Connect with us

Ongoing News

ട്രോൾ മഴ പെയ്യിപ്പിച്ച് സ്മൃതി ഇറാനിയുടെ സത്യവാങ്മൂലം

Published

|

Last Updated

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചൂടിനിടെ ട്രോൾ മഴ പെയ്യിപ്പിച്ച് സ്മൃതി ഇറാനിയുടെ സത്യവാങ്മൂലം. അഞ്ച് വർഷക്കാലം ബിരുദത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ച കേന്ദ്ര മന്ത്രിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്.

അതിനിടെ, സ്മൃതിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദി രംഗത്തെത്തി. സ്മൃതി ഇറാനി പണ്ട് അഭിനയിച്ച സീരിയൽ “ക്യൂൻകി സാസ് ഭീ കഭീ ബഹൂ ഥീ”യുടെ ടൈറ്റിൽ ഗാനത്തിന്റെ പാരഡി പാടിയായിരുന്നു പ്രിയങ്കാ ചതുർവേദിയുടെ പരിഹാസം. സ്മൃതി ഇറാനി അഭിനയിക്കുന്ന ഒരു പുതിയ സീരിയൽ വരുന്നുണ്ടെന്നും ഡൽഹിയിലെ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രിയങ്ക പരിഹസിച്ചു. “ക്യൂൻകി മന്ത്രീജി ഭീ കഭീ ഗ്രാജ്വേറ്റ് ഥീ” എന്നാണ് സീരിയലിന്റെ പേര് (കാരണം, മന്ത്രീജിയും ഒരിക്കൽ ബിരുദധാരിയായിരുന്നു) എന്ന് പ്രിയങ്ക പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വ്യാജ രേഖകൾ സമർപ്പിച്ചും പരസ്പരവിരുദ്ധമായ സത്യവാങ്മൂലങ്ങൾ നൽകിയും സ്മൃതിയെ അയോഗ്യയാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, തന്നെ അപമാനിക്കുന്നത് രാഹുൽ ഗാന്ധിയെ സംരക്ഷിക്കാനാണെന്നും വിവാദം കോൺഗ്രസ് നിർമിതമാണെന്നും സ്മൃതി പ്രതികരിച്ചു.
1991ൽ സെക്കൻഡറി വിദ്യാഭ്യാസവും 1993 സീനിയർ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയെന്നാണ് കഴിഞ്ഞ ദിവസത്തെ സത്യവാങ്മൂലത്തിൽ പറയുന്നത്. 1994ൽ ഡൽഹി യൂനിവേഴ്സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബി കോം ബിരുദ കോഴ്സിന് ചേർന്നെങ്കിലും അത് പൂർത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

മോദി സർക്കാർ അധികാരമേറ്റപ്പോൾ സ്മൃതിക്ക് പ്രധാന വകുപ്പായ മാനവവിഭവ ശേഷി വകുപ്പിന്റെ മന്ത്രിയായിരുന്നു. എന്നാൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അടക്കം നിയന്ത്രണമുള്ള വകുപ്പിന്റെ മന്ത്രിക്ക് ബിരുദം പോലുമില്ലെന്ന് അന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യത്യസ്തമായ സത്യവാങ്മൂലങ്ങളാണ് സ്മൃതി ഇതുവരെ നൽകി വന്നത്. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയായിരിക്കെ ഒരു ചടങ്ങിൽ പ്രസംഗിക്കവെ തനിക്ക് അമേരിക്കയിലെ യേൽ യൂനിവേഴ്സിറ്റിയിൽനിന്നുള്ള ബിരുദമുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ എന്തുകൊണ്ട് ഇക്കാര്യം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് സ്മൃതിക്ക് ഉത്തരമില്ലായിരുന്നു. ലോകപ്രശസ്ത യേൽ യൂനിവേഴ്സിറ്റിയുടെ ആറുദിവസത്തെ റിഫ്രഷ് കോഴ്സിനെ ബിരുദമായി ചിത്രീകരിച്ച ഇറാനിയുടെ നടപടി സോഷ്യൽമീഡിയയുടെ പരിഹാസ ത്തിനിടയാക്കിയിരുന്നു. നരേന്ദ്രമോദി മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗമായ സ്മൃതി ഇറാനി, രാഹുൽ ഗാന്ധിക്കെതിരെ പരാജയപ്പെട്ടിരുന്നുവെങ്കിലും രാജ്യസഭ വഴിയാണ് പാർലമെന്റിലെത്തിയതും മന്ത്രിസഭയിൽ അംഗമായതും.

4.71 കോടി രൂപ ആസ്തിയുണ്ടെന്നും കഴിഞ്ഞ ദിവസം പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ അവർ വ്യക്തമാക്കി. 1.75 കോടിയുടെ ജംഗമസ്വത്തും 2.96 കോടിയുടെ സ്ഥാവര സ്വത്തുമാണ് മന്ത്രിക്കുള്ളത്. ഇതിൽ 1.45 കോടിയുടെ കൃഷിഭൂമിയും 1.50 കോടിയുടെ പാർപ്പിടവും ഉൾപ്പെട്ടിട്ടുണ്ട്. കൈയിൽ പണമായുള്ളത് 6.24 ലക്ഷം രൂപയും ബേങ്ക്് അക്കൗണ്ടുകളിൽ 89 ലക്ഷം രൂപയുമുണ്ട്. 1.05 ലക്ഷം രൂപയുടെ മറ്റൊരു നിക്ഷേപവും 13.14 ലക്ഷം രൂപയുടെ വാഹനവും സ്മൃതിക്കുണ്ട്. 21 ലക്ഷത്തിന്റെ ആഭരണങ്ങളും സ്വന്തം പേരിലുണ്ട്.

Latest