Connect with us

Alappuzha

മാവേലിക്കര ആരെ കര കയറ്റും

Published

|

Last Updated

ചിറ്റയം ഗോപകുമാർ, കൊടിക്കുന്നിൽ സുരേഷ്, തഴവ വാസുദേവൻ

മഹാപ്രളയം സർവനാശം വിതച്ച കുട്ടനാടും ചെങ്ങന്നൂരും ശബരിമല ഇടത്താവള മേഖലയുമൊക്കെ ഉൾക്കൊള്ളുന്ന സംവരണ മണ്ഡലമായ മാവേലിക്കരയിൽ എം പിയും എം എൽ എയും നേർക്കുനേർ മത്സരിക്കുമ്പോൾ ആരെ കര കയറ്റുമെന്ന കാര്യത്തിൽ വോട്ടർമാർ ആശയക്കുഴപ്പത്തിലാണ്. സിറ്റിംഗ് എം പി, കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷും അടൂർ എം എൽ എ, സി പി ഐയിലെ ചിറ്റയം ഗോപകുമാറും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സർവേ ഫലങ്ങൾ പോലും മാറിമറിയുന്ന കാഴ്ചയാണ്. ശബരിമലയുടെ ഇടത്താവളമായ ചെങ്ങന്നൂർ ഉൾപ്പെട്ട പ്രദേശമെന്ന നിലയിൽ എൻ ഡി എയും ഇവിടെ നല്ല മത്സരമാണ് കാഴ്ചവെക്കുന്നത്.

ബി ഡി ജെ എസിലെ തഴവ വാസുദേവനാണ് ഇവിടെ എൻ ഡി എ സ്ഥാനാർഥി. സംസ്ഥാനത്താകെ ഇടതുമുന്നണി പ്രയോഗിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തിയത് തന്നെ, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലാണെന്നിരിക്കെ അതിലെ വൻ വിജയവും മാവേലിക്കരയിൽ മുന്നണിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

തുടർച്ചയായി രണ്ട് തവണ മാവേലിക്കരയെ പ്രതിനിധീകരിക്കുന്ന കൊടിക്കുന്നിൽ ഇത്തവണ ഹാട്രിക് വിജയത്തിന്റെ പ്രതീക്ഷയിലാണ്. യു പി എ സർക്കാറിലെ തൊഴിൽ സഹമന്ത്രിയെന്ന നിലയിൽ പരമ്പരാഗത, ചെറുകിട വ്യവസായ മേഖലയിലെ തൊഴിലാളികൾക്കായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയതായി അവകാശപ്പെടുന്ന കൊടിക്കുന്നിൽ ഇതെല്ലാം തന്നെ ഉയർത്തിക്കാട്ടിയാണ് വോട്ട് അഭ്യർഥിക്കുന്നത്. മാവേലിക്കരയിൽ ഇ എസ് ഐ മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയതും നൂറനാട്ട് ഇന്തോ- ടിബറ്റൻ ബോർഡർ ഫോഴ്‌സിന്റെ ആസ്ഥാനം ആരംഭിച്ചതുമെല്ലാം താൻ മുൻകൈയെടുത്ത് നടപ്പാക്കിയ വികസന പദ്ധതികളുടെ കൂട്ടത്തിൽ കൊടിക്കുന്നിൽ എണ്ണിപ്പറയുന്നു. കുട്ടനാട് പാക്കേജ് നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളും പ്രളയ കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതുമെല്ലാം നേട്ടങ്ങളുടെ പട്ടികയിൽപ്പെടുത്തി വോട്ട് ചോദിക്കുന്ന കൊടിക്കുന്നിൽ ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിലയുറപ്പിച്ചതും ഇതുമായി ബന്ധപ്പെട്ട സമര പരിപാടികൾക്ക് നേതൃത്വപരമായി പങ്കു വഹിച്ചതുമെല്ലാം വോട്ടായി മാറുമെന്ന വിശ്വാസത്തിലാണ്. മണ്ഡലത്തിലെ പ്രമുഖ സമുദായ സംഘടനകളുമായെല്ലാം നല്ല ബന്ധം വെച്ചു പുലർത്തുന്നതും തനിക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് കണക്കു കൂട്ടുന്നത്.

എന്നാൽ ഇടതുമുന്നണി സ്ഥാനാർഥി ചിറ്റയം ഗോപകുമാറിനും ഇടതുമുന്നണിക്കും മാവേലിക്കര വികസനമുരടിപ്പ് എണ്ണിയെണ്ണി പറയാനുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പാർലിമെന്റംഗമായി തുടരുന്ന കൊടിക്കുന്നിലിന് മാവേലിക്കരയുടെ വികസനത്തിനായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. കേന്ദ്രത്തിൽ യാതൊരു സ്വാധീനവുമില്ലാതിരുന്നിട്ടും ഇടതുപക്ഷ എം പിമാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി മാവേലിക്കര എം പി ഈ വിഷയത്തിൽ തികഞ്ഞ പരാജയമായിരുന്നെന്നും ചിറ്റയവും ഇടതുമുന്നണിയും വോട്ടർമാർക്ക് മുന്നിൽ അക്കമിട്ട് നിരത്തുന്നു. നിർണായക ഘട്ടത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥിരമായ മത നിരപേക്ഷ നിലപാടുള്ള ഇടതുമുന്നണിയെ തന്നെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ നടത്തുന്ന പ്രചാരണ പ്രസംഗങ്ങളിൽ വോട്ടർമാരെ ബോധ്യപ്പെടുത്തുന്നു.

മഹാപ്രളയം തകർത്ത കുട്ടനാടൻ ജനതക്ക് കൈത്താങ്ങാകുകയും അവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത സംസ്ഥാന സർക്കാറിന്റെ ഇടപെടലുകൾ അനുഭവിച്ചറിഞ്ഞ മേഖലയിലെ വോട്ടർമാർ ഇടതുമുന്നണിയെ ഒരു നിലക്കും കൈവിടില്ലെന്ന് ഇടുതുമുന്നണിയും കണക്കു കൂട്ടുന്നു. പ്രളയ കാലത്ത് കാര്യമായ സഹായങ്ങളെത്തിക്കുന്നതിൽ സ്ഥലം എം പി തികഞ്ഞ പരാജയമായിരുന്നെന്നും കുട്ടനാട് പാക്കേജ് യു പി എ സർക്കാറിന്റെ കാലത്ത് പോലും നേരാംവണ്ണം നടത്തുന്നതിലും എം പി യുടെ ഇടപെടൽ വൻ തിരിച്ചടിയാണുണ്ടാക്കിയതെന്നും അക്കമിട്ടു ആരോപണങ്ങൾ നിരത്തിയാണ് കൊടിക്കുന്നിലിനെ ഇടതുമുന്നണി പ്രതിരോധിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറയാൻ നേതാക്കളുടെയും മന്ത്രിമാരുടെയും വൻ പട തന്നെ പ്രചാരണത്തിനെത്തുന്നുവെന്നതും ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നതാണ്. എല്ലാവർക്കും പ്രാപ്യമായ സാധാരണ കുടുംബത്തിൽ നിന്നെത്തിയ ചിറ്റയത്തിന്റെ ഇടപെടലുകളും അടൂരിലുണ്ടാക്കിയ വികസന മുന്നേറ്റങ്ങളും ഇടതുമുന്നണി എണ്ണിപ്പറയുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ വൻ വിജയം നൽകുന്ന കരുത്തും ഇടതുമുന്നണിക്ക് മുതൽകൂട്ടാണ്.

ഇരു മുന്നണികളെയും പ്രതിരോധിക്കാൻ തക്ക വിഷയങ്ങളുയർത്തിയാണ് എൻ ഡി എയിലെ തഴവാ വാസുദേവൻ വോട്ട് അഭ്യർഥിക്കുന്നത്.വിശ്വാസി സമൂഹത്തോടൊപ്പം ആദ്യാവസാനം നിന്ന എൻ എസ് എസിന്റെയും ബി ഡി ജെ എസിന് ബീജാവാപം നൽകിയ എസ് എൻ ഡി പിയുടെയും വോട്ടുകൾ ഒരുപോലെ അനുകൂലമാക്കാമെന്നാണ് ഹിന്ദുഐക്യവേദി നേതാവ് കൂടിയായ തഴവ വാസുദേവനും എൻ ഡി എ നേതൃത്വവും കണക്കു കൂട്ടുന്നത്.

സ്വതന്ത്രന്മാരുൾപ്പെടെ ആകെ പത്ത് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 13,07,801 വോട്ടർമാരാണ് മാവേലിക്കര മണ്ഡലത്തിലുള്ളത്.

1977 മുതൽ 2009 വരെയുള്ള പത്ത് തിരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മാത്രമാണ് മാവേലിക്കര ഇടതിനൊപ്പം നിന്നത്. 2009ലെ തിരഞ്ഞെടുപ്പോടെ സംവരണ മണ്ഡലമായി മാറി.അന്ന് മുതൽ രണ്ട് തവണ തുടർച്ചയായി കൊടിക്കുന്നിൽ സുരേഷാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 32737 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൊടിക്കുന്നിൽ ഇവിടെ വിജയിച്ചത്.എന്നാൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും എൽ ഡി എഫ് വൻ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്.കോട്ടയം ജില്ലയിലെ ചങ്ങനാശേരി നിയമസഭാ മണ്ഡലവും ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട് മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് മാവേലിക്കര ലോകസഭാ മണ്ഡലം. ഇതിൽ ചങ്ങനാശ്ശേരി ഒഴികെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളും ഇടതിനൊപ്പമാണ്.

Latest