേതാക്കളുടെ വിലയിരുത്തൽ. മതേതര ഇന്ത്യ നിലനിൽക്കണമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും സംഘ്പരിവാറിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ ശക്തികളെ വിജയിപ്പിക്കണമെന്നും കേരളത്തിൽ പറയുന്ന വെൽഫയർ പാർട്ടി ഇതര സംസ്ഥാനങ്ങളിൽ കോൺഗ്രസിനെതിരെ മത്സരിക്കുന്നതെന്തിനെന്ന് വിശദീകരിക്കാനാകാതെ കുഴങ്ങുകയാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest