Connect with us

Kerala

അഴിമതിയുടെ കാര്യത്തില്‍ യു ഡി എഫും എല്‍ ഡി എഫും മത്സരിക്കുന്നു: മോദി

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ ജനങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ബി ജെ പി പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച വിഷയം സുപ്രീം കോടതി മുമ്പാകെ വെക്കുമെന്നും കോഴിക്കോട്ട് എന്‍ ഡി എ റാലിയില്‍ പ്രസംഗിക്കവെ മോദി പറഞ്ഞു. കോടതി വിധി ഉയര്‍ത്തിപ്പിടിച്ച് ചില ശക്തികള്‍ ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമം നടത്തി. കേരളത്തിലെ ആചാരങ്ങള്‍ തകര്‍ക്കാമെന്ന് യു ഡി എഫും എല്‍ ഡി എഫും കരുതുന്നുവെങ്കില്‍ അവര്‍ക്കു തെറ്റുപറ്റിയിരിക്കുന്നു. ബി ജെ പി ഇവിടെ ഉള്ളിടത്തോളം അവര്‍ക്ക് അതിനു കഴിയില്ല. ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി ബി ജെ പി പോരാടും.

എല്‍ ഡി എഫും യു ഡി എഫും അഴിമതിയുടെ കാര്യത്തില്‍ മത്സരിക്കുകയാണെന്നും മോദി പറഞ്ഞു. പേരില്‍ മാത്രമെ ഇവര്‍ തമ്മില്‍ വ്യത്യാസമുള്ളൂ. അഴിമതിയും ക്രമക്കേടുകളും നടത്തിയതിനെ തുടര്‍ന്ന് 2016 മുതല്‍ എത്ര മന്ത്രിമാര്‍ക്കു രാജിവെച്ചൊഴിയേണ്ടി വന്നുവെന്നത് ഇതു വ്യക്തമാക്കുന്നു. ഭൂമി കയ്യേറ്റക്കാരാണ് ഇരു മുന്നണികളും. കോഴിക്കോട് കോംട്രസ്റ്റിലെ തൊഴിലാളികള്‍ക്ക് നീതി ലഭ്യമാക്കാത്തതും മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്തതും സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടാണ്. വികസന കാര്യങ്ങളില്‍ നിര്‍ജീവമായ സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. കേരളത്തില്‍ ഇക്കുറി ത്രിപുര ആവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.

മധ്യപ്രദേശില്‍ കോടികളുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം ചെന്നെത്തിയത് തുഗ്ലക് റോഡില്‍ താമസിക്കുന്ന ഉന്നത കോണ്‍ഗ്രസ് നേതാവിലേക്കാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന റെയ്ഡുകളില്‍ നോട്ടുകെട്ടുകള്‍ പിടികൂടുകയാണ്. ജനങ്ങള്‍ക്കായി ചെലവിടേണ്ട പണമാണ് കൊള്ളയടിക്കുന്നത്. ബി ജെ പി മുന്നോട്ടു വെക്കുന്നത് ബദല്‍ രാഷ്ട്രീയമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Latest