Connect with us

Articles

വിചാരണക്കെത്തുന്ന മൃദുഹിന്ദുത്വ വിചാരങ്ങൾ

Published

|

Last Updated

ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള സന്യാസി സഭയുടെ ദേശീയ നേതാവായ സ്വാമി ചിദാനന്ദപുരി ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 18 മണ്ഡലങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണ് തന്റെ അഭിപ്രായമെന്ന് തുറന്നു പറഞ്ഞിരിക്കുന്നു. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും യു ഡി എഫും ബി ജെ പിയെ പിന്തുണക്കണമെന്നും ചിദാനന്ദപുരി ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒമ്പതിന് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ചിദാനന്ദപുരിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

1991ലെ വടകര- ബേപ്പൂര്‍ മോഡല്‍ ഈ തിരഞ്ഞെടുപ്പിലും യു ഡി എഫും ബി ജെ പിയും ചേര്‍ന്ന് ആവര്‍ത്തിക്കുകയാണോ എന്നാണ് സംശയം. കോണ്‍ഗ്രസ്സിന്റെ സംഘ്പരിവാര്‍ ബാന്ധവത്തിന്റെ ചരിത്രാനുഭവങ്ങളെയും ഹിന്ദുത്വ പ്രീണന നയങ്ങളെയും പരിശോധനാ വിധേയമാക്കേണ്ടത് മതനിരപേക്ഷ ശക്തികളുടെ ഉത്തരവാദിത്വമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശക്തിയും ആര്‍ എസ് എസിന്റെ സാംസ്‌കാരിക ശക്തിയും ഒന്നിച്ചുചേരണമെന്ന ഗോള്‍വാള്‍ക്കറുടെ സ്വപ്‌നം രഹസ്യമായി പങ്കിട്ടവരായിരുന്നു വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. 1950കളില്‍ തന്നെ തങ്ങളുടെ ഹിന്ദുരാഷ്ട്ര പദ്ധതിക്ക് ഭീഷണിയാകുന്ന കമ്മ്യൂണിസ്റ്റ് ഇടതുപക്ഷത്തിന്റെ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസും ആര്‍ എസ് എസും യോജിച്ചുനില്‍ക്കണമെന്ന് കോണ്‍ഗ്രസിലെ സവര്‍ണഹിന്ദു നേതാക്കളോട് ഗോള്‍വാള്‍ക്കര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.

നെഹ്‌റു ജീവിച്ചിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകളെ വെല്ലുവിളിച്ചുകൊണ്ടാണ് കോണ്‍ഗ്രസിലെ മൃദുഹിന്ദുത്വവാദികള്‍ ആര്‍ എസ് എസിന്റെ അജന്‍ഡക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തത്. ദേശീയ സ്വാതന്ത്ര്യസമരത്തെ അസ്ഥിരീകരിക്കാനായി രൂപംകൊണ്ട ഹിന്ദുമഹാസഭയിലും ആര്‍ എസ് എസിലും പല കോണ്‍ഗ്രസ് നേതാക്കളും അംഗങ്ങളായിരുന്നു. എം എന്‍ റോയ് നിരീക്ഷിക്കുന്നതുപോലെ കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ എന്നും ആര്‍ എസ് എസിനോട് മുന്‍വിധികളോട് കൂടിയ മുസ്‌ലിംവിരുദ്ധ പൊതുവികാരം പങ്കുവെച്ചവരായിരുന്നു.

ഹിന്ദുരാഷ്ട്രവാദത്തെയും മുസ്‌ലിംരാഷ്ട്രവാദത്തെയും ശക്തമായി എതിര്‍ത്ത ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ക്ക് കൂടി മറുപടി നല്‍കിക്കൊണ്ടാണ് 1947ല്‍ മതനിരപേക്ഷതയെപ്പറ്റിയുള്ള തന്റെ വീക്ഷണം വ്യക്തമാക്കിയത്; “ഞാന്‍ വിഭാവനം ചെയ്യുന്നത് എല്ലാ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും നിലനില്‍ക്കുവാന്‍ പൂര്‍ണ സ്വാതന്ത്ര്യമുള്ള ഒരു ഇന്ത്യയാണ്. വിവിധ മതവിശ്വാസികള്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കണം. ഇന്ത്യ നാം ആഗ്രഹിക്കുന്നതുപോലെ മഹത്തായ ഒരു രാജ്യമാകുകയെന്നത് വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുകവഴിയാണ്.”
ഹിന്ദുമഹാസഭയുടെയും ആര്‍ എസ് എസിന്റെയും നേതാക്കള്‍ നെഹ്‌റുവിന്റെ മതനിരപേക്ഷതാവാദത്തിന് ഇന്ത്യയില്‍ പ്രസക്തിയില്ലെന്ന് നിരന്തരമായി പ്രചരിപ്പിച്ചിരുന്നു. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും മതസൗഹാര്‍ദ നിലപാടുകളെ ആര്‍ എസ് എസുകാരോട് ചേര്‍ന്ന് എതിര്‍ത്ത പാരമ്പര്യം കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. ഗാന്ധിവധത്തോടെ നിരോധിക്കപ്പെട്ട ആര്‍ എസ് എസിലെ അംഗങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കാന്‍ പാടില്ലെന്ന് എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. നെഹ്‌റുവിന്റെ നിര്‍ബന്ധപൂര്‍വമുള്ള ഇടപെടലുകളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റിയെ എത്തിച്ചത്. എന്നാല്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഈ തീരുമാനത്തില്‍ അസംതൃപ്തി പ്രകടിപ്പിക്കുകയും ആര്‍ എസ് എസുകാര്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം കൊടുക്കാന്‍ രഹസ്യനീക്കങ്ങള്‍ നടത്തുകയും ചെയ്തു. ഗാന്ധിഘാതകരുടെ സംഘടനയില്‍പ്പെട്ടവര്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം കൊടുക്കരുതെന്ന തീരുമാനത്തെ ഒരു വര്‍ഷം കൊണ്ട് ഇക്കൂട്ടര്‍ റദ്ദ് ചെയ്യിച്ചു. നെഹ്‌റു വിദേശ പര്യടനത്തിന് പോയ തക്കം നോക്കി ആര്‍ എസ് എസുകാര്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം കൊടുക്കാനുള്ള തീരുമാനം പുനഃസ്ഥാപിക്കുകയായിരുന്നു. 1949 നവംബര്‍ മാസത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ ഈ തീരുമാനത്തിനെതിരെ നെഹ്‌റു പൊട്ടിത്തെറിക്കുകയുണ്ടായി.

ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ രാജീവ് ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും സര്‍ക്കാറുകള്‍ വഹിച്ച ഹിന്ദുത്വാനുകൂലമായ നിലപാടുകള്‍ രാജ്യം വിവാദപരമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇന്ത്യയുടെ മതനിരപേക്ഷതയുടെ കുംഭഗോപുരങ്ങള്‍ തന്നെയാണ് ബാബരി മസ്ജിദ് തകര്‍ത്തതിലൂടെ സംഘ്പരിവാര്‍ നിലംപരിശാക്കിയത്. ഗാന്ധിവധത്തിനുശേഷം രാജ്യം ദര്‍ശിച്ച ഹീനമായ രാഷ്ട്രീയ ഉപജാപമാണ് 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ അരങ്ങേറിയത്. ഗാന്ധിജിയുടെ വധത്തിനുശേഷം ഹിന്ദുവര്‍ഗീയവാദികള്‍ രാഷ്ട്ര മനസ്സാക്ഷിക്കുനേരെ അഴിച്ചുവിട്ട ഹീനമായ ആക്രമണമായിരുന്നു അത്. ജനാധിപത്യവാദികളെ സംബന്ധിച്ചിടത്തോളം ഒരു ദേശീയ ദുരന്തവും അപമാനവുമായിട്ടേ ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ കാണാനാകൂ.

സ്വതന്ത്ര ഇന്ത്യയില്‍ ബാബരി മസ്ജിദ് തര്‍ക്കഭൂമിയായി കണ്ട് പൂട്ടിയിട്ടത് ഡല്‍ഹിയിലെയും യു പിയിലെയും കോണ്‍ഗ്രസ് സര്‍ക്കാറുകളാണ്. 1949 ഡിസംബര്‍ 22നാണല്ലോ ബാബരി മസ്ജിദിനുള്ളിലേക്ക് രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി വെച്ചതിനു ശേഷം വിഗ്രഹങ്ങള്‍ സ്വയംഭൂവായെന്ന് നുണപ്രചാരണം നടത്തിയത്. 400 വര്‍ഷത്തിലേറെക്കാലം അയോധ്യയിലെ മുസ്‌ലിംകള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന ഒരാരാധനാലയം കൈയടക്കാനുള്ള ഹിന്ദുത്വവാദികളുടെ ഈ നീക്കത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് കോണ്‍ഗ്രസിലെ മൃദുഹിന്ദുത്വ ശക്തികളായിരുന്നു.

അഖണ്ഡരാമായണ യജ്ഞത്തിന് സമാപനം കുറിച്ചുകൊണ്ട് പള്ളിക്കകത്തേക്ക് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തുന്നതിന് നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭാ നേതാക്കള്‍ യു പിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായിരുന്നു. ബാബാരാഘവദാസ്, ദ്വിഗ്‌വിജയ്‌നാഥ്, സ്വാമി സര്‍പത്‌നി തുടങ്ങിയ ഹിന്ദുമഹാസഭാ നേതാക്കളുടെ കാര്‍മികത്വത്തില്‍ നടന്ന അഖണ്ഡ രാമായണ പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ടാണ് പള്ളിക്കകത്തേക്ക് അതിക്രമിച്ചു കടന്നത്. ഇതിന് വേണ്ട എല്ലാ സഹായവും ഫൈസാബാദ് ജില്ലാ കലക്ടറായിരുന്ന കെ കെ നായരുടെ ഭാഗത്തുനിന്ന് ഹിന്ദുത്വവാദികള്‍ക്ക് ലഭിച്ചു. യു പിയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഗോവിന്ദ വല്ലഭഭായ്പന്തിന്റെ സഹായവും അനുഗ്രഹാശിസുകളും ഉദാരമായി തന്നെ ഈ കൊടും പാതകത്തിന് ഉണ്ടായിരുന്നു.

പള്ളിക്കകത്ത് സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്ത് സരയൂ നദിയുടെ പ്രവാഹഗതിയിലേക്ക് എറിഞ്ഞുകളയാനാണ് ഗോവിന്ദ് വല്ലഭഭായ്പന്തിനോട് വിവരമറിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റു ആവശ്യപ്പെട്ടത്. നെഹ്‌റുവിന്റെ അഭ്യര്‍ഥനകളെ ഹിന്ദുത്വവാദികള്‍ക്കു വേണ്ടി നിരസിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ ചെലവില്‍ പൂജ നടത്താന്‍ മസ്ജിദിനകത്ത് എല്ലാ സൗകര്യങ്ങളും ഹിന്ദുത്വവാദികള്‍ക്ക് ചെയ്തുകൊടുക്കുകയാണ് ഉണ്ടായത്. നെഹ്‌റു ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ഹിന്ദുത്വവാദികള്‍ക്ക് പാദസേവചെയ്ത കോണ്‍ഗ്രസ് നേതാക്കളുടെ പുതിയ തലമുറ ഗോവധമുള്‍പ്പടെയുള്ള ഹിന്ദുത്വ അജന്‍ഡയുടെ തുറന്ന വക്താക്കളായി പഴയപണി തുടരുന്നതാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികളുടെ ബാബരി മസ്ജിദ് നയത്തില്‍ പ്രതിഷേധിച്ച് അന്നത്തെ ഫൈസാബാദ് പാര്‍ലിമെന്റ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ആചാര്യ നരേന്ദ്രദേവ് എം പി സ്ഥാനം രാജിവെച്ച് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അദ്ദേഹം ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി. അദ്ദേഹത്തെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് ബാബരി മസ്ജിദിലേക്ക് വിഗ്രഹം ഒളിച്ചുകടത്തുന്നതിന് നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭക്കാരനായ ബാബാരാഘവദാസിനെ ആയിരുന്നു.

ബാബരി മസ്ജിദ് സംഭവത്തില്‍ യു പി സര്‍ക്കാറും കോണ്‍ഗ്രസും സ്വീകരിച്ച ഹീനമായ നീക്കങ്ങളില്‍ പ്രതിഷേധമുയര്‍ത്തി ഫൈസാബാദിലെ ഡി സി സി സെക്രട്ടറിയായിരുന്ന അക്ഷയബ്രഹ്മചാരി പരസ്യമായി രംഗത്തുവന്നു. ഹിന്ദുത്വശക്തികളും കോണ്‍ഗ്രസും നടത്തുന്ന ഈ വര്‍ഗീയ ഒത്തുകളി രാഷ്ട്രത്തെ നശിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസും യു പി സര്‍ക്കാറും വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങുന്നതിനെതിരെ അദ്ദേഹം നിരാഹാരസമരം ആരംഭിച്ചു.

ഹിന്ദുമഹാസഭക്കാരും കോണ്‍ഗ്രസുകാരും ചേര്‍ന്ന് ഫൈസാബാദിലെ അദ്ദേഹത്തിന്റെ ആശ്രമം അഗ്നിക്കിരയാക്കുകയായിരുന്നു. അതിനെതുടര്‍ന്ന് അദ്ദേഹത്തിന് ലക്‌നൗവിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഉടുതുണി പോലുമില്ലാതെ ആ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറിക്ക് മതഭ്രാന്തരായ സ്വന്തം അണികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടിപ്പോകേണ്ടിവന്നു.

1975ലെ അടിയന്തരാവസ്ഥക്കു ശേഷം കോണ്‍ഗ്രസ് ആസൂത്രിതമായി തന്നെ ഹിന്ദുകാര്‍ഡ് ഇറക്കിക്കളിക്കുകയായിരുന്നു. അടിയന്തരാവസ്ഥയുടെ രണ്ടാംഘട്ടം ആകുമ്പോഴേക്കും ഇന്ദിരാഗാന്ധി അമേരിക്കന്‍ അനുകൂല നിലപാടുകളിലേക്ക് നീങ്ങുന്നതാണ് കണ്ടത്. ലോക ബേങ്കിന്റെയും അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളുടെയും വ്യവസ്ഥകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വഴങ്ങി സമ്പദ്ഘടനയെ ഘടനാപരമായ ക്രമീകരണങ്ങള്‍ക്ക് വിധേയമാക്കാന്‍ ഇന്ദിരാ ഗാന്ധി നീക്കങ്ങള്‍ ആരംഭിച്ചു.
ഇതിനിടെ, ആര്‍ എസ് എസിനെതിരായ നിരോധനം പിന്‍വലിക്കണമെന്നും അവരെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ ആര്‍ എസ് എസ് മേധാവി ദേവറസ് ഇന്ദിരക്ക് കത്തയച്ചു. 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടായി. 1980ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചുവരികയും ചെയ്തു. ഒന്നാം ഐ എം എഫ് വായ്പയും പരസ്യമായ ഹിന്ദുത്വ നിലപാടുകളും സ്വീകരിച്ചുകൊണ്ട് ഇന്ദിരാ ഗാന്ധി വോട്ടുബേങ്ക് രാഷ്ട്രീയം കളിക്കുന്നതാണ് പിന്നീട് കണ്ടത്.

1984ല്‍ മഹാരാഷ്ട്രയിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശിവസേനയുമായി പരസ്യ സഖ്യമുണ്ടാക്കി. 1984ല്‍ ആര്‍ എസ് എസ് സ്ഥാപകദിനമായ വിജയദശമി ദിനത്തില്‍, കോണ്‍സ്രിന് ആര്‍ എസ് എസിനോട് വിരോധമില്ലെന്ന് ദേവറസ് പരസ്യമായ പ്രഖ്യാപനം നടത്തി. 1984ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജീവ്ഗാന്ധി അയോധ്യയില്‍ നിന്നാണ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. രാമരാജ്യ പ്രഖ്യാപനത്തോടെ ആരംഭിച്ച കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഹിന്ദുവോട്ട് ലക്ഷ്യമാക്കിയുള്ള പരസ്യമായ വര്‍ഗീയ പ്രചരണമാകുകയായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 48 ശതമാനം വോട്ടും 415 സീറ്റും കിട്ടി. ഇലക്‌ട്രോണിക്‌സ് യുഗത്തിലേക്ക് രാജ്യത്തെ നയിക്കുന്നുവെന്ന വ്യാജേന ദൂരദര്‍ശന്‍ ചാനലിലൂടെ രാജീവ് ഗാന്ധി സര്‍ക്കാര്‍ രാമായണം സീരിയല്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു.

1986 ഫെബ്രുവരി ഒന്നിന് ഒരു മുന്‍സിഫ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ അന്നത്തെ യു പിയിലെ എന്‍ ഡി തിവാരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍, തര്‍ക്കഭൂമിയായി പൂട്ടിയിട്ട പള്ളി ഹിന്ദുത്വശക്തികള്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചു. രാജീവ്ഗാന്ധി സര്‍ക്കാര്‍ തന്നെയായിരുന്നു 1989 നവംബര്‍ ഒമ്പതിന് സര്‍ക്കാര്‍ ഒത്താശയോടെ ശിലാന്യാസത്തിന് അനുമതി നല്‍കിയതും. 1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ക്കാനെത്തിയ കര്‍സേവകര്‍ക്ക് നരസിംഹറാവു സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തു.

വി പി സിംഗ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശയനുസരിച്ച് പിന്നാക്കജാതി വിഭാഗങ്ങള്‍ക്ക് 27ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ബി ജെ പിയും കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികളും ആ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കുത്സിത നീക്കങ്ങള്‍ നടത്തി. ഇങ്ങനെ, കോണ്‍ഗ്രസിന്റെ ഹിന്ദുത്വാനുകൂല നിലപാടുകള്‍ പലപ്പോഴും സംഘ്പരിവാറിന് ഊര്‍ജം പകര്‍ന്നു. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം ബി ജെ പി അധികാരം പിടിച്ചെടുക്കുകയായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ പശുവിന്റെ പേരിലുള്ള നരഹത്യകള്‍ക്കെതിരെ ദേശവ്യാപകമായി ഒരു പ്രക്ഷോഭം ഉയര്‍ത്താന്‍ പോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. മുഹമ്മദ് അഖ്‌ലാക്കിന്റെ മൃഗീയമായ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം കത്തിനില്‍ക്കുമ്പോഴാണ് എ ഐ സി സി വക്താവ് ദ്വിഗ്‌വിജയ്‌സിംഗ് ഗോവധ നിരോധന ആവശ്യവുമായി രംഗത്തുവന്നത്!

ഷിംലയില്‍ പശുക്കടത്തിന്റെ പേരില്‍ ന്യൂമാനെന്ന ചെറുപ്പക്കാരനെ തല്ലിക്കൊന്ന ആര്‍ എസ് എസുകാര്‍ക്കെതിരെ കേസെടുക്കാന്‍ മടിച്ചുനിന്നത് ഹിമാചല്‍പ്രദേശ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറാണ്. മധ്യപ്രദേശിലെ ബി ജെ പി ഭരണം അവസാനിപ്പിച്ച് അധികാരത്തില്‍വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പശുക്കടത്തിന്റെ പേരില്‍ അഞ്ച് മുസ്‌ലിം യുവാക്കളുടെ പേരില്‍ ദേശസുരക്ഷാനിയമം അനുസരിച്ചാണ് കേസ്സെടുത്തത്. എ ഐ സി സി സെക്രട്ടറി ഹരീഷ്‌റാവത്ത് രാമക്ഷേത്രം പണിയാന്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഗുലാംനബി ആസാദിനെയും അഹമ്മദ് പാട്ടേലിനെയും പോലുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ മുസ്‌ലിംകളായതുകൊണ്ട് തിരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ നിന്നുവരെ കൗശലപൂര്‍വം മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഹിന്ദുത്വ അജണ്ടയെ ഏറിയും കുറഞ്ഞും ഏറ്റെടുത്തും പ്രയോഗവത്കരിച്ചുമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്നത്.

ഭൂരിപക്ഷമത വോട്ടുബേങ്കുകളില്‍ കണ്ണുനട്ട് രാജ്യത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും അപകടപ്പെടുത്തുന്ന ഈ നീക്കങ്ങളെ ജനാധിപത്യവാദികള്‍ അതിശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്.

കെ ടി കുഞ്ഞിക്കണ്ണന്‍ • ktkozhikode@gmail.com

Latest