ഇതാ വരുന്നു ആനവണ്ടി അര്‍ജന്റ്!

നാണു ആയഞ്ചേരി
Posted on: April 12, 2019 10:57 am | Last updated: April 13, 2019 at 11:00 am

കോമഡി ഷോയാണ് ഇഷ്ടം. അല്ലെങ്കില്‍ ചിരിപ്പടം. ഓരോരോ കളി കണ്ട് ചിരിക്കാമല്ലോ. മുമ്പ് സീരിയലിലായിരുന്നു. കരഞ്ഞു കരഞ്ഞ് മടുത്തപ്പോള്‍ കോമഡിയിലേക്കായി.
ഞാനും കോമഡിക്കാരനാ. പണ്ട് ചായക്കടേലിരുന്നാല്‍ ഉച്ചവരെ ചിരിക്കാമായിരുന്നു. ഒന്നാന്തരം നാടന്‍ തമാശകള്‍.
ഇപ്പോള്‍ കോമഡി ഷോ വിട്ടു. അവരുടെ കളി കണ്ടുകണ്ട് കരച്ചിലാ വരുന്നത്. തിരഞ്ഞെടുപ്പ് കാലമല്ലേ ഇപ്പോള്‍. പ്രകടന പത്രിക വായിച്ചാല്‍ മതി. താനേ ചിരി വരും.
പറഞ്ഞത് ശരിയാ. പട്ടിണി മാറ്റും, ദാരിദ്ര്യം തുടച്ചുമാറ്റും. വീടില്ലാത്തവര്‍ക്ക് വീട്, കര്‍ഷകര്‍ക്ക് കാശ്…പൊട്ടിച്ചിരിക്കാന്‍ വേറെന്തു വേണം?

ഇതൊക്കെ പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കുറെ പാര്‍ട്ടിക്കാര് പത്രിക ഇറക്കിയിട്ടുണ്ട്. വായിച്ചു രസിക്കാം. ഇതൊക്കെ ചെയ്ത് കഴിഞ്ഞാല്‍ നാട്ടില്‍ പ്രശ്‌നമൊന്നും ബാക്കി കാണില്ല. എന്തെങ്കിലുമൊന്ന് കാട്ടിക്കൂട്ടും. അടുത്ത തവണ ഇറക്കും അതേ വാഗ്ദാനങ്ങള്‍…
നാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ഇറക്കിയ പ്രകടന പത്രികയില്‍ കല്ലായ്പ്പുഴ കടലാക്കും, അറബിക്കടലിന് കുറുകെ പാലം കെട്ടും, ആകാശത്തിന് പന്തലിടും എന്നൊക്കെയായിരുന്നു. അത് കേട്ട് ആളുകള്‍ ചിരിച്ചു.
നാലഞ്ചു തിരഞ്ഞെടുപ്പുകാലത്തിറക്കിയ പ്രകടന പത്രികകള്‍ വായിച്ചാല്‍ ചിരി തീരില്ല. മുഴുനീള കോമഡി. പത്തിരുപത് എപ്പിസോഡിന് അതു മതി.

പ്രകടന പത്രിക തയ്യാറാക്കുമ്പോള്‍ നേതാവ് പറഞ്ഞിരുന്നു പോലും, നാലഞ്ച് കോപ്പി ലോക്കറില്‍ സൂക്ഷിക്കണമെന്ന്! അടുത്ത തിരഞ്ഞെടുപ്പിന് എടുക്കാമല്ലോ. ഒന്ന് മിനുക്കിയാല്‍ മതിയല്ലോ.

ചിരിക്കാന്‍ വേറെയും വകയുണ്ട്, കേട്ടോ. സര്‍വേക്കാര് ഇറങ്ങിയിട്ടുണ്ട്. അവര് പ്രവചിച്ചുകളയും. അയ്യായിരം വോട്ടര്‍മാരെ കണ്ട് ലക്ഷം വോട്ടര്‍മാരുടെ മനസ്സിലിരിപ്പ് പിടിച്ചെടുക്കും. വല്ലാത്ത പഹയന്‍മാര്…
തെറ്റിയാലും കുഴപ്പമില്ല, പിന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ ഇറങ്ങിയാല്‍ മതിയല്ലോ.. ആരും സംശയിക്കില്ല.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രവചനവും വായിച്ചാല്‍ നാല് ദിവസം ചിരിക്കാനുള്ള വകയുണ്ടാകും. എല്ലാമെടുത്ത് വെച്ചോ.

അന്നത്തെ കുറത്തിമാരും കൈനോട്ടക്കാരുമാണ് ഇന്നത്തെ എക്‌സിറ്റ് പോളുകാരും സര്‍വേക്കാരും.
ഇനിയൊരു കാര്യം കൂടിയുണ്ട്. ഇലക്ഷന്‍ അര്‍ജന്റ് എന്ന ബോര്‍ഡുമായി വണ്ടി ഇറങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലിക്കായി വരുന്ന ഉദ്യോഗസ്ഥരാണ്. രാപ്പകലില്ലാതെ, അവധി ദിനങ്ങളില്ലാതെ നെട്ടോട്ടമാണ്…
തിരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്താനാണ് അവരുടെ ഈ നെട്ടോട്ടം. പൊതുസ്ഥലത്ത് ബോര്‍ഡും ബാനറും ഉണ്ടെങ്കില്‍ അഴിച്ചുമാറ്റും, പ്രചാരണ പരിപാടികള്‍ വീഡിയോയില്‍ പകര്‍ത്തും….

ഇതിനുപുറമെ നിരീക്ഷകന്‍മാര്‍ വരും, കണ്ണിലെണ്ണയൊഴിച്ച് നിരീക്ഷിക്കും, ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് നോക്കും, വോട്ടെണ്ണുന്നത് വരെ എണ്ണയിട്ട യന്ത്രം പോലെ…
തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ ആവേശം ഉണ്ടേല്‍ നന്നായിരുന്നു. പിന്നെയല്ലേ, വികസനം നടക്കേണ്ടത്. ദേശീയപാത വികസനം, എത്ര കാലമായി മുടന്തുന്നു, നല്ല നാല് നിരീക്ഷകന്‍മാര്‍ ഉണ്ടെങ്കില്‍ പണി പണ്ടേ തീര്‍ന്നേനേ…
ഒരുപാട് പദ്ധതികളുണ്ട്, അതില്‍ പലതും ജനങ്ങളിലെത്തുന്നില്ല. ആദിവാസികള്‍ക്കായി എത്ര കോടികളാ ചെലവാക്കുന്നത്. അവരിപ്പോഴും ആദിവാസികള്‍ തന്നെ. ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് കാലത്തുള്ള ആവേശം ഇതൊക്കെ നോക്കിനടത്താനും ഉണ്ടെങ്കില്‍ നന്നായിരുന്നു.

അപ്പോള്‍ പുതിയ വണ്ടികള്‍ വരും. ജീവനക്കാരുടെ ഹാജര്‍ പരിശോധിക്കാന്‍ നിരീക്ഷകനെത്തുന്നു, ഹാജര്‍ അര്‍ജന്റ് ബോര്‍ഡുള്ള വണ്ടിയുമായി. പിന്നെ കാലിയായ കസേര കാണുമോ, മാഷേ..?
കുടിവെള്ളമെത്താത്ത മേഖലയിലെ വണ്ടി ഇങ്ങനെ, വാട്ടര്‍ അര്‍ജന്റ്, കൃഷിക്കാര്യം നോക്കാന്‍ അഗ്രിക്കള്‍ച്ചര്‍ അര്‍ജന്റ്… നല്ല നിരീക്ഷകന്‍മാരുണ്ടെങ്കില്‍ നമ്മുടെ ആനവണ്ടിയും നന്നാകും. ആനവണ്ടി അര്‍ജന്റ്!