Connect with us

Malappuram

പ്രചാരണത്തിന് പേപ്പർ പേന നിർമിച്ച് റബീഹും റാഹിനയും

Published

|

Last Updated

റബീഹും റാഹിനയും തങ്ങൾ നിർമിച്ച പേപ്പർ പേനയുമായി

പേന ഉപയോഗിക്കുമ്പോൾ സ്വന്തം സ്ഥാനാർഥിയുടെ പേരും ചിഹ്നവും വേണോ? പ്രചാരണത്തിന് ചൂടുപിടിക്കാൻ സ്ഥാനാർഥികളുടെ പേരും ചിഹ്നവും സ്റ്റിക്കർ ഒട്ടിച്ച് പേപ്പർ പേന നിർമിച്ചു നൽകുകയാണ് ഭിന്ന ശേഷിക്കാരായ സഹോദരങ്ങളായ റബീഹും റാഹിനയും. പ്രചാരണത്തിന് മാത്രമല്ല, പേപ്പർ പേന നിർമാണം ഇവർക്കൊരു അതിജീവനത്തിന്റെ വഴി കൂടിയാണ്. പ്രചാരണത്തിന് പുതിയ മാതൃക സൃഷ്ടിക്കുന്നത് ജീവിതത്തിന്റെ നിത്യ ചെലവ് കണ്ടെത്താൻ കൂടിയാണ്. ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് കർമ മണ്ഡലത്തിൽ സജീവമാണ് 24കാരനായ റബീഹും 23 കരിയായ റാഹിനയും. നടക്കാൻ പോലും കഴിയാത്ത ഇവർ വീൽചെയറിലാണ് സഞ്ചരിക്കുന്നത്. മുട്ടുക്കുത്തി ഇരുന്നാണ് പേപ്പർ പേന നിർമിക്കുന്നത്.
രാഷ്ട്രീയ പാർട്ടികളുടെ ഓർഡർ കിട്ടുന്നതിനനുസരിച്ച് വീട്ടിൽ നിന്ന് തന്നെയാണ് പേന നിർമിക്കുക. ദിവസേന അമ്പതോളം പേനകൾ രണ്ട് പേരും നിർമിക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരുന്നതിന് മാത്രമല്ല, പ്രകൃതിക്കും മണ്ണിനും ദോഷമില്ലാത്ത രൂപത്തിൽ പേന നിർമിക്കുക എന്ന ലക്ഷ്യവും ഇവർക്കുണ്ട്.
ഇപ്പോൾ പേനകളെല്ലാം പ്ലാസ്റ്റിക്ക് കൊണ്ടാണ് നിർമിക്കുന്നത്. ഇത് ഭൂമിയിൽ നശിക്കാതെ കിടക്കുകയാണ്. എന്നാൽ ഇവർ നിർമിക്കുന്ന പേപ്പർ പേന പുതിയ മാതൃക തീർക്കുകയാണ്. പേപ്പർ പേന മണ്ണിൽ ലയിക്കും. മാത്രമല്ല പേനയുടെ ടോപ്പിൽ സ്ഥാപിച്ചിട്ടുള്ള പച്ചക്കറി വിത്ത് മണ്ണിൽ മുളക്കുകയും ചെയ്യും.

സ്‌കൂൾ മുറ്റം പോലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത ഭിന്നശേഷിക്കാരായ ഇവർക്ക് പുഴക്കാട്ടിരി സഫാ കോളജിലെ വിദ്യാർഥികൾ വീട്ടിലെത്തിയാണ് എഴുത്തും വായനയുമെല്ലാം പഠിപ്പിച്ചത്. പേന നിർമാണത്തിൽ പരിശീലനവും അവർ നൽകി. ഇവർ നിർമിക്കുന്ന പേപ്പർ പേനകൾ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട് ഈ കൂട്ടുകാർ. പേപ്പർ പേനകൾക്ക് പുറമേ പെൻ സ്റ്റാൻഡുകളും പേപ്പർ കൊണ്ട് കര കൗശല വസ്തുക്കളും ഇവർ നിർമിക്കും. വർണങ്ങൾ ചാർത്തി ചിത്രരചനാ പാടവമുണ്ട്. ഇനി ഗ്ലാസ് പെയ്ന്റിംഗ് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് റബീഹും റാഹിനയും. വളാഞ്ചേരി അത്തിപ്പറ്റ ശിഹാബ് – ഖദീജ ദമ്പതികളുടെ മക്കളാണ്.

---- facebook comment plugin here -----

Latest